കരുണയും ദീനതയും::Syro Malabar News Updates കരുണയും ദീനതയും
27-November,2016

റവ.ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

കരുണയുടെ ജൂബിലിവർഷ സമാപനത്തിനു പൊൻതൂവൽ ചാർത്താൻ ഫ്രാൻസിസ് മാർപാപ്പ നെയ്തെടുത്ത ഒരു കിരീടമാണു കരുണയും ദീനതയും’ (Misericordia et Misera) എന്ന അപ്പസ്തോലിക പ്രബോധനം. കരുണയെന്ന പുണ്യം നമ്മുടെ ഹൃദയങ്ങളിൽ വീണ്ടും തളിരിടുകയും പുഷ്പിക്കുകയും ചെയ്യണമെന്ന നിർബന്ധബുദ്ധിയോടുകൂടിയാണു ഫ്രാൻസിസ് പാപ്പ കരുണയുടെയും അനുകമ്പയുടെയും ആർദ്രതയുടെയും മുത്തുമണികൾ വിളക്കിച്ചേർത്ത് ഈ പ്രബോധനം പരിപാകപ്പെടുത്തിയിരിക്കുന്നത്. 

2015 ഡിസംബർ എട്ടിനു കരുണയുടെ ജൂബിലിവർഷം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പ പുറത്തിറക്കിയ കരുണയുടെ മുഖം (Misericordiae Vultus) എന്ന അപ്പസ്തോലികപ്രബോധനത്തിന്റെ തുടർച്ചയും പൂരകവും സമാപനവുമാണ് 2016 നവംബർ 20 നു ക്രിസ്തുവിന്റെ രാജത്വ തിരുനാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച കരുണയും ദീനതയും എന്ന പ്രബോധനം.


1. കരുണയും ദീനതയും തമ്മിലുള്ള കണ്ടുമുട്ടൽ

22 ഖണ്ഡികകളും 20 അടിക്കുറിപ്പുകളുമുള്ള ഈ അപ്പസ്തോലിക പ്രബോധനത്തിന്റെ തലക്കെട്ടായ കരുണയും ദീനതയും’(Misericordia et Misera) എന്നതു യോഹന്നാൻ ശ്ലീഹായുടെ സുവിശേഷത്തെക്കുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ വ്യാഖ്യാനത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ് (യോഹ 8: 1– 11). വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയുടെ സംഭവം വിവരിക്കുന്ന വേളയിൽ വിശുദ്ധ അഗസ്റ്റിൻ ഉപയോഗിക്കുന്ന ഒരു പദമാണു കരുണയും ദീനതയും’ എന്നത്. പാപിനിയായ അവളെ വിചാരണ ചെയ്യാനായി നിയമജ്‌ഞരും ഫരിസേയരും കൂടെ ഈശോയുടെ അടുക്കൽ കൊണ്ടുവരുന്നു. നിങ്ങളിൽ പാപമില്ലാത്തവർ ആദ്യം അവളെ കല്ലെറിയട്ടെ’ എന്ന ഈശോയുടെ വാക്കുകൾ കേട്ട് അവരെല്ലാവരും ലജ്‌ജിച്ച് പിന്തിരിഞ്ഞുപോയി. ഒടുവിൽ അവിടെ ഈശോയും ആ സ്ത്രീയും മാത്രം ശേഷിച്ചു’ (യോഹ 8: 9). 

ഈ സുവിശേഷഭാഗത്തെയാണു കരുണയും ദീനതയും (Misericordia et Misera) മാത്രം അവിടെ അവശേഷിച്ചു എന്നു വിശുദ്ധ അഗസ്റ്റിൻ വ്യാഖ്യാനിക്കുന്നത്. തന്മൂലം ഈ സുവിശേഷഭാഗമെന്നതു പാപിനിയും വിധികർത്താവും തമ്മിലുള്ള കണ്ടുമുട്ടലല്ല, മറിച്ചു രക്ഷകനും പാപിനിയും അഥവാ, കരുണയും ദീനതയും തമ്മിലുള്ള കണ്ടുമുട്ടലാണ്. തുടർന്ന് ഈശോ അവളെ സമാധാനത്തിൽ പറഞ്ഞയയ്ക്കുകയും പുതുജീവിതം ആരംഭിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു (ഖണ്ഡിക, 1). 

