ദൈവാശ്രയം: പ്രശ്നങ്ങളെ സധൈര്യം നേരിടാന്‍ പ്രാപ്തരാക്കുന്നു::Syro Malabar News Updates ദൈവാശ്രയം: പ്രശ്നങ്ങളെ സധൈര്യം നേരിടാന്‍ പ്രാപ്തരാക്കുന്നു
28-February,2017

നീലാംബരം മേലാപ്പു ചാര്‍ത്തിയ ഒരു ദിനമായിരുന്നു റോമാനഗരത്തില്‍ ഈ ഞായറാഴ്ചയും (26/02/17). ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ അന്ന് വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുന്നതിനും പാപ്പായുടെ ആശീര്‍വ്വാദം സ്വീകരിക്കുന്നതുനുമായി വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കുയു‌ടെ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. ത്രികാല ജപം നയിക്കുന്നതിനായി, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30 ന്, പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായി. വിശ്വാസികള്‍ കയ്യടിയോടെയും ആനന്ദാരവങ്ങളോടെയും പാപ്പായ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കില്‍, അങ്കണത്തിന്‍റെ വലത്തുഭാഗത്തെ സ്തംഭാവലിക്ക് പിന്നിലായി കാണപ്പെടുന്ന അരമനക്കെട്ടിടസമുച്ചയത്തിന്‍റെ ഒരുഭാഗത്തിന്‍റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പത്തു ജാലകങ്ങളില്‍ വലത്തു നിന്നു രണ്ടാമത്തെതാണ് പാപ്പാ ഞായറാഴ്ചകളില്‍ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുന്ന ജനല്‍. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യക്ഷനായ പാപ്പാ ത്രികാലപ്രാര്‍ത്ഥന നയിക്കുന്നതിനു മുമ്പ്, പതിവുപോലെ, ഒരു സന്ദേശം നല്കി. ഈ ഞായറാഴ്ച (26/02/17) ലത്തീന്‍ റീത്തിന്‍റെ  ആരാധനക്രമമനുസരിച്ച് വിശുദ്ധകുര്‍ബ്ബാന മദ്ധ്യേ വായിക്കപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ധ്യായം 6, 24 മുതല്‍ 34 വരെയുള്ള വാക്യങ്ങള്‍, അതായത്, ഒരുവന് രണ്ട് യജമാനന്മാരെ സേവിക്കാനാകില്ലെന്നും, ദൈവപരിപാലനയില്‍ ആശ്രയിക്കണമെന്നും യേശുനാഥന്‍ പഠിപ്പിക്കുന്ന സുവിശേഷഭാഗം ആയിരുന്നു പാപ്പായുടെ പരിചിന്തനത്തിന് ആധാരം.

പാപ്പായുടെ പ്രസ്തുത പ്രഭാഷണം ഇപ്രകാരം പരിഭാഷപ്പെടുത്താം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം. 

