കാരുണ്യചൈതന്യത്തിൽനിന്നു സമാധാനത്തിൻറെ പിറവി::Syro Malabar News Updates കാരുണ്യചൈതന്യത്തിൽനിന്നു സമാധാനത്തിൻറെ പിറവി
25-December,2016

സംഘർഷങ്ങളും ആശങ്കകളും നിറഞ്ഞ ലോകത്തിനു സമാധാനത്തിൻറെ സന്ദേശവുമായെത്തുന്ന ക്രിസ്മസ് ഒരു ആശ്വാസ സ്പർശമാണ്. എന്നും മനുഷ്യരാശി ആഗ്രഹിച്ചിട്ടുള്ളതും എന്നാൽ, ലഭിക്കുക ദുഷ്കരമെന്നു മനസിലാക്കിയിട്ടുള്ളതുമാണു സമാധാനം. അലൗകികവും ആത്മാവിനെ തഴുകുന്നതുമായ ഒരു സമാധാന സന്ദേശം രണ്ടായിരം വർഷങ്ങൾക്കപ്പുറം വാനവീഥികളിൽ മുഴങ്ങിയപ്പോൾ അർധരാത്രിയുടെ ആലസ്യത്തിൽ മുഴുകിയ ജനതതിക്ക് അതു കേൾക്കാൻ കഴിഞ്ഞില്ല. എന്നാൽ തുറസായ സ്‌ഥലത്ത് തങ്ങളുടെ ആട്ടിൻകൂട്ടത്തിനു കാവൽ കിടന്നിരുന്ന ആട്ടിടയന്മാർ ആ ദിവ്യസന്ദേശം കേട്ടു. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതിയും ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനവും ആശംസിച്ച മാലാഖാവൃന്ദത്തിൻറെ സ്വരമാണവർ കേട്ടത്. അവർ സന്മനസുള്ളവരും ദൈവമല്ലാതെ ആരും കൂട്ടിനില്ലാത്ത പാവങ്ങളുമായിരുന്നു. നിർമലമായ ഹൃദയത്തിനു മാത്രം ശ്രവിക്കാനാവുന്ന സദ്വാർത്തയാണു സമാധാനം.

സകലജനത്തിനും വേണ്ട ിയുള്ള സദ്വാർത്തയായിരുന്നു യേശുവിൻറെ ജനനം. എന്നാൽ ജെറുസലേമിൽപോലും അത് എല്ലാവർക്കും സദ്വാർത്തയായില്ല. കാരണം എല്ലാവരുടെയും മനസ് അത്തരമൊരു വാർത്തയ്ക്കായി പാകമായിരുന്നില്ല. നൂറ്റാണ്ട ുകൾ കാത്തിരുന്ന രക്ഷകൻറെ വരവ് യാഥാർഥ്യമാകുന്നുവെന്ന അറിവുപോലും പലരെയും ഭയപ്പെടുത്തി. അധികാരവും സന്പത്തുമുണ്ടായിരുന്നവരാണ് ഭയപ്പെട്ടത്. ചോദ്യം ചെയ്യപ്പെടാത്ത അധികാരം ആസ്വദിച്ചിരുന്ന ഹേറോദേസ് രക്ഷകൻറെ വരവിനെ ഭയപ്പെട്ടു. അധികാരികൾക്കു ഭയം പിടിപെട്ടാൽ വലിയ പ്രശ്നമാണ്. ഹേറോദേസിൻറെ ഭയം കൊടുംക്രൂരതയിലേക്കു നയിച്ചു. പിഞ്ചുകുഞ്ഞുങ്ങളെ വെട്ടിക്കൊല്ലുന്നതിന് ഉത്തരവിടാൻ ആ രാജാവിന് മടിയുണ്ടായില്ല. ദൈവത്തിൻറെ പദ്ധതിയെ തകർക്കാൻ തൻറെ പദ്ധതിക്കു കഴിയില്ലെന്നു ഹേറോദേസ് അറിഞ്ഞില്ല.

ഇന്നും സദ്വാർത്തകളെ ഭയപ്പെടുന്നവരുണ്ട ്. അധികാരവും പണവും സ്വാധീനവും ഒക്കെ അവർക്കുണ്ടാകാം. സന്മനസുള്ളവർക്കു ജീവിതം ദുസഹമാക്കാൻ അവർ ശ്രമിക്കും. കാരണം നന്മ അവരെ ഭയപ്പെടുത്തുന്നു. മനുഷ്യരിൽ വിഭാഗീയത വളർത്താൻ ശ്രമിക്കുന്ന ശക്‌തികളെ ഭരിക്കുന്നതു ഭയാശങ്കകളാണ്. അനർഹമായി കൈയാളുന്ന അധികാരവും അന്യായമായി സമാഹരിച്ച സന്പത്തും ആരെയും സന്തുഷ്‌ടരാക്കില്ല. എന്നിരുന്നാലും അവർ സന്തോഷത്തിനായി പരക്കം പായും. ആ പാച്ചിൽ അവരെ അക്രമാസക്‌തരാക്കാം.

ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്‌ടിക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളും കലഹപ്രിയരായ നേതാക്കളും സമാധാനം കണ്ടെ ത്തുന്നില്ലെന്നു മാത്രമല്ല, മറ്റുള്ളവർക്കു ദുരിതം സൃഷ്‌ടിക്കുകയും ചെയ്യുന്നു. ആധുനിക ലോകത്തിലെ മിക്ക ദുരിതങ്ങൾക്കും കാരണം അത്തരക്കാരാണ്. സ്നേഹത്തിൻറെ സന്ദേശവുമായി എത്തുന്നവർക്ക് അവരിൽനിന്നു പീഡനവും പരിഹാസവും ഏൽക്കേണ്ട ിവരുന്നു. എന്നിരുന്നാലും സന്മനസും നന്മയുമുള്ളവർ തളരാത്ത ആത്മവീര്യത്തോടെ പ്രവർത്തിക്കും. അവരുടെ നന്മ യാണു സമൂഹത്തെ ഇന്നും നിലനിർത്തുന്നത്. ദൈവത്തിൻറെ സ്നേഹം മനുഷ്യപുത്രനിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. യേശു പ്രചരിപ്പിച്ചതു സ്നേഹമാണ്. സ്നേഹമായാണ് അവിടുന്നു ജീവിച്ചത്.

