റോമിലെ മേരി ‘മേജര്‍’ ബസിലിക്കയില്‍ പുതിയ നിയമനം::Syro Malabar News Updates റോമിലെ മേരി ‘മേജര്‍’ ബസിലിക്കയില്‍ പുതിയ നിയമനം
29-December,2016

കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ റോമിലെ മേരി മെയ്ജര്‍ ബസിലിക്കയുടെ മുഖ്യപുരോഹിതനും ഭരണകര്‍ത്താവുമായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു.
തല്‍സ്ഥാനത്ത് സേവനംചെയ്തിരുന്ന കര്‍ദ്ദിനാള്‍ സാന്‍റോസ് ഏബ്രില്‍ കസ്തേലോ കാനോനിക പ്രായപരിധി 80 വയസ്സു തികഞ്ഞപ്പോള്‍ സമര്‍പ്പിച്ച സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടാണ് പുതിയനിയമനം പാപ്പാ ഫ്രാന്‍സിസ് നടത്തിയത്. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്‍റ്, 71 വയസ്സുള്ള കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ മേരി മേജര്‍ ബസിലിക്കയുടെ മുഖ്യപുരോഹിതനായി പാപ്പാ നിയോഗിക്കുന്ന പത്രിക, ഡിസംബര്‍ 28-Ɔ൦ തിയതി ബുധനാഴ്ചയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. 
റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ദൈവമാതാവിന്‍റെ നാമത്തിലുള്ള ഈ ബസിലിക്ക വലുപ്പംകൊണ്ട് ലോകത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമാണ്. അതുകൊണ്ടാണ് മേരി ‘മേജര്‍’ ബസിലിക്കയെന്ന് അത് അറിയപ്പെടുന്നത്. ക്രിസ്തുവര്‍ഷം 435-ലാണ് ദൈവമാതാവിന്‍റെ നാമത്തിലുള്ള ഈ മഹാദേവാലയം പണിതീര്‍ത്തത്. റോമിലെ ഏസ്ക്വിലിന്‍ കുന്നിലാണ് അതിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം.
അപ്പോസ്തോലിക യാത്രകള്‍ക്ക് മുന്‍പും പിന്‍പും ഈ മഹാദേവാലയത്തിലുള്ള “റോമിന്‍റെ രക്ഷിക,” (Salus Populi Romani) എന്ന ദൈവമാതാവിന്‍റെ പ്രതിഷ്ഠയ്ക്കു മുന്നില്‍ സ്വകാര്യമായും മൗനമായും പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുന്നത് പതിവാണ്.  രാജ്യാന്തര യാത്രകള്‍ കഴിഞ്ഞെത്തിയാലും റോമിലെ വിമാനത്താവളത്തില്‍നിന്നും മേരി മേജര്‍ ബസിലിക്കയില്‍ പോയി മാതൃസന്നിധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വത്തിക്കാനിലേയ്ക്ക് പോകുന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ പതിവാണ്. വത്തിക്കാനില്‍നിന്നും 5 കി.മീ. അകലെയാണ് അതിമനോഹരമായ മേരി മേജര്‍ മഹാദേവാലയം സ്ഥിതിചെയ്യുന്നത്.
എല്ലാവര്‍ഷവും ആഗസ്റ്റ് 5-Ɔ൦ തിയതിയോ, അതിനോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയോ  ഈ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിരുനാള്‍ ഇന്നും ആഗോളസഭയില്‍ ആചരിക്കപ്പെടുന്നു. റോമിലെ 4 പ്രധാനപ്പെട്ട ബസിലിക്കകളില്‍ ഒന്നാണ് മേരി മെയ്ജര്‍ ബസിലിക്ക. പത്രോശ്ലീഹായുടെ ഭൗദികശേഷിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന വത്തിക്കാനിലെ ബസിലിക്ക, റോമന്‍ ചുവരിനു പുറത്തെ പൗലോശ്ലീഹായുടെ രക്തസാക്ഷിത്വ സ്ഥാനത്തിന് അടുത്തുള്ള ബസിലിക്ക. പാപ്പായുടെ രൂപതയായ റോമിന്‍റെ ഭദ്രാസന ദേവാലയം - യോഹന്നാന്‍ ശ്ലീഹായുടെ നാമത്തിലുള്ള അവന്‍റൈന്‍ കുന്നിലെ ലാറ്ററന്‍ ബസിലിക്ക എന്നിവയാണ് അവ. 

Source: ml.radiovaticana.va

Attachments
Back to Top

Syro Malabar Live