ഇന്നത്തെ (26/02/17) സുവിശേഷത്താള്‍ ദൈവത്തില്‍ ആശ്രയിക്കാനുള്ള ശക്തമായ ഒരോര്‍മ്മപ്പെടുത്തലാണ്. നിങ്ങള്‍ മറക്കരുത്- ദൈവത്തില്‍ ആശ്രയിക്കുക. അവിടന്ന് സൃഷ്ടപ്രപഞ്ചത്തിലുള്ള ജീവജാലങ്ങളെ സംരക്ഷിക്കുന്നു. സകല ജീവികളെയും അവിടന്ന് തീറ്റിപ്പോറ്റുന്നു. വയലിലെ ലില്ലിപ്പുഷ്പങ്ങളുടെയും പുല്‍ക്കൊടികളുടെയും കാര്യത്തില്‍ അവിടന്ന് ശ്രദ്ധാലുവാണ്. അവിടത്തെ കരുണാര്‍ദ്രവും ഔത്സുക്യഭരിതവുമായ കടാഷം നമ്മുടെ ജീവിതത്തിന് അനുദിനം കാവലാകുന്നു. പ്രശാന്തതയെയും സന്തുലിതാവസ്ഥയെയും അപകടത്തിലാക്കുന്ന നിരവധിയായ ആശങ്കകളാല്‍ വലയിതമാണ് നമ്മുടെ ജീവിതം. എന്നാല്‍ ഈ ഉത്ക്കണ്ഠകള്‍ പലപ്പോഴും പ്രയോജനരഹിതങ്ങളാണ്, കാരണം അവ സംഭവങ്ങളുടെ ഗതിയ്ക്ക് മാറ്റം വരുത്താന്‍ പ്രാപ്തങ്ങളല്ല. നാളയെക്കുറച്ച് ആകുലരാകരുതെന്ന് യേശു നമ്മെ നിര്‍ബന്ധ ബുദ്ധ്യാ ഉപദേശിക്കുന്നു. സ്വന്തം മക്കളെ മറാക്കാത്ത സ്നേഹനിധിയായ ഒരു പിതാവ് ഉണ്ടെന്ന് അവിടന്ന്, സര്‍വ്വോപരി, നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അവിടന്നില്‍ ആശ്രയിക്കുമ്പോള്‍ പ്രശ്നങ്ങളൊക്കെ മാന്ത്രികമായി പരിഹരിക്കപ്പെടുന്നില്ല, എന്നാല്‍, നതീനിഷ്ഠമായ ഒരാത്മാവോടുകൂടി സധൈര്യം പ്രശ്നങ്ങളെ നേരിടാന്‍ അതു നമ്മെ പ്രാപ്തരാക്കുന്നു. സകലത്തെയും പരിപാലിക്കുന്നവനും, എന്‍റെ നന്മ ഏറെ ആഗ്രഹിക്കുന്നവനുമായ പിതാവില്‍ ഞാന്‍ ആശ്രയിക്കുന്നതിനാല്‍ ഞാന്‍ ധൈര്യമുള്ളവനായിത്തീരുന്നു.

ദൈവം അകലെയായിരിക്കുന്നവനും അജ്ഞാതനുമല്ല. അവിടന്ന് നമ്മുടെ അഭയസങ്കേതവും, നമ്മുടെ പ്രശാന്തതയുടെയും സമാധാനത്തിന്‍റെയും ഉറവിടവും ആണ്. നമ്മുടെ രക്ഷയുടെ ശിലയാണ്, നാം വീഴില്ല എന്ന ഉറപ്പോടുകൂടി ആ ശിലയില്‍ നമുക്കു മറുകെപ്പിടിക്കാന്‍ കഴിയും. ദൈവത്തെ മുറുകെപ്പിടിക്കുന്നവന്‍ ഒരിക്കലും വീഴില്ല. നമ്മെ സദാ ആക്രമിക്കുന്ന തിന്മയ്ക്കെതിരായ നമ്മുടെ പ്രതിരോധമാണ് അവിടന്ന്. ദൈവം നമ്മുടെ മഹാ സുഹൃത്താണ്, സഖ്യകക്ഷിയാണ്, പിതാവാണ്. എന്നാല്‍ ഈ വസ്തുത നാം പലപ്പോഴും കണക്കിലെടുക്കുന്നില്ല. നമ്മുടെ നന്മ ആഗ്രഹിക്കുന്ന സുഹൃത്തും കൂട്ടുകക്ഷിയുമായ ഒരു പിതാവ് നമുക്കണ്ടെന്ന യാഥാര്‍ത്ഥ്യം നാം അവഗണിക്കുന്നു. മറിച്ച് നാം ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നത് നമുക്ക് തൊട്ടറിയാന്‍ കഴിയുന്ന അടുത്തുള്ള വസ്തുക്കളെയാണ്, ക്ഷണിക വസ്തുക്കളെയാണ്. അതിശ്രേഷ്ഠമായതിനെ, അതായത്, ദൈവത്തിന്‍റെ പിതൃസന്നിഭ സ്നേഹത്തെ ചിലപ്പോഴൊക്കെ തിരസ്കരിച്ചുകൊണ്ടും നാം ഇപ്രകാരം ചെയ്യുന്നു. അനാഥത്വത്തിന്‍റെതായ ഈ കാലഘട്ടത്തില്‍ ദൈവത്തെ പിതാവായി കാണുക ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അനാഥമായ ഈ ലോകത്തില്‍ ദൈവത്തെ പിതാവായി ദര്‍ശിക്കുക. ഭൗതികവസ്തുക്കളോടുള്ള, ഇഹലോകസമ്പത്തിനോടുള്ള കടിഞ്ഞാണില്ലാത്ത സ്നേഹം പ്രകടമാക്കിക്കൊണ്ട്  ആസക്തിയോടുകുടെ അവയെ അന്വേഷിക്കുമ്പോള്‍ നാം ദൈവസ്നേഹത്തില്‍ നിന്ന് അകലുകയാണ്.

