ഡിസിഎൽ::Syro Malabar News Updates ഡിസിഎൽ
15-December,2016

കൊച്ചേട്ടന്റെ കത്ത് / തടയണം, ഈ ഭാഷാശോഷണം
 
സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
 
ഭാഷ, ആശയ വിനിമയത്തിന്റെ ഉപാധിയാണ്. ഭാഷ എല്ലാവർക്കുമുണ്ട്. എന്നാൽ എല്ലാവർക്കും ഒരേ ഭാഷയല്ല! അതിനാൽ, ഭാഷാവ്യത്യാസം അറിഞ്ഞുകൊണ്ട് നടത്തുന്ന വിനിമയം മാത്രമേ വിജയിക്കുകയുള്ളൂ. മറ്റൊരാളുടെ ഭാഷയെ വ്യാഖ്യാനിച്ചുകൊണ്ട് വേറൊരാൾ ആശയാവിഷ്കാരം നിർവഹിക്കുമ്പോൾ സ്വീകർത്താവിന് ഭാഷാപോഷണത്തിന്റെ അനുഭവമാണുണ്ടാകേണ്ടത്. പകരം ഭാഷാ ശോഷിണിയായാണ് വ്യാഖ്യാതാവ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ കാരത്തിലിട്ടു കഴുകേണ്ടിവരും!
 
ദൈവവിശ്വാസം ഒരു ഭാഷയാണ്. വിവിധ മതധാരകളുടെ അക്ഷരമാലകളിൽ അനുദിനം വിരചിതമാകുന്ന ഭാഷയാണ് ദൈവം. ഓരോ മതത്തിനും സ്വന്തമായ ഒരു ഭാഷയുണ്ട്. സംസാരത്തിനും സംസ്കാരത്തിനും ജീവിതശൈലിക്കും ഓരോ മതത്തിനും വ്യതിരിക്‌തമായ ഭാഷയുണ്ട്. മതങ്ങൾ കൂടുതലും ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും ഭാഷയാണ് പോഷിപ്പിക്കുന്നത്. ഇത്തരത്തിൽ ഓരോ മതധാരകൾക്കും അവരവരുടെ പൈതൃകം പകർത്തിയെഴുതാൻ സ്വന്തമായ ഒരു ഭാഷയുണ്ട്. ഒരു മതത്തിന്റെ ഭാഷ ആ മതധാരയുടെ തീരത്തു നില്ക്കുന്ന ഒരാൾ ഉപയോഗിക്കുമ്പോൾ ഭാഷാപോഷണം നടക്കണമെന്നില്ല, ഭാഷാ ശോഷണം നടക്കാനും മതി.
 
‘ദി ലാസ്റ്റ് സപ്പർ’ – ‘അവസാനത്തെ അത്താഴം’ എന്നത്, വിശ്രുത ചിത്രകാരനായ ലിയനാർഡോ ഡാവിഞ്ചി 15–ാം നൂറ്റാണ്ടിൽ വരച്ച വിഖ്യാത ചിത്രമാണ്. ക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം, തന്റെ കുരിശു മരണത്തിനു മുമ്പ് നടത്തിയ അവസാനത്തെ അത്താഴത്തിന്റെ ഒരു തൂലികാധ്യാനമാണ് ആ ചിത്രം. ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ച് ആ ചിത്രം, വിശുദ്ധ കുർബാനയുടെ സ്‌ഥാപനമുൾപ്പെടെ ക്രിസ്റ്റോളജിയുടെ ആഴത്തിലുള്ള അടയാളപ്പെടുത്തലാണ്. ആ ചിത്രം, ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഷയല്ല, ഒരു ചിത്രകാവ്യംതന്നെയാണ്. സ്വയം സംസാരിക്കുന്ന വിശ്വാസത്തിന്റെ അക്ഷരമാലയാണ് ദി ലാസ്റ്റ് സപ്പർ.
 
