കറൻസി നോട്ട് പിൻവലിക്കലും സാമ്പത്തിക അരക്ഷിതാവസ്‌ഥയും::Syro Malabar News Updates കറൻസി നോട്ട് പിൻവലിക്കലും സാമ്പത്തിക അരക്ഷിതാവസ്‌ഥയും
25-November,2016

ഭാരതത്തിലെ സകല മാധ്യമങ്ങളും അതിപ്രാധാന്യംകൊടുത്തു ചർച്ച ചെയ്യുന്ന വിഷയമാണു രാജ്യത്തു ക്രയവിക്രയത്തിലുണ്ടായിരുന്ന 1000 രൂപയുടെയും 500 രൂപയുടെയും കറൻസി നോട്ടുകൾക്ക് ഈമാസം എട്ടു മുതൽ ക്രയവിക്രയ സാധുത ഇല്ലാതാക്കിയിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി. പൊതുജനങ്ങളുടെ മനസിൽ ഒരു ചോദ്യചിഹ്നംപോലെ അവശേഷിക്കുകയാണ് ഈ നടപടി. കാരണം മറ്റൊന്നുമല്ല. ഇതുവരെ തങ്ങൾ അധ്വാനിച്ചു കറൻസി നോട്ടുകളായി വീട്ടിലോ ബാങ്കിലോ മറ്റു പണമിടപാടു സ്‌ഥാപനങ്ങളിലോ സൂക്ഷിച്ചുവച്ചിരുന്ന പണം സ്വതന്ത്രമായി എടുക്കാനോ ചെലവഴിക്കാനോ കഴിയുന്നില്ല. തങ്ങളുടെ പണം നഷ്‌ടപ്പെടുമോ എന്നുപോലും ജനങ്ങൾക്കു ഭയമുണ്ട്. ആ ഭയം തീർത്തും അസ്‌ഥാനത്താണ് എന്നു പറയാനും സാധിക്കുകയില്ല. 
 
രാജ്യനന്മയ്ക്കുവേണ്ടി എടുത്ത നടപടി എന്നു ഗവൺമെന്റ് അവകാശപ്പെടുന്ന സാഹചര്യത്തിലും ജനാധിപത്യ ഗവൺമെന്റിനു യോജിച്ചവിധത്തിലുള്ള മുൻകരുതലുകളും പകരം സംവിധാനങ്ങളും സ്വീകരിക്കാതെ ഒറ്റ രാത്രികൊണ്ട് നോട്ട് പിൻവലിച്ചതു സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ദുരിതത്തിനു കാരണമായി എന്നതു തർക്കമറ്റ സംഗതിയാണ്. സത്യസന്ധമായി പണക്കാരനായവനും അനുദിന ജീവിതസന്ധാരണത്തിനായി കൂലിപ്പണി എടുക്കുന്ന പാവപ്പെട്ടവനും നോട്ട് മാറ്റിയെടുക്കാൻ ബാങ്കിന്റെ മുമ്പിലും എടിഎമ്മിന്റെ മുമ്പിലും ക്യൂ നിൽക്കേണ്ട അവസ്‌ഥ സംജാതമായിരിക്കുന്നു. ആവശ്യമായ പണം കിട്ടാത്തതിനാൽ ചികിത്സ അസാധ്യമായവരും ഭക്ഷണം കഴിക്കാൻപോലും ബുദ്ധിമുട്ടുന്നവരും അനവധിയുണ്ട്. 
 
ഇനിയും എത്രനാൾകൂടി ഈ അവസ്‌ഥ തുടരും എന്ന് ആർക്കും അറിഞ്ഞുകൂടാ. വ്യാപാര ഇടപാടുകൾ തുടങ്ങി പണം ആവശ്യമായ സകല മേഖലകളിലും മ്ലാനതയും മാന്ദ്യവും പടർന്നിരിക്കുന്നു. എല്ലാവരും ‘ഇനിയെന്ത്’ എന്ന ചോദ്യവുമായി കാത്തിരിക്കുകയാണ്.
 
