ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന::Syro Malabar News Updates ടോം അച്ചനുവേണ്ടി ഒരു പ്രാര്‍ഥന
30-January,2017

ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ഇ​ന്നു യെ​മ​നി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വ​റ​യ്ക്കു​ള്ളി​ലാ​ണ്. ലോ​കം മു​ഴു​വ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​തും അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നു​വേണ്ടി​യാ​ണ്. അ​ച്ച​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്പോ​ൾ ഇ​ങ്ങു ദൂ​രെ ബംഗളൂരുവി​ൽ ഒ​രു വൈ​ദി​ക​ൻ മു​ട്ടി​പ്പാ​യി കേ​ഴു​ന്നു. ദൈ​വ​മേ അ​ച്ച​നെ സു​ര​ക്ഷി​ത​മാ​യി കാ​ത്തു​കൊ​ള്ള​ണ​മേ എ​ന്ന്. അ​ത്ര​മാ​ത്രം പ്രി​യ​പ്പെ​ട്ട​വ​നാ​ണ് ടോം ​അ​ച്ച​ൻ. സു​ഹൃ​ത്ത്, സ​ന്ത​ത​സ​ഹ​ചാ​രി എ​ന്ന നി​ല​യി​ലും പ്രി​യ​പ്പെ​ട്ട​വ​ൻ. ഇ​തു ഫാ. ​ജോ​ർ​ജ് മു​ട്ട​ത്തു​പ​റ​ന്പി​ൽ. ടോം ​അ​ച്ച​ന്‍റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​ര​ൻ. താ​മ​ര​ശേ​രി രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​ർ​ജ് മു​ട്ട​ത്തു​പ​റ​ന്പി​ൽ ബം​ഗ​ളൂ​രു ഡോ​ണ്‍ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യാ​ൾ ഹൗ​സി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​ണ്. 2016 മാ​ർ​ച്ച് 30നാ​ണ് ജോ​ർ​ജ് അ​ച്ച​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. വീസ കാ​ലാ​വ​ധി​ ക​ഴി​ഞ്ഞ​തി​നാ​ൽ യെ​മ​നി​ൽ നി​ന്നു തി​രി​ച്ചുപോ​രേണ്ടിവ​രി​ക​യാ​യി​രു​ന്നു. 

അ​വ​ൻ ഒ​രു വി​ശു​ദ്ധ​നാ​ണ്. ഒ​രി​ക്ക​ലും മ​ര​ണ​ത്തെ ഭ​യ​പ്പെ​ടാ​ത്ത​വ​ൻ. യെ​മ​നി​ലെ പാ​വ​പ്പെ​ട്ട മ​ക്ക​ൾ​ക്കു​വേണ്ടി ജീ​വി​ക്കു​ന്പോ​ൾ ദി​വ്യ​കാ​രു​ണ്യ ഈ​ശോ​യെ കാ​ണു​ന്നു​വെ​ന്നു പ​റ​ഞ്ഞ​വ​ൻ. അ​വ​ൻ ത​ള​രി​ല്ല. ഇ​തു മു​ട്ട​ത്തു​പ​റ​ന്പി​ല​ച്ച​ന്‍റെ സാ​ക്ഷ്യം. തീ​വ്ര​വാ​ദി​ക​ളു​ടെ ഭീ​ഷ​ണി​യോ, യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​യോ യെ​മ​നി​ൽ നി​ന്നു മി​ഷ​ന​റി​മാ​രെ പി​ൻ​തി​രി​പ്പി​ക്കാ​റി​ല്ല. രോ​ഗി​ക​ളെ​യും അ​ന്തേ​വാ​സി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് അ​വ​ർ തി​രി​ച്ചുപോ​രി​ല്ല. എ​ത്ര​യോ സ​ന്യ​സ്ത​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. എ​ത്ര​യോപേ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ലും ഈ ​പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ അ​വ​ർ ഉ​പേ​ക്ഷി​ക്കി​ല്ല. 