ശ്വാസംമുട്ടിക്കുന്നവിധത്തിലുള്ള ആയാസകരമായ ഈ അന്വേഷണം മായികവും നിരാനന്ദഹേതുവും ആണെന്നു യേശു പറയുന്നു. തന്‍റെ ശിഷ്യര്‍ക്ക് അവിടന്ന് മൗലികമായ ജീവിതനിയമം നല്കുന്നു: “നിങ്ങള്‍ ആദ്യം അവിടത്തെ രാജ്യം അന്വേഷിക്കുക” (മത്തായി 6,33) ഗിരിപ്രഭാഷണത്തില്‍ യേശു പ്രഖ്യാപിച്ച പദ്ധതി, വ്യാമോഹിപ്പിക്കാത്തവനായ ദൈവത്തില്‍ ആശ്രയിച്ചുകൊണ്ട് സാക്ഷാത്ക്കരിക്കുക എന്നാണ് വിവക്ഷ.  നിരവധി മിത്രങ്ങള്‍, സുഹൃത്തുക്കളെന്നു നാം കരുതിയവര്‍ നമ്മെ വ്യാമോഹിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദൈവം ഒരിക്കലും നിരാശപ്പെടുത്തില്ല. ദൈവം നമുക്കേകിയവയുടെ, ഭൗമികവസ്തുക്കളുടെയും, വിശ്വസ്തരായ കര്യസ്ഥരെന്നപോലെ നമുക്ക് അവ കൈകാര്യം ചെയ്യാം. നമ്മുടെ രക്ഷയുള്‍പ്പടെയുള്ള സകലവും നമ്മെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത് എന്ന് ചിന്തിച്ചു വശായി അതിരുകടന്ന് പ്രവര്‍ത്തിക്കരുത്. വിശ്വസ്തരായ കാര്യസ്ഥരെപ്പോലെ വസ്തുക്കളെ കൈകാര്യം ചെയ്യുന്ന സുവിശേഷാത്മക മനോഭാവം സുവ്യക്തമായ ഒരു തിരഞ്ഞെടുപ്പു നടത്താന്‍ നമ്മോടാവാശ്യപ്പെടുന്നു. ഇത് ഇന്നത്തെ സുവിശേഷഭാഗം വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. “ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു  സാധിക്കില്ല” (മത്തായി 6,24). ഒന്നുകില്‍ കര്‍ത്താവിനെ അല്ലെങ്കില്‍ ആകര്‍ഷകങ്ങളും എന്നാല്‍ മായികങ്ങളുമായ ബിംബങ്ങളെ. നാം നടത്തേണ്ട ഈ തിരഞ്ഞെടുപ്പിലേക്കുള്ള വിളി നമ്മുടെ പിന്നീടുള്ള നിരവധിയായ കര്‍മ്മങ്ങളിലും പരിപാടികളിലും ദൗത്യങ്ങളിലും അനന്തര ഫലങ്ങള്‍ ഉളവാക്കും. അതൊരു അസ്സല്‍ തിരഞ്ഞെടുപ്പായിരിക്കുകയും നിരന്തരം നവീകരിക്കുകയും വേണം. കാരണം സകലത്തെയും സമ്പത്തിലും ആനന്ദത്തിലും അധികാരത്തിലും ഒതുക്കിനിറുത്തുന്നതിനുള്ള പ്രലോഭനങ്ങള്‍ ശക്തമാണ്. ഇതിനുള്ള പ്രലോഭനങ്ങള്‍ നിരവധിയാണ്.