2. ക്ഷമയും കരുണയും ആനന്ദത്തിന്റെ കാതൽ

വാസ്തവത്തിൽ, ക്ഷമിക്കുന്ന സ്നേഹത്തെക്കുറിച്ചുള്ള വിവരണമാണു സുവിശേഷത്തിന്റെ കാതൽ. ഈശോ തന്റെ ജീവിതാവസാനംവരെ ക്ഷമയുടെ മൂല്യം മറ്റുള്ളവർക്കു കാണിച്ചുകൊടുത്തു (ലൂക്കാ 23: 34). ഈശോയുടെ ക്ഷമിക്കുന്ന സ്നേഹമാണു വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെയും (യോഹ 8: 1 – 11) ഗുരുവിന്റെ പാദങ്ങൾ കണ്ണീരുകൊണ്ടു കഴുകിയ പാപിനിയായ സ്ത്രീയെയും (ലൂക്കാ 7: 36 – 50) സ്വതന്ത്രരും സന്തോഷവതികളുമാക്കിത്തീർത്തത്.

ക്ഷമയുടെ ആനന്ദം അവർണനീയമാണ്. ഈ ആനന്ദം ധരിക്കുന്നവർ ദൈവത്തിൽ ജീവിക്കുമെന്നു ഹെർമാസിന്റെ ഇടയൻ’എന്ന അപ്പസ്തോലികഗ്രന്ഥം ഉദ്ധരിച്ചുകൊണ്ടു ഫ്രാൻസിസ് മാർപാപ്പ നമ്മെ പഠിപ്പിക്കുന്നു (ഖണ്ഡിക, 3). കർത്താവിൽ എപ്പോഴും ആനന്ദിക്കുവിൻ’ എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളും (ഫിലി 4: 4) ക്ഷമയും കരുണയും നാം പരിശീലിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. കരുണയുടെ അനുഭവം നമ്മുടെ സ്‌ഥായീഭാവമായി മാറുകയാണെങ്കിൽ ജീവിതപ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാൻ നമുക്കു കഴിയും. കരുണയെ ആഘോഷിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു (ഖണ്ഡിക, 5). വിശുദ്ധ കുർബാന, അനുരഞ്ജനകൂദാശ എന്നിങ്ങനെ രണ്ടു മാർഗങ്ങളിലൂടെ സഭ കരുണയെന്ന പുണ്യത്തെ തുടർന്നും ആഘോഷിക്കണമെന്നു മാർപാപ്പ നിർദേശിക്കുന്നു.

3. വിശുദ്ധ കുർബാന: കരുണയുടെ ആഘോഷം

കരുണയെ ആഘോഷിക്കാനുള്ള ഒന്നാമത്തെ മാർഗമെന്നതു വിശുദ്ധ കുർബാനയാണ്. വിശുദ്ധ കുർബാനയിലെ പ്രാർഥനകളിൽ ഉടനീളം കരുണയെന്ന യാഥാർഥ്യത്തെ കാണാൻ കഴിയും. കുർബാനയിൽ ദൈവവും ദൈവജനവും തമ്മിലുള്ള സുതാര്യമായ കരുണയുടെ സംഭാഷണമാണു നടക്കുന്നത് (ഖണ്ഡിക, 6). വിശുദ്ധ കുർബാന മധ്യേയുള്ള സുവിശേഷപ്രഘോഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ അപ്പസ്തോലികപ്രബോധനത്തിലും പാപ്പ ഊന്നിപ്പറയുന്നുണ്ട്. കരുണയുടെ ഉറവയിൽ നിന്ന് ഒഴുകുന്ന സ്നേഹമെന്ന രഹസ്യം കൂടുതൽ മനസിലാക്കാൻ ദൈവവചനം കൂടുതലായി ആഘോഷിക്കുകയും പ്രഘോഷിക്കുകയും ചെയ്യണം (ഖണ്ഡിക, 7). 