പീ​ഡ​ന​ത്തെ പു​ഞ്ചി​രി​യോ​ടെ നോ​ക്കി കാ​ണു​ന്ന​വ​രാ​ണ് ഇ​വ​ർ. തീ​വ്ര​വാ​ദി​ക​ളെ​യോ യു​ദ്ധ​ത്തെ​യോ ഒ​രി​ക്ക​ലും ടോം ​ഉ​ഴു​ന്നാ​ലി​ൽ ഭ​യ​പ്പെ​ട്ടി​​ല്ല. മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്ന ജീ​വി​ത​മാ​യി​രു​ന്നി​ല്ല അ​ച്ച​ന്‍റേത്. യെ​മ​നി​ലേ​ക്കു തി​രി​ച്ചുവ​ന്ന​തുത​ന്നെ ഇ​വി​ടെ ത​ള​ർ​ന്നുവീ​ഴു​ന്ന നൂ​റു​ക​ണ​ക്കി​നു പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളെ ര​ക്ഷി​ക്കാ​നും മു​റി​വേ​റ്റ​വ​രെ ശു​ശ്രൂ​ഷി​ക്കാ​നു​മാ​ണ്. ഇ​ന്നു​വ​രെ ഒ​രാ​ളെ പോ​ലും അ​ച്ച​ൻ മതപരിവർത്തനം നടത്തിയിട്ടില്ല. ടോം ​ഉ​ഴു​ന്നാ​ലി​ലി​ന്‍റെ ജീ​വി​ത​രീ​തി​യും അ​നു​ഭ​വ​ങ്ങ​ളും ദൈ​വ​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത സ്നേ​ഹ​വും ഭ​ക്തി​യും നേ​രി​ട്ട് അ​നു​ഭ​വി​ച്ച വ്യ​ക്തി പ​റ​യു​ന്നു, ടോം ​അ​ച്ച​ൻ മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല. ഇ​തു​പ​റ​യു​ന്ന​തു ദീ​ർ​ഘ​കാ​ലം അ​ച്ച​നോ​ടൊ​പ്പം യെ​മ​നി​ൽ ഒ​ന്നി​ച്ചു താ​മ​സി​ച്ച വൈ​ദി​ക​നാ​ണ്. 

ഈയ​ടു​ത്ത ദി​വ​സം പ്ര​ച​രി​ച്ച വീ​ഡി​യോ​ക​ളി​ൽ അ​ച്ച​ൻ വ​ള​രെ ക്ഷീ​ണി​ത​നാ​ണെ​ന്നു പ​റ​യു​ന്പോ​ൾ വാ​ക്കു​ക​ളി​ൽ മു​ട്ട​ത്തു​പ​റ​ന്പി​ലിന് വേ​ദ​ന​യുണ്ട്. അ​ച്ച​ൻ സ്വ​മ​ന​സാ​ലേ ഇ​തൊ​ന്നും പ​റ​യി​ല്ല. അ​ത്ര​മാ​ത്രം പീ​ഡി​പ്പി​ച്ചി​ട്ടു​ മാ​ത്ര​മാ​യി​രി​ക്കും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​റ​യി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക്രി​സ്തു​വി​നു​വേണ്ടി ര​ക്ത​സാ​ക്ഷി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന, അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം മ​ന​സി​ൽ കൊണ്ടുന​ട​ക്കു​ന്ന ടോം ​അ​ച്ച​ൻ മ​ര​ണ​ത്തെ ഭ​യ​പ്പെ​ടു​ന്നി​ല്ല. ആ​രാ​ണ് അ​ച്ച​നെ പി​ടി​ച്ചു കൊണ്ടുപോ​യി പീ​ഡി​പ്പി​ക്കു​ന്ന​ത്. ഒ​ന്നും വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ന്നു. 