രാജ്യത്തു ക്രയവിക്രയത്തിലുണ്ടായിരുന്ന കറൻസിനോട്ടുകളുടെ 86 ശതമാനം 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണെന്നു പറയുന്നു. അവയിൽ കുറെയേറെ ബാങ്കുകളിൽത്തന്നെ ഡെപ്പോസിറ്റിന്റെ രൂപത്തിലായിരിക്കും ഈ പിൻവലിക്കൽ സമയത്ത്. ബാക്കിയുള്ളതാണു പൗരന്മാരുടെ കൈയിലുണ്ടായിരുന്നിരിക്കുക. അതെത്രയാണെന്നു കൃത്യമായി പറയണമെങ്കിൽ ഭാരതത്തിലെ ബാങ്കുകളിലും മറ്റു നിക്ഷേപ സ്‌ഥാപനങ്ങളിലുംകൂടിയുള്ള ആകെ തുക എത്രയെന്നു തിരിച്ചറിയണം. അതുമാത്രം പോരാ, വിദേശത്തും മറ്റുമുള്ള കറൻസി വിനിമയ സ്‌ഥാപനങ്ങളിലും എത്രയുണ്ടെന്നു തിരിച്ചറിയണം. ബാക്കിയുള്ളവയായിരിക്കും പൗരന്മാരുടെ കൈയിൽ നോട്ടുകളായി ഉണ്ടാവുക. ഈ കണക്കുകൂട്ടലുകൾ വളരെ സങ്കീർണമായതിനാൽ യഥാർഥത്തിൽ പൗരന്മാരുടെ കൈയിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും എത്ര നോട്ടുകൾ ഉണ്ടാവും എന്നു പറയുക ബുദ്ധിമുട്ടാണ്. ഏതായാലും നിലവിലുള്ള ബാങ്കുനോട്ടുകളുടെ 86 ശതമാനത്തിന്റെ ഒരു ഭാഗം മാത്രമേ അങ്ങനെ പൗരന്മാരുടെ കൈയിലുണ്ടാവുകയുള്ളു എന്നതു നിസംശയമാണ്. പൗരന്മാരുടെ കൈയിലുള്ളതുതന്നെ വലിയൊരു ശതമാനം തത്കാലം അത്യാവശ്യത്തിന് ഉപയോഗിക്കേണ്ടവയും ആയിരിക്കുകയില്ല.
 
നോട്ടുകൾ അസാധുവാക്കാനുള്ള കാരണമായി കേന്ദ്രസർക്കാർ നിരത്തുന്ന കാരണം കള്ളനോട്ടുകളും കണക്കിൽപ്പെടാത്ത പണവും നിയന്ത്രിക്കുക എന്നതാണ്. എന്താണു കള്ളനോട്ട്? സർക്കാർ ഔദ്യോഗികമായി അച്ചടിച്ചിറക്കാത്ത നോട്ടുകൾ കള്ളനോട്ടുകൾ എന്നറിയപ്പെടുന്നു. ഇന്ത്യയിലുള്ളവരും രാജ്യത്തിനു പുറത്തുള്ളവരും കള്ളനോട്ടുകൾ അച്ചടിച്ചിറക്കി ഇവിടെ ചെലവാക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്. കള്ളനോട്ടുകൾ നമ്മുടെ സമ്പദ്വ്യവസ്‌ഥയ്ക്കു ദ്രോഹകരമാണ് എന്നതു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഇവ ഇല്ലായ്മ ചെയ്യുകതന്നെ വേണം. എന്നാൽ അവയെ കണ്ടെത്തി തിരിച്ചറിയുക എളുപ്പമല്ലാത്തതിനാൽ അപ്രകാരമുള്ള നോട്ടുകൾക്കു സമാനമായ വിലയുള്ളവ അസാധുവാക്കുക എന്നതാണു ഫലപ്രദമായ മാർഗം. 
 
രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നതാണു കള്ളപ്പണം. സർക്കാരിലേക്കു കണക്കുബോധിപ്പിക്കാതെ കറൻസിനോട്ടുകളും മറ്റുമായി വ്യക്‌തികളും സ്‌ഥാപനങ്ങളും സൂക്ഷിച്ചുവച്ചിട്ടുള്ളവയാണിത്. കള്ളപ്പണം കള്ളനോട്ടല്ലെന്നും സാധുവായ നോട്ടുകളാണെന്നും എടുത്തുപറയട്ടെ.
 