വൈദികന്റെ വചനപ്രഘോഷണം ഫലദായകമാകണമെങ്കിൽ ദൈവത്തിന്റെ അനന്തകാരുണ്യം അദ്ദേഹം അനുഭവിക്കേണ്ടതായിട്ടുണ്ട്. ദൈവസ്നേഹത്തെക്കുറിച്ചു പ്രഘോഷിക്കുകയെന്നതു പ്രസംഗചാതുര്യമല്ല, മറിച്ച് പൗരോഹിത്യത്തിന്റെ ആന്തരികത വെളിപ്പെടുത്തുന്ന ഒരു വ്യവസ്‌ഥയാണെന്നു മാർപാപ്പ വൈദികരെ ഓർമിപ്പിക്കുന്നു.


4. കുമ്പസാരം: ദൈവകരുണയുടെ കൂദാശ

കരുണയെ ആഘോഷിക്കാനുള്ള രണ്ടാമത്തെ മാർഗമെന്നത് അനുരഞ്ജനകൂദാശയാണ്. ഈ കൂദാശ വഴി ദൈവകരുണ സമൃദ്ധമായി നമ്മിൽ ചൊരിയപ്പെടുന്നു. കുമ്പസാരമെന്ന കൂദാശയിലൂടെ ദൈവപിതാവ് വീണ്ടും നമ്മെ സന്ദർശിക്കുകയും ദൈവമക്കളായി ഉയർത്തുകയും ചെയ്യുന്നു. അനുരഞ്ജനകൂദാശ വഴി തന്നിലേയ്ക്കു തിരിയാനുള്ള വഴി ദൈവം നമുക്കു തുറന്നുതരുന്നു. 

കുമ്പസാരത്തിനണയുന്നവരെ സ്നേഹത്തോടെ സ്വാഗതം ചെയ്യാനും അവർ ചെയ്ത തെറ്റിനെക്കുറിച്ചു പിതൃവാത്സല്യത്തോടെ ബോധ്യപ്പെടുത്തിക്കൊടുക്കാനും ധാർമികതത്ത്വങ്ങൾ വിശദീകരിച്ചുകൊടുക്കാനും, അനുതാപയാത്രയിൽ ക്ഷമയോടെ അനുഗമിക്കാനും, ദൈവത്തിന്റെ പാപമോചനം ഔദാര്യത്തോടെ പ്രദാനം ചെയ്യാനും വൈദികരെ ഫ്രാൻസിസ് മാർപാപ്പ ഉപദേശിക്കുന്നു. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ഈശോ തന്റെ നിശബ്ദത വഴി മരണത്തിൽ നിന്നു സംരക്ഷിച്ചതുപോലെ കരുണയുടെ ശുശ്രൂഷകരായ എല്ലാ വൈദികരും തുറവിയുള്ള ഹൃദയത്തോടെ അനുരഞ്ജനകൂദാശ പരികർമം ചെയ്യണമെന്നു പാപ്പ ഓർമിപ്പിക്കുന്നു (ഖണ്ഡിക, 10).


5. ജൂബിലി വർഷവും കരുണയുടെ അടയാളങ്ങളും

ജൂബിലി വർഷത്തിൽ കരുണയുടെ ദ്യശ്യമായ ധാരാളം അടയാളങ്ങൾ ഉണ്ടായിട്ടുണ്ട്. സമൂഹങ്ങൾ, കുടുംബങ്ങൾ, വ്യക്‌തികൾ തുടങ്ങിയവയെല്ലാം പങ്കുവയ്ക്കലിന്റെ ആനന്ദവും കൂട്ടായ്മയുടെ സൗന്ദര്യ വും അനുഭവിച്ചറിയുകയുണ്ടായി. തുടർന്നും കരുണയുടെ പുതിയ തരത്തിലുള്ള പ്രവർത്തനങ്ങൾക്കു രൂപംകൊടുക്കുകയും അവയെ ഉത്സാഹത്തോടും തീക്ഷ്ണതയോടുംകൂടെ പ്രാവർത്തികമാക്കുകയും ചെയ്യണമെന്ന് പാപ്പ ഉദ്ബോധിപ്പിക്കുന്നു. തന്മൂലം പരമ്പരാഗതമായ കാരുണ്യപ്രവൃത്തികൾക്കു പുതിയ രൂപവും ഭാവവും നല്കുകയാണു നമ്മുടെ ദൗത്യം. 

