തിരസ്കരിക്കപ്പെടുന്നവർക്ക് വൈദികർ സ്നേഹം പകരണം: മാർ ആലഞ്ചേരി ::Syro Malabar News Updates തിരസ്കരിക്കപ്പെടുന്നവർക്ക് വൈദികർ സ്നേഹം പകരണം: മാർ ആലഞ്ചേരി
27-December,2016

 
ചെറുതോണി: ലാഭേച്ഛ കൂടാതെ സമൂഹത്തിന് ശുശ്രൂഷചെയ്യുന്നവരാണ് വൈദികരെന്നും തിരസ്കരിക്കപ്പെടുന്നവർക്ക് സ്നേഹം പകരുകയാണ് അവരുടെ കടമയെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ രൂപതയിലെ 14 വൈദികർക്ക് കൈവയ്പു ശുശ്രൂഷവഴി തിരുപ്പട്ടം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആഗ്രഹങ്ങളും ക്ലേശങ്ങളും വൈദികർ ഏറ്റെടുക്കണം. ഇടുക്കി രൂപതക്ക് 15 വയസാകുകയാണ്.
 
അതേസമയം 15 പേരെ വൈദികരാക്കാൻ ഈ വർഷം സാധിച്ചതിൽ രൂപതാ ബിഷപ്പ് മാർമാത്യു ആനിക്കുഴിക്കാട്ടിൽ പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. 15 വർഷത്തിനിടെ ഇടുക്കിയിലെ പ്രാദേശിക സഭ ദൈവസഭയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. കുടിയേറ്റ മേഖലയായ ഇടുക്കിയിൽ ജനങ്ങളുടെ ദുരിതത്തിലും കഷ്ടപ്പാടിലും സഭ ഒപ്പം നിന്നിട്ടുണ്ട്.
 
ഭൂമിയുടെ ഉടമസ്‌ഥാവകാശ സമരത്തിലും കാർഷിക പ്രശ്നങ്ങളിലുമെല്ലാം ശ്രദ്ധേയമായ സ്വാധീനം വഹിക്കാൻ ഇടുക്കി രൂപതക്ക് സാധിച്ചിട്ടുണ്ട്. സീറോ മലബാർ സഭ പ്രത്യക്ഷമായും പരോക്ഷമായും ഇടുക്കിരൂപതയോടുകൂടെയുണ്ട്. വൈദികർക്ക് ദൈവജനത്തയും ദൈവജനത്തിന് വൈദികനെയും ആവശ്യമുണ്ട്.
 
ക്രിസ്തു ശിഷ്യൻമാരിലൂടെ കൈമാറിവന്ന പൗരോഹിത്യ ശുശ്രൂഷ വൈദികരിലൂടെ സഭയിൽ ഇന്നും തുടരുന്നു. ദൈവത്തിന്റെ അടുത്തുനിൽക്കാനും അൾത്താരയിൽ നിൽക്കാനുമായി ഇവർ തങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകാവുന്ന എല്ലാ ദുശീലങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്ത് വർഷങ്ങളുടെ പരിശീലനത്തിനുശേഷമാണ് പൗരോഹിത്യ ശുശ്രൂഷക്കായി തെരഞ്ഞെടുക്കപ്പെടുന്നതെന്നും കർദ്ദിനാൾ പറഞ്ഞു.
 
ഇടുക്കി രൂപത മെത്രാൻ മാർമാത്യു ആനിക്കുഴിക്കാട്ടിൽ, മാർ ജോർജ് പുന്നക്കോട്ടിൽ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ എന്നിവർ പട്ടം കൊടുക്കൽ ശുശ്രൂഷയിൽ സഹകാർമ്മികരായി പങ്കെടുത്തു.
 
തുടർന്ന് മെത്രാൻമാരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് വൈദികരും സന്യസ്തരും റോഷി അഗസ്റ്റിൻ എംഎൽഎ, ഫ്രാൻസിസ് ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ വിവിധ ഇടവകകളിൽനിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church