അ​ച്ച​നു​വേണ്ടി ലോ​ക​മെ​ന്പാ​ടു​മു​ള്ള ക്രൈ​സ്ത​വസ​ഭ​ക​ൾ പ്രാ​ർ​ഥി​ക്കു​ന്നു. പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ദൈ​വ​ത്തി​ന്‍റെ പ്ര​വൃ​ത്തി ഇ​തി​ലൂ​ടെ ന​മു​ക്ക് ദ​ർ​ശി​ക്കാ​ൻ ക​ഴി​യും. സ​ഭ വ​ള​രാ​നും ജ​ന​ത​തി ഒ​രു​മി​ക്കാ​നും ദൈ​വം ഇ​ട​യാ​ക്കും. ടോം ​അ​ച്ച​ന്‍റെ വാ​ക്കു​ക​ൾ ക​ട​മെ​ടു​ത്താ​ൽ. ദൈ​വം എ​ല്ലാം നന്മയ്ക്കാ​യി ചെ​യ്യു​ന്നു. ദൈ​വ​മ​റി​യാ​തെ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. അ​ച്ച​നെ ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന​തു ശ​രി​ക്കും വി​ല​പേ​ശാ​ൻ വേണ്ടി ​മാ​ത്ര​മാ​ണെ​ന്നു സം​ശ​യി​ക്കേണ്ടി​യി​രി​ക്കു​ന്നു. പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ളും ഇ​തു ശ​രിവ​യ്ക്കു​ന്നു. വി​ദേ​ശി​ക​ളെ പി​ടി​ച്ചുകൊ​ണ്ടുപോ​യി വി​ലപേ​ശു​ന്നത് ഭീ​ക​ര​വാ​ദി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള രീ​തി​യാ​ണ്്. ടോം ​അ​ച്ച​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച് നാം ​നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മെ​ന്ന​ത് ആ​രാ​ണ്, അ​ല്ലെ​ങ്കി​ൽ ഏ​തു ഗ്രൂ​പ്പാ​ണ് അ​ച്ച​ന്‍റെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ലെ​ന്ന് ഇ​തു​വ​രെ​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​യ​തി​നാ​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് ഒ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു​മി​ല്ല.

വീണ്ടും ​യെ​മ​നി​ലേ​ക്ക്...

ദൈ​വം അ​നു​വ​ദി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും യെ​മ​നി​ലേ​ക്ക് പോ​കും. എ​ന്‍റെ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലേ​ക്കു തി​രി​ച്ചുപോ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ ന​ല്ല സ​മീ​പ​നം വ​ച്ചു പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. സ​ന്യ​സ്ത​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വ​ള​രെ​യ​ധി​കം ആ​ദ​ര​വോ​ടെ​യാ​ണ് അ​വ​ർ നോ​ക്കി കാ​ണു​ന്ന​ത്. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ കൊണ്ടുവ​ന്നു സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രാ​ണ്. ന​മ്മു​ടെ സേ​വ​ന​ങ്ങ​ളെ അ​വ​ർ മാ​നി​ക്കു​ന്നു.​ഭീ​ക​ര​വാ​ദി​ക​ൾ മാ​ത്ര​മാ​ണ് ഇ​തി​നൊ​ര​പ​വാ​ദം. 1973ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കേ​ന്ദ്രം ഇ​തു​വ​രെ​യും ഒ​രു വ്യ​ക്തി​യെപോ​ലും മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ല. സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന തെ​റ്റി​ദ്ധ​ാര​ണ​ക​ളാ​ണ് ഇ​തെ​ല്ലാം. അ​നാ​ഥ​രെ സം​ര​ക്ഷി​ക്കു​ക എ​ന്ന ക്രി​സ്തു​വി​ന്‍റെ ദൗ​ത്യം മ​ന​സാ വ​രി​ച്ചുകൊണ്ട് ​സ്വ​കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് അ​ഗ​തി​ക​ൾക്കുവേണ്ടി ​സേ​വ​നം ചെ​യ്യാ​ൻ ഇ​റ​ങ്ങി​ത്തി​രി​ച്ച​വ​ർ​ക്കു നി​രാ​ശ​യുണ്ടാ​കു​ന്നി​ല്ല. 