ആഗോള കത്തോലിക്കാ സഭ കരുണയുടെ വർഷം ആചരിച്ചതിൻറെ തൊട്ടുപിന്നാലെ എത്തിയിരിക്കുന്ന ഈ ക്രിസ്മസിന് സവിശേഷമായ അർഥമുണ്ട ്. സഹജീവിയോടുള്ള കാരുണ്യവും സ്നേഹവും ക്രിസ്മസിനേക്കാൾ ഉച്ചത്തിൽ പ്രഖ്യാപിക്കുന്ന മറ്റൊരു ഉത്സവമില്ല. ചുറ്റുപാടുമുള്ള കണ്ണീരും ദുഃഖവും തുടച്ചു മാറ്റുന്പോൾ മാത്രമേ ഓരോരുത്തരുടെയും ഉള്ളിലേക്കു സന്തോഷത്തിൻറെയും സമാധാനത്തിൻറെയും കിരണങ്ങൾ കടന്നുവരൂ. ഉണ്ണിയേശു തൻറെ ചുറ്റുപാടിനെ മുഴുവൻ സ്നേഹപ്രഭയിൽ ആഴ്ത്തി. ആട്ടിടയർക്ക് ഉണ്ണിയേശുവിൻറെ ദർശനം സായുജ്യമായി. കൊട്ടാരങ്ങളിൽ ഭയം അലയടിച്ചപ്പോൾ കാട്ടിൽ ഉറങ്ങിയവർ മാലാഖാമാരുടെ ഗാനം ശ്രവിച്ചു സുഷുപ്തിയിലേക്കു വീണു.

ക്രിസ്മസ് ക്രിസ്ത്യാനികൾക്കു മാത്രമല്ല, എല്ലാ ജനതകൾക്കും സുവിശേഷമാണ്. ആ ദിവ്യജനനം പല സമസ്യകൾക്കുമുള്ള ഉത്തരമായിരുന്നു. ജീവരക്ഷയ്ക്ക് ഉണ്ണിയേശു പലായനം ചെയ്യേണ്ട ിവന്നു. ഇന്നും അക്രമവും പലായനവും ലോകത്തിൻറെ ഏറ്റവും വലിയ പ്രശ്നങ്ങളാണ്. സിറിയയിൽനിന്നും പശ്ചിമേഷ്യയിലെ കലാപമേഖലകളിൽനിന്നും പലായനം ചെയ്യുന്ന സ്ത്രീകളും കുട്ടികളും സമകാലിക സമൂഹത്തിലെ അരക്ഷിതത്വത്തിൻറെ ചിത്രമാണു നൽകുന്നത്. അഭയം തേടുന്നവർക്കെതിരേ അതിർത്തിയിൽ മുള്ളുകന്പികൾ തീർക്കുന്നവരുണ്ട്; വാതിൽപ്പാളികൾ കൊട്ടിയടയ്ക്കുന്നവരുണ്ട്. യൂറോപ്പിലെ െരകെസ്തവ ഇടവകകൾ ഒരു അഭയാർഥികുടുംബത്തെയെങ്കിലും ദത്തെടുക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചത് പൂൽക്കൂടിൻറെ ചൈതന്യം ഉൾക്കൊണ്ടാണ്.

ക്രിസ്മസിൻറെ ചൈതന്യം ആഡംബരത്തിലല്ല, ലാളിത്യത്തിൻറെ സൗകുമാര്യത്തിലാണ് അനുഭവിക്കേണ്ടത്. പരിമിതമായ സൗകര്യങ്ങൾ പരാതി കൂടാതെ സ്വീകരിക്കാൻ സാധിക്കുന്ന മാനസികാവസ്‌ഥ ആധുനിക മനുഷ്യന് അപരിചിതമാണ്. അനവധിയാളുകൾ ദാരിദ്ര്യത്തിലും മരണഭയത്തിലും കഴിയുന്പോൾ സുഖലോലുപതയും ധൂർത്തും അക്രമം തന്നെ. പങ്കുവയ്ക്കലിൻറെയും പരസഹായത്തിൻറെയും പാഠങ്ങളാണു യേശു നൽകിയത്. ക്രിസ്മസ് നൽകുന്നതു സ്വാർഥതയില്ലാത്ത ഉൾച്ചേരലിൻറെയും വിശാലമായ കാഴ്ചപ്പാടുകളുടെയും ചൈതന്യമാണ്. ശാന്തരാത്രിയാണു വിശുദ്ധരാത്രിയായത്. ബലിയല്ല, കരുണയാണു ദൈവപുത്രൻ ആവശ്യപ്പെട്ടത്. യേശു ജനിച്ച പ്രശാന്ത രാത്രിയുടെ ഓർമയിലൂടെ സമാധാനത്തിൻറെയും കരുണയുടെയും അലൗകിക പ്രഭ ഓരോ മനുഷ്യഹൃദയത്തിലേക്കും പടരണം. ക്രിസ്മസ് ഒരു ദിവ്യജനനത്തിൻറെ അനുസ്മരണം മാത്രമല്ല, സംസ്കാരോദയത്തിൻറെ വിളംബരംകൂടിയാണ്.

 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church