ക്രൈസ്തവൈക്യ വാരത്തിന് തുടക്കമായി - അനുരഞ്ജനത്തിന്‍റെ സാക്ഷികളാകാം!::Syro Malabar News Updates ക്രൈസ്തവൈക്യ വാരത്തിന് തുടക്കമായി - അനുരഞ്ജനത്തിന്‍റെ സാക്ഷികളാകാം!
19-January,2017

ജനുവരി 18 ബുധനാഴ്ച മുതല്‍ 25 ഞായറാഴ്ചവരെ നീണ്ടുനില്ക്കുന്ന ക്രൈസ്തവൈക്യവാരം ഇക്കുറി അനുരഞ്ജനത്തിനുള്ള ആഹ്വാനമാണ്. സഭകളുടെ കൂട്ടായ്മയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസി‍ഡന്‍റ്, കര്‍ദ്ദിനാള്‍ കേട് കോഹ് റോമില്‍ ഇറക്കിയ പ്രസ്താവിനയില്‍ വിവരിച്ചു.
ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 5-Ɔ൦ ശതാബ്ദിയുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ വര്‍ഷത്തെ “ക്രിസ്തുവിന്‍റെ സ്നേഹം നമ്മെ ഉത്തേജിപ്പിക്കുന്നു!” എന്ന പ്രതിപാദ്യവിഷയത്തെ ആധാരമാക്കി ഈ വര്‍ഷത്തെ ക്രൈസ്തവൈക്യ വാരത്തിനുള്ള പ്രാര്‍ത്ഥനകളും പരിപാടികളും  സജ്ജമാക്കിയത് ജര്‍മ്മനിയിലെ ലൂതറന്‍‍ സഭയും അവിടെയുള്ള മറ്റു സഭകളുടെ കൂട്ടായ്മയും ചേര്‍ന്നാണ്.
ജനുവരി 25-ന് ആചരിക്കുന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തരത്തിരുനാളിനോട് അനുബന്ധിച്ചാണ് എല്ലാവര്‍ഷവും ക്രൈസ്തവൈക്യവാരം സമാപിക്കുന്നത്. അന്നാളില്‍ - ശനിയാഴ്ച റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ ബസിലിക്കയില്‍ വൈകുന്നേരം പ്രാദേശിക സമയം 5.30-ന് പാപ്പാ ഫ്രാന്‍സിസിന്‍റെ കാര്‍മ്മികത്വത്തിലും ലോകത്തെ വിവിധ സഭാ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെടുന്ന സഭൈക്യപ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ആഗോളതലത്തില്‍ ആചരിക്കുന്ന ക്രൈസ്തവൈക്യവാരം സമാപിക്കും.  
2017-ല്‍ ലോകം അനുസ്മരിക്കുന്ന ലൂതറന്‍ നവോത്ഥാനപ്രസ്ഥാനത്തിന്‍റെ (Lutheran Reformation) 500-Ɔ൦ വാര്‍ഷികത്തോടു ചേര്‍ന്നുവരുന്ന ഈ ക്രൈസ്തവൈക്യ വാരത്തിന് ഏറെ പ്രാധാന്യമുണ്ട്. ക്രിസ്തുവില്‍ ദൈവം ലോകത്ത് അവതരിച്ചത് മനുഷ്യരുടെ പാപാവസ്ഥയിലേയ്ക്കാണ്. അത് ദൈവവും മനുഷ്യരുമായുള്ള രമ്യതയുടെ അടയാളമാണ്. അതിനാല്‍ ക്രൈസ്തവര്‍ അനുരഞ്ജനത്തിന്‍റെ പാതിയില്‍ ഇനിയും പുനരൈക്യപ്പെടണം. കര്‍ദ്ദിനാള്‍ കോഹ് ജനുവരി  17-Ɔ൦ തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ സഭകളുടെ കൂട്ടായ്മയോട് അഭ്യര്‍ത്ഥിച്ചു.
ആതിഥ്യം അനുരഞ്ജനത്തിന്‍റെ ക്രിയാത്മകമായ സാക്ഷ്യമാകണം. ഇത് ക്രൈസ്തവൈക്യവാരം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശമാണ്. ലോകം ഇന്ന് നേരിടുന്ന കുടിയേറ്റത്തിന്‍റെ വന്‍പ്രതിഭാസത്തെ നേരിടാന്‍ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും പരദേശികളെ നാം കൈക്കൊള്ളണം. അതിനായി സുവിശേഷാരൂപിയില്‍ മാനവികതയുടെ ഇടനാഴികള്‍ നമ്മുടെ ജീവിതപരിസരങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തുകൊണ്ടാണ് ക്രൈസ്തവര്‍ അനുരഞ്ജനത്തിന്‍റെ സാക്ഷികളാകേണ്ടത്. കര്‍ദ്ദിനാള്‍ കോഹ് ആഹ്വാനംചെയ്തു.
ചിത്രം > സ്വീഡനിലെ ലുഡില്‍ നടന്ന ലൂതറന്‍ - കത്തോലിക്കാ സംയുക്ത സംഗമം. പാപ്പാ ഫ്രാന്‍സിസ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹ് എന്നിവര്‍ ലൂതറന്‍ സഭാദ്ധ്യക്ഷന്മാരായ ബിഷപ്പ് മനുബ് യൗനാന്‍, റവറെന്‍റ് മാര്‍ട്ടന്‍ ജൂങ് എന്നിവര്‍ക്കൊപ്പം... 31 ഓക്ടോബര്‍ 2016.

Source: ml.radiovaticana.va

Attachments
Back to Top

Never miss an update from Syro-Malabar Church