ടോം ​അ​ച്ച​നോ​ടൊ​പ്പം

2010 ജൂ​ണ്‍ മാ​സ​ത്തി​ൽ ഞാ​നും ടോം ​അ​ച്ച​നും ഒ​രു​മി​ച്ചാ​ണ് യെ​മ​നി​ലേ​ക്കു പോ​യ​ത്. യെ​മ​നി​ൽ നി​ല​വി​ൽ നാ​ല് ഇ​ട​വ​ക​ക​ൾ ഉണ്ട്. ​അ​തു​പോ​ലെത​ന്നെ ഈ ​നാ​ല് ഇ​ട​വ​ക​ക​ളോ​ടു ചേ​ർ​ന്ന് സി​സ്റ്റേ​ഴ്സ് ന​ട​ത്തിവ​രു​ന്ന വൃ​ദ്ധ​സ​ദ​ന​ങ്ങ​ളും ഉണ്ട്. ​പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു അ​ക്കാ​ല​യ​ള​വി​ൽ. 2014 ൽ ​തൊ​ണ്ടയി​ൽ ഒ​രു ചെ​റി​യ ബ്ലോ​ക്ക് ഉണ്ടാ​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ചി​കി​ത്സ​യ്ക്കാ​യി ടോം ​അ​ച്ച​ൻ നാ​ട്ടി​ലേ​ക്കു പോ​ന്നു. 2015 മാ​ർ​ച്ച് 26ന് ​വി​മ​ത​രും സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദേ​ശം പത്തില​ധി​കം ചെ​റു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന സ​ഖ്യ​സേ​ന​യും ത​മ്മി​ൽ യു​ദ്ധം ആ​രം​ഭി​ച്ചു. 

ഏ​പ്രി​ൽ അ​ഞ്ചി​നോ​ട​ടു​ത്ത് കൂ​ടെ​യുണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്ന് അ​ച്ചന്മാ​രും തി​രി​കെപോ​ന്നു. ഞാ​ൻ മാ​ത്രം അ​വ​ശേ​ഷി​ച്ചു. എ​ന്നോ​ടു​ള്ള വ്യ​ക്തി​ബ​ന്ധ​ത്താ​ലും, സ​ർ​വോ​പ​രി ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​യാ​യി മ​ര​ണംവ​രെ സേ​വ​നം ചെ​യ്യാ​നു​ള്ള ത്വ​ര ത​ന്നി​ൽ അ​ധി​ക​മാ​യി​രു​ന്ന​തുകൊണ്ടും ​ടോം അ​ച്ച​ൻ വീണ്ടും ​യെ​മ​നി​ലേ​ക്കു പു​റ​പ്പെ​ട്ടു. യു​ദ്ധം കൊ​ടു​ന്പി​രി​കൊണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ​ മൂ​ന്നുമാ​സ​ത്തെ ക​ഠി​ന​മാ​യ നീണ്ട ​യാ​ത്ര​യു​ടെ ഒ​ടു​വി​ൽ മാ​ത്ര​മാ​ണ് യെ​മ​ന്‍റെ ത​ല​സ്ഥാ​നമാ​യ സ​നാ​യി​ൽ എ​ത്തി​ച്ചേ​രാ​ൻ അ​ച്ച​നു സാ​ധി​ച്ച​ത്. വി​മാ​ന​ത്തി​ൽ യാ​ത്ര സാ​ധ്യ​മാ​യി​രു​ന്നി​ല്ല. നീണ്ട ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ദൈ​വ​കൃ​പ​യാ​ൽ യു​എ​ന്നിന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അ​ച്ച​ന് ത​ല​സ്ഥാ​ന​മാ​യ സ​നാ​യി​ൽ എ​ത്താ​ൻ സാ​ധി​ച്ചു. എ​ങ്കി​ൽത്തന്നെ​യും ഏ​ഡ​നി​ൽ എ​ത്താ​ൻ വീണ്ട ും ​ഒ​രുമാ​സംകൂ​ടി കാ​ത്തി​രി​ക്കേണ്ടിവ​ന്നു. ജൂ​ണ്‍ മാ​സ​ത്തി​ൽ മൂ​ന്നു മാ​സം നീണ്ടു​നി​ന്ന ക​ര​യു​ദ്ധ​ത്തി​നുശേ​ഷം വി​മ​ത​രെ സ​ഖ്യ​സേ​ന തു​ര​ത്തി​യോ​ടി​ച്ചു. അ​ങ്ങ​നെ ജൂ​ലൈ ഒ​ന്നി​നു ടോം ​അ​ച്ച​ൻ ഏ​ഡനി​ൽ എ​ത്തി​ച്ചേ​ർ​ന്നു.​