ഈ ചിത്രത്തെ വികലവും വിഷലിപ്തവുമായി വരച്ച് ഭാഷാ പോഷണം നടത്താനുള്ള ചിലരുടെ ഗൂഢതന്ത്രങ്ങൾ തകർത്തെറിയുന്നതിന്റെ ശബ്ദഘോഷങ്ങളാണ് ഇന്ന് നവമാധ്യമങ്ങൾ നിറയെ. വരച്ചയാളെ ഒരു കലാകാരൻ എന്നു വിളിക്കാനാവില്ല. വിശ്വാസത്തിന്റെ ഭാഷാശോഷണം ബാധിച്ച്, സാമാന്യവിവേകത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മഷിയുണങ്ങിയ, വിദ്വേഷത്തിന്റെ അടയാളമായേ വെളിച്ചത്തിന്റെ മക്കൾ അതിനെ കാണൂ.
 
വായനക്കാരന്റെ മനസിനെ രമിപ്പിക്കാൻ എന്തും കാണിക്കുന്നതാണ് ഭാഷാപോഷണം എന്ന് ചില മാധ്യമ ഗോലിയാത്തുമാർ ധരിച്ചുവശായിട്ടുണ്ട്. അവർ ഒന്നറിയണം. ആ നാട്ടുഭീമനായ ഗോലിയാത്തിന്റെ കണ്ണിൽ ഒരു ചെറിയ കരടുപോലെനിന്ന ദാവീദിന്റെ കൈയിൽ കവണയും കല്ലും വച്ചുകൊടുത്ത ദൈവം ഗോലിയാത്തിനേക്കാൾ വലിയവനായിരുന്നു. യഥാർഥ ദൈവവിശ്വാസവും സഹജീവി സ്നേഹവും മാത്രം കൈമുതലായുള്ള പാവം ദാവീദുമാരുടെ കവണയിൽനിന്നും അധികാരഗർവിന്റെ തിരുനെറ്റി ലക്ഷ്യമാക്കി പാഞ്ഞുവരുന്നുണ്ട്, അതിജീവനത്തിന്റെ ഉരുളൻ കല്ലുകൾ!
 
പരസ്പരം ആദരിക്കുന്ന മാന്യതയെ ബലഹീനതയായി ആരും തെറ്റിദ്ധരിക്കേണ്ട. ഒരാളെ, പരിഹസിക്കുമ്പോൾ മറ്റെയാളിൽനിന്നു കിട്ടുന്ന കൈയടി നൈമിഷികമാണെന്നറിയുക. നമുക്ക് അസത്യത്തിന്റെ ഭാഷയെ ശോഷിപ്പിക്കാം. സത്യത്തിന്റെ ഭാഷയെ പോഷിപ്പിക്കാം.
 
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
 
പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് ജനുവരി ഏഴിന് കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ
 
കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം പത്തനംതിട്ട പ്രവിശ്യാ ടാലന്റ് ഫെസ്റ്റും ചോക്ലേറ്റ് ക്വിസും 2017 ജനുവരി ഏഴിന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ്സ് പബ്ലിക് സ്കൂളിൽ നടക്കും. മേഖലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്‌ഥാനം നേടിയവ ർക്കാണ് പ്രവിശ്യാ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
 
പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. 
 
പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’ യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ട ങ്ങൾ. 2. മാലിന്യവും മലയാളിയും. ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും. 
 
കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക. 
 
എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും. പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്
കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ–ഓർഡിനേറ്റർ വർഗീസ്കൊച്ചുകുന്നേലിനെ സമീപിക്കുക. ഫോൺ: 9447137188.
 
ചങ്ങനാശേരി മേഖലാ ചോക്ലേറ്റ് ക്വിസ് ജനുവരി നാലിന് സെന്റ് ആൻസിൽ
 
ചങ്ങനാശേരി: ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖലാ ചോക്ലേറ്റ് ക്വിസ് ജനുവരി നാലിന് ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും. മത്സരങ്ങൾ രാവിലെ 10.30–ന് ആരംഭിക്കും. ഓരോ സ്കൂളിൽനിന്നും രണ്ടുപേർ വീതമടങ്ങുന്ന ടീമുകൾക്കാണ് മത്സരിക്കാവുന്നത്.
 
മത്സരത്തിൽ പങ്കെടുക്കുന്നവരുടെ പേരുകൾ ജനുവരി ഡിസംബർ 23– നു മുമ്പായി മേഖലാ ഓർഗനൈസറുടെ പക്കൽ നല്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ആൻസി മേരി ജോണിനെ സമീപിക്കുക. ഫോൺ: 9947521591.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church