കരുണയുടെ ജൂബിലിവർഷം സമാപിക്കുകയും വിശുദ്ധകവാടം അടയ്ക്കുകയും ചെയ്തുവെങ്കിലും നമ്മുടെ ഹൃദയത്തിന്റെ കരുണയുടെ കവാടം എപ്പോഴും തുറന്നുകിടക്കണമെന്നു പാപ്പ പഠിപ്പിക്കുന്നു (ഖണ്ഡിക, 16). ദൈവസ്നേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു മനുഷ്യരുടെ പ്രശ്നങ്ങളെ നോക്കിക്കാണാൻ കരുണയുടെ അനുഭവം നമ്മെ പ്രേരിപ്പിക്കുന്നു. ഇതു നമ്മുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയും പുതിയ സൃഷ്ടികളാക്കുകയും ചെയ്യുമെന്നു ഫ്രാൻസിസ് മാർപാപ്പ സാക്ഷ്യപ്പെടുത്തുന്നു.


6. കരുണാർദ്രമായ ആനുകൂല്യങ്ങൾ

ഭ്രൂണഹത്യ എന്ന പാപം മോചിക്കാനുള്ള അധികാരം വൈദികർക്ക് ജൂബിലി വർഷത്തിൽ പാപ്പ നല്കുകയുണ്ടായല്ലോ. ഈ അധികാരം തുടർന്നും വൈദികർക്ക് ഉപയോഗിക്കാമെന്ന് പാപ്പാ ഈ രേഖയിൽ വ്യക്‌തമാക്കുന്നു (ഖണ്ഡിക, 12). എല്ലാ വൈദികരും ഇക്കാര്യത്തിൽ അനുതാപികൾക്കു മാർഗനിർദേശകരും ആശ്വാസകരുമായി വർത്തിക്കണമെന്നു മാർപാപ്പ ഉപദേശിക്കുന്നു.

കരുണയുടെ ജൂബിലി വർഷത്തിൽ കരുണയുടെ മിഷനറിമാരായി ലോകമെങ്ങും പോയവരെ പാപ്പാ നന്ദിയോടെ സ്മരിക്കുകയും മറ്റൊരു അറിയിപ്പു ലഭിക്കുന്നതുവരെ ആ ശുശ്രൂഷ തുടരാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു (ഖണ്ഡിക, 9). 


7. കാരുണ്യപ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുക

കാരുണ്യപ്രവൃത്തികൾ ചെയ്യാൻ സഭ പ്രോത്സാഹിപ്പിക്കുകയും മുന്നിട്ടിറങ്ങുകയും വേണം. നഗ്നരെ ഉടുപ്പിക്കുകയെന്നതു ശാരീരികമായ ഒരു കാരുണ്യപ്രവൃത്തിയാണ് (മത്താ 25: 36,38,44). നഗ്നനായി ഈശോ കുരിശിൽ കിടന്നപ്പോൾ അവന്റെ വസ്ത്രത്തിനായി പടയാളികൾ ചിട്ടിയിട്ടുവെന്നു സുവിശേഷകനായ വിശുദ്ധ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു (യോഹ 19 : 23–24). കുരിശിൽ കിടന്ന് തനിക്കുള്ളതെല്ലാം കർത്താവ് മറ്റുള്ളവർക്കായി പങ്കുവയ്ക്കുന്നു. കർത്താവിന്റെ മേല്ക്കുപ്പായമായിത്തീരാൻ വിളിക്കപ്പെട്ടിരിക്കുന്ന സഭ ഭൂമിയിലുള്ള നഗ്നരെ ഉടുപ്പിച്ചും അവരുടെ അന്തസ് പൂർവസ്‌ഥിതിയിലാക്കിയുമാണ് അവളുടെ നാഥനെ വീണ്ടും ഉടുപ്പിക്കേണ്ടത്്. 

ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു’ (മത്താ 25:36) എന്ന ഈശോയുടെ വാക്കുകളുടെ ഉൾക്കാമ്പ് മനസിലാക്കി നവീനരീതിയിലുള്ള ദാരിദ്ര്യങ്ങളിൽ നിന്നും പാർശ്വവത്കരണങ്ങളിൽ നിന്നും സഹോദരങ്ങളെ രക്ഷിക്കാനായി നമ്മൾ മുന്നിട്ടിറങ്ങണം (ഖണ്ഡിക 19). കരുണയുടെ സാമൂഹികമാനം നമ്മുടെ കപടതയും നിസംഗതയും ദൂരീകരിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ നീതിയും മാന്യമായ ജീവിതവും സമൂഹത്തിൽ സംജാതമാക്കാനുള്ള പരിശ്രമങ്ങളിൽ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെയെന്നാണു ഫ്രാൻസിസ് മാർപാപ്പ പ്രാർഥിക്കുന്നത്.


8. കരുണയുടെ സംസ്കാരം വളർത്തിയെടുക്കുക

വേദനിക്കുന്ന നമ്മുടെ സഹോദരങ്ങളിൽ നിന്നു മുഖം തിരിക്കുകയോ, അപരനെ നിസംഗതയോടെ വീക്ഷിക്കുകയോ ചെയ്യാത്ത കരുണയുടെ സംസ്കാരം വളർത്തിയെടുക്കാൻ പാപ്പാ നമ്മെ എല്ലാവരെയും ക്ഷണിക്കുന്നു (ഖണ്ഡിക 20). ജീവന്റെ സംസ്കാരത്തിനു വേണ്ടി ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിലകൊണ്ടതുപോലെ ഫ്രാൻസിസ് മാർപാപ്പ കരുണയുടെ സംസ്കാരം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്നു. കാരുണ്യപ്രവൃത്തികൾ നമ്മുടെ കരവേലകളായി പല രൂപത്തിൽ സമൂഹത്തിൽ അവതരിക്കണം. വളരെ ലളിതമായ കാരുണ്യപ്രവൃത്തികളിലൂടെ കരുണയുടെ സാംസ്കാരികവിപ്ലവം നടത്താൻ നമുക്കു കഴിയും. ഈ സമർപ്പണചിന്ത ഏറ്റെടുത്തു പാവങ്ങളോടു സഹാനുഭൂതി പുലർത്താൻ കരുണയുടെ ഈ കാലഘട്ടത്തിൽ നമ്മൾ ശ്രമിക്കണം. 

തീക്ഷ്ണമായ പ്രാർഥന, പരിശുദ്ധാത്മാവിനോടുള്ള വിധേയത്വം, വിശുദ്ധരുടെ ജീവിതമാതൃക അനുകരിക്കൽ, പാവങ്ങളോടുള്ള പക്ഷംചേരൽ എന്നിവ വഴിയാണു കരുണയുടെ സംസ്കാരം നമ്മൾ വളർത്തിയെടുക്കേണ്ടത്. പാവപ്പെട്ടവരെ മറക്കാതിരിക്കുക എന്നതാണു കരുണയുടെ അടിസ്‌ഥാനതത്ത്വം. പാവങ്ങളെപ്പറ്റി ചിന്തവേണം എന്നു മാത്രമേ ഞങ്ങളോട് അവർ ആവശ്യപ്പെട്ടുള്ളൂ. അതുതന്നെയാണ് എന്റെ തീവ്രമായ താല്പര്യം’ (ഗലാ 2:10) എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകൾ പാപ്പാ ഇവിടെ ഉദ്ധരിക്കുന്നു.