ഏഡന്‍റെ വേദന

ഏ​ദ​ൻ പ​ട്ട​ണം പൂ​ർ​ണ​മാ​യും സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​ക​ക്ഷി​ക​ളുടെയും തീ​വ്ര​വാ​ദി​ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. സ​ഖ്യ​ക​ക്ഷി​ക​ൾ ഓ​രോ പ്ര​ദേ​ശ​വും കൈ​ക്ക​ലാ​ക്കി​യ​തി​നു ശേ​ഷം തീ​വ്ര​വാ​ദി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വി​ടെ വ​ൻ​തോ​തി​ലു​ള്ള ക​വ​ർ​ച്ച​യും ന​ട​ന്നി​രു​ന്നു. അ​ങ്ങ​നെ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ൽ തീ​വ്ര​വാ​ദി​ക​ൾ ഭ​ര​ണം സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ തു​ട​ങ്ങി. 
2011 ൽ ​ആ​രം​ഭി​ച്ച ആ​ഭ്യ​ന്ത​ര​ക​ലാ​പം 2012 ൽ ​പ്ര​സി​ഡ​ന്‍റി​നെ നീ​ക്കി വൈ​സ്പ്ര​സി​ഡ​ന്‍റി​നെ അ​വ​രോ​ധി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തി. രാ​ജ്യം വ​ലി​യൊ​രു അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങി. ഗോ​ത്ര​വ​ർ​ഗങ്ങ​ൾ ത​മ്മി​ലു​ള്ള ക​ലാ​പ​ങ്ങ​ളും സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ക്കി. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ന​ട​മാ​ടി. 

ഇ​തി​നി​ടെ ഹൂ​ത്തീ​സ് എ​ന്ന ഗോ​ത്ര​വ​ർ​ഗം ഉ​യ​ർ​ന്നുവ​ന്നു. ഇ​വ​ർ ഗ​വ​ണ്‍​മെ​ന്‍റി​ന് എ​തി​രാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മുൻ പ്ര​സി​ഡ​ന്‍റ് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്തു. വി​മ​ത​ർ ഏ​ഡ​നും കീ​ഴ​ട​ക്കി. ഈ​യ​വ​സ​ര​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഏ​ഡനി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട് സൗ​ദി​യി​ൽ ചെ​ന്ന് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. അ​ങ്ങ​നെ സൗ​ദി രാ​ജാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തി​ല​ധി​കം രാ​ജ്യ​ങ്ങ​ളു​ടെ സ​ഖ്യ​സേ​ന രൂ​പീ​ക​രി​ച്ച് വി​മ​ത​ർ​ക്കെ​തി​രേ പോ​രാ​ടാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ൻപ്ര​കാ​രം 2015 മാ​ർ​ച്ച് 26ന് ​ബോം​ബാ​ക്ര​മ​ണം ആ​രം​ഭി​ച്ചു. വി​മ​ത​രു​ടെ കേ​ന്ദ്ര​ങ്ങ​ൾ പ​ല​തും ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു. ഏ​ദ​നി​ൽ സ​ഖ്യ​സേ​ന ക​ര​യു​ദ്ധം ആ​രം​ഭി​ച്ചു. മൂ​ന്നു മാ​സം കൊണ്ട് സ​ഖ്യ​സേ​ന വി​മ​ത​രെ ഏ​ദ​നി​ൽനി​ന്നു തു​ര​ത്തി. 