എങ്ങനെയാണു കള്ളപ്പണം ഉണ്ടാകുന്നത്? ഏതാനും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. നമ്മൾ ഒരു സ്‌ഥലം വാങ്ങിക്കുന്നുവെന്നു കരുതുക. ഓരോ പ്രദേശത്തും സർക്കാർ നിശ്ചയിച്ച ഒരു ചുരുങ്ങിയ സ്‌ഥലവിലയുണ്ടാകും. ആധാരത്തിൽ പലപ്പോഴും ആ വിലയായിരിക്കും കാണിക്കുക. എന്നാൽ, കൊടുക്കേണ്ടിവരുന്നത് അതിന്റെ രണ്ടോ മൂന്നോ മടങ്ങു തുകയായിരിക്കും. അപ്പോൾ ആധാരത്തിൽ കാണിച്ച തുക മാത്രമേ കൊടുക്കുന്നയാൾ കൊടുത്തതായി സർക്കാരിന്റെ കണക്കിൽപ്പെടുകയുള്ളു. ബാക്കിയുള്ള തുക കൂടി കൊടുക്കാതെ സ്‌ഥലം കിട്ടുകയുമില്ല. ആ സംഖ്യയാകട്ടെ കറൻസിനോട്ടുകളായി സ്‌ഥലം വിൽക്കുന്നയാൾക്കു കൊടുക്കേണ്ടിവരുന്നു. 
 
ആ തുക ആദായനികുതിയുടെ പരിധിയിൽ വരുന്നതാണെങ്കിൽ അയാൾ നികുതി കൊടുക്കേണ്ടിവരും. അതൊഴിവാക്കാനാണ് ആധാരത്തിൽ കാണിക്കാതിരിക്കുന്നത്. മാത്രമല്ല, പണത്തിന്റെ സ്രോതസും വെളിപ്പെടുത്തേണ്ടതായും വരും. സ്‌ഥലം വാങ്ങുന്ന ആൾ ഒരു കർഷകനാണെങ്കിൽ അയാളുടെ കൃഷിയിൽനിന്നു കിട്ടിയ ന്യായമായ സമ്പാദ്യമായിരിക്കാം സാധാരണഗതിയിൽ കൊടുക്കേണ്ടത്. നമ്മുടെ നാട്ടിൽ ചെറുകിട കർഷകർ പലപ്പോഴും കാർഷിക ആദായങ്ങൾ ബാങ്കിൽ നിക്ഷേപിക്കാതെ കൈയിൽ കരുതും. അതു സർക്കാരിന്റെ കണക്കിൽ വന്നിട്ടുമുണ്ടാകില്ല. എങ്കിലും കർഷകനെ സംബന്ധിച്ചിടത്തോളം അതു കള്ളപ്പണമല്ല. എന്നാൽ, ആ പണം സ്വീകരിക്കുന്ന ആളിനെ സംബന്ധിച്ചിടത്തോളം അതു കള്ളപ്പണമായി മാറും. കാരണം, അയാൾക്കതു ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. കൈയിലുള്ളതായി കണക്കു ബോധിപ്പിക്കാനും പറ്റില്ല. കാരണങ്ങൾ രണ്ടാണ്. 
 
1. ആധാരത്തിൽ കാണിച്ചിട്ടില്ല.
 
2. ഇരുപതിനായിരത്തിൽ കൂടുതലുള്ള തുകകൾ ബാങ്കുനോട്ടുകളായി കൈമാറാൻ പാടില്ല. 
 
ആധാരത്തിൽ വിലകുറച്ചു കാണിക്കുകവഴി സർക്കാരിനു ഫീസിനത്തിൽ നഷ്‌ടം വരുത്തിയതിനാൽ ശിക്ഷ ലഭിച്ചെന്നുവരാം. ഈ സ്‌ഥിതിയിൽ ആ പണത്തെ വീണ്ടും ഏതെങ്കിലും ഇതുപോലെയുള്ള ക്രയവിക്രയത്തിന് ഉപയോഗിക്കുക എന്നതു മാത്രമേ മാർഗമുള്ളു. അങ്ങനെ ഇവിടെ കള്ളപ്പണം സൃഷ്‌ടിക്കപ്പെടുന്നു. 
 