9. കരുണയിലൂന്നിയ നവസംരംഭങ്ങൾക്കു രൂപം കൊടുക്കുക 

ആരാധനാക്രമവത്സരത്തിലെ ഏതെങ്കിലുമൊരു ഞായറാഴ്ച ബൈബിൾ കൂടുതൽ വായിക്കുന്നതിനും പ്രഘോഷിക്കുന്നതിനുമായി നീക്കിവയ്ക്കണമെന്ന് ഈ അപ്പസ്തോലികരേഖ നിർദേശിക്കുന്നു. കൂടാതെ, ദൈവികവായനയുടെ (Lectio Divina) പരിശീലനം വഴി വിശുദ്ധ ഗ്രന്ഥം വായിച്ചു ധ്യാനിക്കാനും ആധ്യാത്മികജീവിതം മെച്ചപ്പെടുത്താനും പരിശ്രമിക്കണം. 

കരുണയിലൂന്നിയ വിശുദ്ധ ഗ്രന്ഥഭാഗങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു കാരുണ്യപ്രവൃത്തികൾ ചെയ്യാൻ വിശ്വാസികളെ സഹായിക്കുമെന്നു പാപ്പാ ഉപദേശിക്കുന്നു (ഖണ്ഡിക, 7). ക്രിസ്തുരാജന്റെ തിരുനാളിനു മുൻപുള്ള ഞായറാഴ്ച പാവങ്ങൾക്കുവേണ്ടിയുള്ള ദിനമായി ലോകമെങ്ങും ആചരിക്കാൻ പാപ്പാ ആവശ്യപ്പെടുന്നു (ഖണ്ഡിക 21). ചെറിയവരോടും ദരിദ്രരോടും സ്വയം താദാത്മ്യപ്പെടുത്തുകയും നമ്മുടെ കാരുണ്യപ്രവൃത്തികളനുസരിച്ചു നമ്മെ വിധിക്കുകയും ചെയ്യുന്ന (മത്താ 25:31–46) ക്രിസ്തുരാജന്റെ തിരുനാളിന് ഏറ്റവും അനുയോജ്യമായ ഒരുക്കമായിട്ടാണ്് ഈ നവസംരംഭത്തെ അപ്പസ്തോലികപ്രബോധനം വീക്ഷിക്കുന്നത്. 


ഉപസംഹാരം

കരുണയുടെ കവാടങ്ങൾ അടയ്ക്കപ്പെടുകയോ, കരുണയുടെ നദി വറ്റുകയോ, കരുണയുടെ ചക്രവാളങ്ങൾ അസ്തമിക്കുകയോ ചെയ്യുകയില്ലായെന്നതിന്റെ നേർസാക്ഷ്യമാണു ഫ്രാൻസിസ് മാർപാപ്പയുടെ കരുണയും ദീനതയും’ എന്ന അപ്പസ്തോലികപ്രബോധനം. ലളിതമായ ഭാഷയും ദൈവ–മനുഷ്യബന്ധിതമായ കാഴ്ചപ്പാടും കൊണ്ട് അലംകൃതമാണ് ഈ രേഖ. കരുണയുടെ ഭാഷ കൊണ്ടാണ് ഈ രേഖയുടെ 22 ഖണ്ഡികകളുടെയും ഊടും പാവും നെയ്തിരിക്കുന്നത്. അതുകൊണ്ട് കരുണയുടെ ഭാഷപഠിച്ചാൽ മാത്രമേ കരുണയുടെ കലവറയായ ഈ പ്രബോധനത്തിന്റെ പദാവലികളുടെയും വ്യാകരണത്തിന്റെയും അർഥതലങ്ങൾ നമുക്ക് മനസിലാകൂ. 

കരുണയുടെവർഷം സമാപിക്കുന്നുവെങ്കിലും കരുണയുടെ ഹൃദയകവാടങ്ങൾ എപ്പോഴും തുറന്നിടണമെന്നാണു ഫ്രാൻസിസ് മാർപാപ്പ ഈ അപ്പസ്തോലികപ്രബോധനത്തിലൂടെ നമ്മെ ഓർമിപ്പിക്കുന്നത്. കരുണയുടെ പ്രവാചകനായ ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾക്കു നമുക്കു കാതോർക്കുകയും കരുണയുടെ ഗൃഹപാഠങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യാം


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church