ഈ ​കാ​ല​യ​ള​വി​ൽ ഭീ​ക​ര​വാ​ദി​ക​ൾ ഏ​ദ​നും സ​ഖ്യ​സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളും ത​ങ്ങ​ളു​ടെ ഭ​ര​ണ​ത്തി​ലേ​ക്ക് കൊണ്ടു​വ​ന്നു. ഷോ​പ്പിം​ഗ് മാ​ളു​ക​ളി​ൽ പോ​കു​ന്ന​തി​ൽ നി​ന്നു സ്ത്രീ​ക​ളെ വി​ല​ക്കി. സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ ഷോ​പ്പിം​ഗ് മാ​ൾ ബോം​ബി​ട്ട് ത​ക​ർ​ത്തു. 

പള്ളികൾ തകർക്കപ്പെടുന്നു

അ​ങ്ങ​നെ ശ​രി​യ​ത്ത് നി​യ​മം ന​ട​പ്പി​ലാ​ക്കുക എ​ന്ന അ​ജണ്ട പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ തീ​വ്ര​വാ​ദി​ക​ൾ ശ്ര​മം തു​ട​ങ്ങി. ഇ​ങ്ങ​നെ യെ​മ​നി​ൽ പ​രി​പൂ​ർ​ണമാ​യ അ​ര​ക്ഷി​താ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. ഈ ​സ​മ​യ​ത്ത് ന​മ്മു​ടെ മൂന്നു പ​ള്ളി​ക​ളും ത​ക​ർ​ക്ക​പ്പെ​ട്ടു. ടോം ​അ ച്ച​ൻ താ​മ​സി​ച്ചി​രു​ന്ന പ​ള്ളി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. അ​ച്ച​ൻ അ​വി​ടെ നി​ന്നു മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ കേ​ന്ദ്ര​ത്തി​ലേ​ക്കു നീ​ങ്ങി. യു​ദ്ധം അ​തി​ന്‍റെ ഭീ​ക​ര​ത കൈ​വ​രി​ച്ച ഈ ​ദി​വ​സ​ങ്ങ​ളി​ൽ റോ​ഡു​ക​ൾ അ​ട​ച്ചി​ട്ടു, ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണമാ​യും നി​ശ്ച​ല​മാ​യി. ഏ​ഡനി​ലെ ആ​ക്ര​മ​ണ​ത്തി​നുശേ​ഷം സ​ഖ്യ​സേ​ന താ​യീ​സി​ലേ​ക്ക് ക​ട​ന്നു. 10 മാ​സം നീണ്ടുനി​ന്ന യു​ദ്ധ​ത്തി​ൽ സി​സ്റ്റേ​ഴ്സ് താ​മ​സി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ഓ​ഗ​സ്റ്റ് പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും ഞാ​ൻ താ​മ​സി​ച്ചി​രു​ന്ന പ​ള്ളി സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. പ​ള്ളി കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യും ത​ക​ർ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. ടോം ​അ​ച്ച​ന്‍റെ തി​രോ​ധാ​ന​ത്തി​നു ശേ​ഷം മാ​ർ​ച്ച് 12 ആ​യ​പ്പോ​ഴേ​ക്കും താ​യീ​സി​ലെ സി​സ്റ്റേ​ഴ്സി​ന്‍റെ കേ​ന്ദ്ര​വും പി​ടി​ക്ക​പ്പെ​ട്ടു. 