മറ്റൊരുദാഹരണം പറയാം. മുൻപറഞ്ഞ കർഷകൻതന്നെ ഒരു പഴയ വാഹനം വാങ്ങുന്നു. ഈ വാഹനത്തിനു കൊടുക്കുന്ന തുക നോട്ടായി അയാൾ വീട്ടിൽ സൂക്ഷിച്ചുവച്ചിരിക്കുന്നതിൽനിന്നായിരിക്കാം. ക്രയവിക്രയ നികുതിയും ആദായനികുതിയും കൊടുക്കാതിരിക്കാൻവേണ്ടി വാഹനം വിൽക്കുന്നയാൾ ആ പണം ബാങ്കിൽ നിക്ഷേപിക്കാതെ പണമായി സൂക്ഷിക്കുന്നു. അതു കള്ളപ്പണമാണ്. വാഹനത്തിന്റെ ഉടമസ്‌ഥന്റെ പേര് മാറ്റുന്നില്ലെങ്കിൽ ഈ കച്ചവടത്തെപ്പറ്റി സർക്കാർ അറിയുകയില്ല. 
 
മേൽപ്പറഞ്ഞ കർഷകൻ തന്നെ ഏതെങ്കിലും സർക്കാർ രേഖ കിട്ടാനായി ഏതെങ്കിലും ഓഫീസിൽ ചെല്ലുന്നു എന്നു കരുതുക. പലപ്പോഴും ബന്ധപ്പെട്ടവർക്കു കൈക്കൂലി കൊടുത്തില്ലെങ്കിൽ രേഖ കിട്ടുകയില്ല. എന്നതിനാൽ അയാൾ കൊടുക്കുന്നു. ഈ പണം കൈക്കൂലി വാങ്ങിയ ആൾക്ക് ബാങ്കിൽ നിക്ഷേപിക്കാൻ കഴിയില്ല. കാരണം എവിടെനിന്ന് കിട്ടി എന്നു ബാങ്കിനെ ബോധിപ്പിക്കേണ്ടിവരും. അതു സാധിക്കുകയില്ലല്ലോ. അങ്ങനെ ആ പണവും സർക്കാരിന്റെ കണക്കിൽപ്പെടാതെ മറ്റുകാര്യങ്ങൾക്കായി ഉപയോഗിക്കുന്നു. കൊടുത്ത ആൾ അയാൾ ന്യായമായി സമ്പാദിച്ച തുകയിൽനിന്നാണു കൊടുത്തതെങ്കിലും ഓഫീസറെ സംബന്ധിച്ചിടത്തോളം അതു കള്ളപ്പണമായി മാറുന്നു. 
 
ഇതുപോലെ കള്ളപ്പണം സൃഷ്‌ടിക്കപ്പെടുന്ന അനേകം മേഖലകളുണ്ട്. സ്‌ഥലം വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ ഇടനിലക്കാരനു ലഭിക്കുന്ന പണം അയാൾ സർക്കാരിനെ അറിയിക്കുന്നില്ലെങ്കിൽ കള്ളപ്പണമായി മാറും. പണം പലിശയ്ക്കു കൊടുക്കുന്നവരുടെ കാര്യവും ഇതുപോലെതന്നെയാണ്. ബില്ലില്ലാതെ നമ്മൾ കടയിൽനിന്നു സാധനം വാങ്ങിക്കുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. നികുതി കുറയ്ക്കാനാണ് എന്നു കടക്കാരൻ പറയുമെങ്കിലും യഥാർഥത്തിൽ അയാൾ വാങ്ങുന്നതു നമ്മൾ വാങ്ങുന്ന സാധനത്തിന്മേലുള്ള മുഴുവൻ വിലയുമായിരിക്കുമല്ലോ. അത് എല്ലാ നികുതിയും ഉൾപ്പെട്ടതാണുതാനും. എന്നാൽ, ബില്ലില്ലാത്തതുകൊണ്ട് നമ്മളിൽനിന്നു വാങ്ങിക്കുന്ന നികുതിത്തുക സർക്കാരിലേക്ക് അടയ്ക്കേണ്ടതില്ല. അങ്ങനെ അതും കള്ളപ്പണമായി മാറുന്നു. ഇങ്ങനെ ശരിയായ സമ്പാദ്യങ്ങൾ കള്ളപ്പണമായിമാറുന്ന അനേകം സന്ദർഭങ്ങളുണ്ട്. ഒരിക്കൽ കള്ളപ്പണമായിമാറിയാൽ പിന്നെ അതിനെ നിയമവിധേയമാക്കുക എളുപ്പമല്ല.
 