ഈ ബിംബങ്ങളെ വണങ്ങല്‍, ക്ഷണികങ്ങളെങ്കിലും തൊട്ടറിയാവുന്ന ഫലങ്ങള്‍ ഉളവാക്കുന്നു. എന്നാല്‍ ദൈവത്തെയും അവിടത്തെ രാജ്യത്തെയുംപ്രതിയുള്ള  തിരഞ്ഞെടുപ്പുകള്‍, എല്ലായ്പോഴും, ഉടനെതന്നെ ഫലം കാണിക്കണമെന്നില്ല. അത് പ്രത്യാശയില്‍ നടത്തുന്നതും സമ്പൂര്‍ണ്ണ സാക്ഷാത്ക്കാരം ദൈവത്തിന് വിട്ടുകൊടുക്കുന്നതുമായ ഒരു തിരഞ്ഞെടുപ്പാണ്. ദൈവത്തിന്‍റെ വാഗ്ദാനം ഭാവിയില്‍ നിറവേറപ്പെടുന്നതിലേക്ക് നീളുന്നതും പ്രതിബന്ധങ്ങള്‍ക്കു മുന്നില്‍ നലയ്ക്കാത്തതുമാണ് ക്രിസ്തീയ പ്രത്യാശ. എന്തെന്നാല്‍ ഒരിക്കലും കുറഞ്ഞുപോകാത്ത ദൈവത്തിന്‍റെ   വിശ്വസ്തതയില്‍ അധിഷ്ഠിതമാണ് അത്. ദൈവം വിശ്വസ്തനാണ്, വിശ്വസ്തനായ പിതാവാണ്, വിശ്വസ്ത സുഹൃത്താണ്, വിസ്വസ്തനായ കൂട്ടുകക്ഷിയാണ്.

സ്വര്‍ഗ്ഗീയ പിതാവിന്‍റെ സ്നേഹത്തിലും നന്മയിലും വിശ്വാസമര്‍പ്പിക്കാനും അവിടുന്നില്‍ അവിടത്തോടുകൂടെ ജീവിക്കാനും കന്യകാമറിയം നമ്മെ സഹായിക്കട്ടെ. ജീവിതത്തിലെ കഷ്ടപ്പാടുകളെയും പ്രതിബന്ധങ്ങളെയും, അതുപോലെതന്നെ, നമ്മുടെ അനേകം സഹോദരീസഹോദരങ്ങളുടെ സാക്ഷ്യങ്ങള്‍ നമുക്കു കാണിച്ചുതരുന്നതുപോലെ, പിഢനങ്ങളെയും,   അതിജീവിക്കുന്നതിനുള്ള മുന്‍വ്യവസ്ഥയാണ് ഇത്.                                  

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ തുടര്‍ന്ന്     കര്‍ത്താവിന്‍റെ മാലാഖ എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.തുടര്‍ന്ന് പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ സകലരെയും വിവിധ വിഭാഗക്കാരെയും പ്രത്യേകം അഭിവാദ്യം ചെയ്തു.

ചൊവ്വാഴ്ച, ഫെബ്രുവരി 28 ന് (28/02/17) പത്താം അപൂര്‍വ്വരോഗ ലോകദിനം ആചരിക്കപ്പെടുന്നതിനോടനുബന്ധിച്ച്, ത്രികാലാപ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നതിന് എത്തിയിരുന്നവരെയും സംബോധന ചെയ്ത പാപ്പാ അപൂര്‍വ്വ രോഗങ്ങള്‍ ബാധിച്ചിട്ടുള്ളവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആയാസകരമായ ജീവിത യാത്രയില്‍ അവര്‍ക്ക് ചികിത്സാപരമായും നൈയമികമായും ഉചിതമായ സഹായം ലഭ്യമാകട്ടെയെന്ന് ആശംസിച്ചു.

എല്ലാവര്‍ക്കും ശുഭ ഞായര്‍, ആശംസിച്ച പാപ്പാ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവ് അഭ്യര്‍ത്ഥന നവീകരിക്കുകയും എല്ലാവര്‍ക്കും നല്ല ഉച്ചവിരുന്നു നേരുകയും ചെയ്തു. തദ്ദനന്തരം, ഇറ്റാലിയന്‍ ഭാഷയില്‍, “അറിവെദേര്‍ചി” (arrivederci) അതായത് വീണ്ടും കാണമെന്ന് പറഞ്ഞുകൊണ്ട് പാപ്പാ സുസ്മേരവദനനായി കൈകള്‍ വീശി ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.                        


Source: http://ml.radiovaticana.va/

Attachments
Back to Top

Never miss an update from Syro-Malabar Church