ദൈ​വാ​നു​ഗ്ര​ഹ​ത്താ​ൽ ഇ​തി​നു തൊ​ട്ടുമു​ൻ​പ് വൃ​ദ്ധ​സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ​യും സി​സ്റ്റേ​ഴ്സി​നെ​യും ജോ​ലി​ക്കാ​രെ​യും കേ​ന്ദ്ര​ത്തി​ൽ നി​ന്നു മാ​റ്റാ​ൻ സ​ഭാ​നേ​തൃ​ത്വ​ത്തി​ന് സാ​ധി​ച്ചു. അ​ന്നു രാ​ത്രി​യാ​ണ് സേ​ന ഈ ​പ്ര​ദേ​ശം പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തേസ​മ​യം എ​ന്‍റെ വി​സാ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രു​ന്ന​തി​നാ​ൽ എ​നി​ക്ക് യെ​മ​നി​ൽ തു​ട​രാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥാ​വി​ശേ​ഷം വ​ന്നുചേ​ർ​ന്നു. തന്മൂലം 2016 മാ​ർ​ച്ച് 30ന് ​ഞാ​ൻ നാ​ട്ടി​ൽ എ​ത്തി​. എ​ന്‍റെ യാ​ത്ര​യി​ൽ പ​ല​യി​ട​ത്തും വാ​ഹ​നം ത​ട​യു​ക​യും ഇ​റ​ക്കി​വി​ടു​ക​യും ന​ട​ന്നുപോ​കേണ്ട അ​വ​സ്ഥ​യു​മൊ​ക്കെ വ​ന്നു. ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ക​ട​ത്തിവി​ട്ടി​രു​ന്നി​ല്ല. പ​ല ഡോ​ക്യു​മെ​ന്‍റു​ക​ളും സം​ഘ​ടി​പ്പി​ച്ച് കൊ​ടു​ക്കേ​ണ്ടതാ​യി വ​ന്നു.

ഇ​പ്പോ​ൾ സ​നാ​യും യെ​മ​നി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പ​ട്ട​ണ​മാ​യ ഹു​ഡ​യ​ദ​യും വി​മ​ത​രു​ടെ കീ​ഴി​ലാ​ണ്. അവിടെയുള്ള സിസ്റ്റേഴ്സ് തി​രി​കെവ​രി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കാ​ര​ണം രോ​ഗി​ക​ളെ​യും അ​ന്തേ​വാ​സി​ക​ളെ​യും ഉ​പേ​ക്ഷി​ച്ച് എ​വി​ടേ​ക്കും പോ​വു​ക​യി​ല്ല എ​ന്ന ദൃ​ഢ​നി​ശ്ച​യത്തിലാണ് അ​വ​ർ. ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ൽ നി​ന്നും അ​വ​രെ വേ​ർ​പി​രി​ക്കാ​ൻ ഈ ​ലോ​ക​ത്തി​ലെ ഒ​രു ശ​ക്തി​ക്കും ക​ഴി​യി​ല്ല. അ​ഗ​തി​ക​ളെ​യും അ​ശ​ര​ണ​രെ​യും അ​നാ​ഥ​രെ​യും ത​ന്നി​ലേ​ക്കു ചേ​ർ​ത്തു​നി​ർ​ത്തി​യ ക്രി​സ്തു​വി​ന്‍റെ സ്നേ​ഹ​ത്തി​ന്‍റെ മാ​തൃ​ക അ​വ​ർ ജീ​വി​ത​ത്തി​ൽ കാ​ത്തു സൂ​ക്ഷി​ക്കു​ന്നു. അവരുടെ പ്രതീകമാണ് ഫാ. ടോം ഉഴുന്നാലിൽ. 

ജോ​സ് വേ​ങ്ങ​ത്ത​ടം
 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church