ഇനിയൊന്നു ചിന്തിച്ചുനോക്കുക. അഴിമതിക്കാരായ അനേകം ഉദ്യോഗസ്‌ഥരുള്ള ഈ ഭാരതത്തിൽ അവർ വഴി തന്നെ എത്രയോ കോടി രൂപയായിരിക്കും കള്ളപ്പണമായി മാറുക! അതുപോലെതന്നെ ഭൂമി രജിസ്ട്രേഷനിലൂടെയും ബില്ല് എഴുതാത്തതിലൂടെയും മറ്റു പല മാർഗങ്ങളിലൂടെയും ഉണ്ടാക്കുന്ന കള്ളപ്പണത്തിന്റെ അളവ് ഭീകരമായിരിക്കും. സർക്കാരിന്റെ കണക്കനുസരിച്ച് ഭാരതത്തിലെ ആകെയുള്ള പണത്തിന്റെ മൂന്നിലൊന്നോളം ഇപ്രകാരം കള്ളനോട്ടും കള്ളപ്പണവും ചേർന്നതാണ്. ഈ കള്ളപ്പണം ഉപയോഗിച്ചു നമ്മുടെ രാജ്യത്തെതന്നെ അസ്‌ഥിരപ്പെടുത്താൻ കഴിയും എന്ന കാര്യം നിസംശയമാണ്. 
 
എങ്ങനെയാണു കള്ളപ്പണം രാജ്യത്തിന്റെ പുരോഗതി തടസപ്പെടുത്തുക? കള്ളപ്പണം കൈയിലുള്ള ഒരാൾ വിദേശത്തു ജോലിയുള്ളവരും സ്‌ഥിരമായി പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നവരുമായ ആളുകളെ കണ്ടെത്തുന്നു. സാധാരണഗതിയിൽ ബാങ്കുകൾ മുഖേനയാണ് ഈ പണം വരേണ്ടത്. എന്നാൽ, അവർ ഇങ്ങോട്ടയയ്ക്കുന്ന വിദേശപ്പണത്തിന് ഇന്ത്യൻ ബാങ്കുകൾ കൊടുക്കുന്ന വിനിമയ നിരക്കിലും കൂടിയ തുക ഇവിടെയുള്ളവർക്കു കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. കൂടുതൽ തുക കിട്ടുമെന്നതിനാൽ സാധാരണക്കാർ ഈ കെണിയിൽ വീഴും. ഈ പണത്തിനാണു കുഴൽപ്പണം അഥവാ ഹവാലാപ്പണം എന്നു പറയുന്നത്. 
 
ഇവിടെ കൊടുത്ത തുകയ്ക്ക് തുല്യമായ വിദേശപ്പണം അവർ വിദേശത്തു വാങ്ങിക്കുകയും അതുപയോഗിച്ച് അവിടെ വില കുറച്ചു കിട്ടുന്ന സ്വർണവും ആയുധങ്ങളും മറ്റും വാങ്ങി ഭാരതത്തിലേക്കു കള്ളക്കടത്തായി എത്തിക്കുകയും ചെയ്യുന്നു. അവിടെ കൊടുത്തതിലും വലിയ വിലയ്ക്ക് അവർ ഇവിടെ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്നു. അവ വാങ്ങുന്നവർ കൊടുക്കുന്ന പണവും കള്ളപ്പണമായിരിക്കും. അതു വീണ്ടും കുഴൽപ്പണമാകുന്നു. ആയുധവും സ്വർണവും ഇവിടെ എത്തിയാൽ രാജ്യം അസ്‌ഥിരപ്പെടും എന്നു പറയേണ്ടതില്ലല്ലോ. 
 
പണം നോട്ടായി കൈമാറാൻ കഴിയുന്നു എന്നതുകൊണ്ടാണു മേൽപ്പറഞ്ഞ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. അപ്പോൾ അത്തരം പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം പണം കൈമാറുന്ന രീതി പൂർണമായും കറൻസിരഹിതമാക്കുക എന്നതാണ്. അതിലേക്കുള്ള ആദ്യത്തെ ചുവടുവയ്പാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. വികസിത രാജ്യങ്ങൾ അങ്ങനെ ആയിത്തീർന്നതിന്റെ രഹസ്യം കള്ളപ്പണവും കള്ളനോട്ടുമൊന്നും അവിടെ ഫലപ്രദമാകുകയില്ല എന്നതുകൊണ്ടാണ്. 
 
കള്ളപ്പണം എങ്ങനെ സാധാരണക്കാരനെ ബാധിക്കുന്നു? കള്ളപ്പണം കൈയിലുള്ളവർ അതു ബാങ്കിൽ നിക്ഷേപിക്കാൻ കഴിയാത്തതിനാലും അധ്വാനിച്ച് ഉണ്ടാക്കിയ പണമല്ലാത്തതിനാലും അതുപയോഗിച്ചു വസ്തുവകകളും തുണിത്തരങ്ങളും ഭക്ഷണസാധനങ്ങളുമൊക്കെ വാങ്ങിക്കൂട്ടി അത്യാർഭാട ജീവിതം നയിക്കും. ചന്തയിൽ ലഭിക്കുന്ന മീനിന്റെ വില അന്വേഷിക്കാതെയും ബാക്കി കിട്ടേണ്ടതു വാങ്ങിക്കാതെയും വില്പനക്കാരൻ പറയുന്ന വിലയ്ക്ക് അവർ മീൻ വാങ്ങി പോന്നെന്നിരിക്കാം. നല്ല വാഹനത്തിലും മറ്റും വന്നിറങ്ങുന്നവർ സാധനങ്ങളുടെ വില ചോദിക്കുമ്പോൾ കച്ചവടക്കാർ വില കൂട്ടിപ്പറയുന്നതു നിങ്ങൾ കണ്ടിരിക്കും. ഇതിനർഥം ഈ വസ്തുക്കൾ സാധാരണക്കാർക്കു സാവധാനം വാങ്ങാൻ പറ്റാതാകും എന്നതാണ്. 
 
കിടപ്പാടമില്ലാത്തവന് ഒരു തുണ്ട് ഭൂമിയോ, ഒരു കൂര വയ്ക്കേണ്ടവനു പത്തു ചാക്ക് സിമന്റോ, നിർധനരായ കാൻസർ രോഗികൾക്കു ജീവൻരക്ഷാ മരുന്നോ വാങ്ങാൻ സാധിക്കാത്തതു വിലയും ചെലവും കൂടുന്നതുകൊണ്ടാണല്ലോ. അങ്ങനെ സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാകുന്നു. മാത്രമല്ല കാലാകാലങ്ങളിൽ പണിയേണ്ടവയും പുതുക്കിപ്പണിയേണ്ടവയും നന്നാക്കേണ്ടവയുമായ റോഡുകളും പാലങ്ങളും സർക്കാർ സ്‌ഥാപനങ്ങളും ഇന്നത്തെ നിലയിൽ കിടക്കുന്നത് ഇത്തരത്തിൽ കൈക്കൂലിയും അഴിമതിയും നടത്താനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാനാണ് എന്നും നമ്മൾ അനുമാനിക്കണം. 
 
തെരഞ്ഞെടുപ്പിലും മറ്റും മത്സരിക്കാൻ സ്‌ഥാനാർഥികൾക്കു പണം കിട്ടുന്നതും പലപ്പോഴും ഈ വഴികളിലൂടെ തന്നെയായിരിക്കും. അവർ പണംകൊടുത്തു സമ്മദിദായകരെ സ്വാധീനിച്ചു ജയിച്ചെന്നുമിരിക്കും. അപ്പോൾ സത്യസന്ധരും രാജ്യത്തോടു കൂറുള്ളവരുമായവർ ഭരണത്തിൽവരുകയില്ല, നേരേമറിച്ച് കള്ളപ്പണവും ക്രിമിനൽ പശ്ചാത്തലവുമുള്ളവർ ഈ തലങ്ങളിലേക്കു കടന്നുവന്നെന്നുമിരിക്കും. അവരുടെ ഭരണം അത്തരത്തിലുള്ളവരെ സംരക്ഷിക്കുന്ന തരത്തിൽ ഉള്ളതായിരിക്കുമല്ലോ. 
 
ശരിയായ രീതിയിൽ സമ്പാദിച്ച പണമാണെങ്കിൽകൂടി അതു ബാങ്കിലൂടെ വരുമ്പോൾ മാത്രമാണു സർക്കാരിന്റെ കണക്കിൽപ്പെടുക. അങ്ങനെ വന്നാൽപ്പോലും ആദായം ഒരു പരിധി കഴിഞ്ഞാലേ നികുതി കൊടുക്കേണ്ടിവരികയുള്ളൂ. ഇന്നു ഭാരതത്തിലെ ഏറെ പേരുടെയൊന്നും പണം ബാങ്കിലൂടെ കടന്നുപോകുന്നില്ല എന്നതൊരു വസ്തുതയാണല്ലോ. അങ്ങനെ വരുമ്പോൾ ആദായനികുതിയിനത്തിലും മറ്റും ഭീമമായ സംഖ്യയാണു സർക്കാരിനു നഷ്പ്പെടുന്നത്. മാത്രമല്ല, പൗരന്മാരുടെ യഥാർഥ സാമ്പത്തികനില എന്തെന്നു സർക്കാരിനു മനസിലാകാതെയും വരും. അപ്പോൾ ആരാണ് സർക്കാരിന്റെ പ്രത്യേക പരിഗണന അർഹിക്കുന്നവർ അല്ലെങ്കിൽ അർഹിക്കാത്തവർ എന്നറിയാൻ കഴിയുകയില്ല. 
 
സർക്കാർ കൊടുക്കുന്ന സബ്സിഡികളും പ്രത്യേക സഹായങ്ങളുമെല്ലാം അതർഹിക്കുന്നവർക്കാണല്ലോ കിട്ടേണ്ടത്. പലപ്പോഴും നിശ്ചിതവരുമാനത്തിനു താഴെയുള്ളവർ എന്നതായിരിക്കും വ്യവസ്‌ഥ വയ്ക്കുക. എന്നാൽ, വരുമാനം എത്രയെന്നു സർക്കാരിനു നിശ്ചയമില്ലാത്തതിനാൽ വ്യക്‌തികളുടെ സത്യസന്ധതയെ ആശ്രയിക്കുകയേ നിർവർത്തിയുള്ളൂ. അത്തരം സത്യസന്ധത പൊതുവേ കുറവാണെന്ന് എല്ലാവർക്കുമറിയാം. അതിലൂടെ അർഹരായവർക്ക് കിട്ടാതിരിക്കുകയും അനർഹരായവർ ആനുകൂല്യങ്ങൾ നേടിയെടുക്കുകയും ചെയ്യും. കേരളത്തിൽ ഇപ്പോൾ റേഷൻ കാർഡ് കൊടുക്കാൻവേണ്ടി അതിനർഹരായവരുടെ മുൻഗണനാപ്പട്ടിക തയാറാക്കിയതിലുള്ള അപാകതകൾ ഈ രീതിയിൽ സംഭവിക്കുന്നതാണ്. നേരെമറിച്ച് ഇവിടെയുള്ള എല്ലാവരുടെയും വരുമാനം സംബന്ധിച്ച് കൃത്യമായ കണക്കുകൾ സർക്കാരിനുവേണ്ടി അപേക്ഷകരുടെ സത്യവാങ്മൂലമൊന്നും കൂടാതെ പട്ടിക തയാറാക്കാമായിരുന്നു. 
 
ഇതിനെല്ലാമുള്ള പരിഹാരമെന്താണ്? പണത്തിന്റെ കൈമാറ്റം പൂർണമായും കറൻസിരഹിതമാക്കി അവയുടെയെല്ലാം വിവരം സർക്കാരിന് എപ്പോഴും ലഭ്യമാകത്തക്കവിധം ബാങ്കിലൂടെ അഥവാ ഓൺലൈനായി ചെയ്യാൻ സംവിധാനം ഒരുക്കുക എന്നതാണത്. കംപ്യൂട്ടർ സാക്ഷരതയിലും മൊബൈൽഫോൺ വ്യാപനത്തിലും വളരെ മുന്നിലായ ഭാരതത്തിന് ഇത് അസാധ്യമൊന്നുമല്ല. 
 
എല്ലാവരും തങ്ങളുടെ സമ്പാദ്യങ്ങൾ ബാങ്കിലൂടെ കൈകാര്യം ചെയ്യുക. ചെക്ക്, ഡിഡി, ക്രെഡിറ്റ് ഡെബിറ്റ് കാർഡ്, മൊബൈൽ വാലറ്റ് തുടങ്ങിയവ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുക. അതുവഴി സർക്കാരിന് പൗരന്മാരുടെ യഥാർഥ സാമ്പത്തിക സ്‌ഥിതി മനസിലാക്കാൻ അവസരം കൊടുക്കുക. ക്രയവിക്രയങ്ങളെല്ലാം ബാങ്കിലൂടെ ആകുമ്പോൾ കള്ളപ്പണം ഇല്ലാതാവുകയും കൈക്കൂലിയും അഴിമതിയും തലവരിപ്പണവും വിലക്കയറ്റവും കുറയുകയോ, ഇല്ലാതാവുകയോ ചെയ്യുകയും ചെയ്യും. മാത്രമല്ല, നോട്ടുകൾ കൈകാര്യം ചെയ്യേണ്ടതില്ലാത്തതിനാൽ അവ അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ചെലവുകൾ ഗണ്യമായി കുറയുകയും ചെയ്യും. കള്ളന്മാർ കൊണ്ടുപോകും എന്ന പേടിയും വേണ്ട. ആവശ്യമെങ്കിൽ കൊച്ചുകൊച്ചു കാര്യങ്ങൾക്ക് ചെറിയ സംഖ്യയുടെ നോട്ടുകൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യാം. 
 
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഭാരതത്തെ കടലാസ് കറൻസി ഉപയോഗിക്കാത്ത, അഥവാ ബാങ്കുകളിലൂടെയും മൊബൈൽ ഫോണുകളിലൂടെയും മറ്റും ക്രയവിക്രയം നടത്തുന്ന ഒരു സ്‌ഥിതിയിലേക്ക് എത്തിക്കുമെന്നാണു കേന്ദ്രസർക്കാർ നൽകുന്ന സൂചനകൾ. ഇപ്പോഴത്തെ പോക്കുവച്ചുനോക്കുമ്പോൾ ചെക്കുകൾ പോലും വളരെ പരിമിതമായേ ആവശ്യം വരികയുള്ളൂ. എത്ര വലിയ തുകയും എത്ര ചെറിയ തുകയും എങ്ങോട്ടും ആരുടെ പേർക്കും കൈമാറ്റം ചെയ്യാൻ സാധിക്കുന്ന രീതികൾ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്. അവ ഭാരതത്തിൽ വ്യാപകമായിരിക്കുന്ന മൊബൈൽ ഫോണിന്റെയും വിവരസാങ്കേതിക വിദ്യകളുടെയും അടിസ്‌ഥാനത്തിലുള്ള ചില രീതികളാണ്. ഭൂമി വാങ്ങാനും വിൽക്കാനും എന്നതുപോലെ തന്നെ മീൻകാരനോടു മീൻ വാങ്ങാനും ഈ രീതി ഉപയോഗിക്കാവുന്നതാണ്. ഇപ്പോൾതന്നെ ഈ രീതി ഉപയോഗിക്കുന്നവരുണ്ട്. 
 
മേൽപ്പറഞ്ഞ രീതിയിൽ ക്രയവിക്രയങ്ങൾ നടത്താനായി കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ പേയ്മെന്റ് കോർപറേഷൻ എന്ന സാമ്പത്തിക വിഭാഗം പുറത്തിറക്കിയിട്ടുള്ള മൊബൈൽ ഫോൺ അടിസ്‌ഥാനപ്പെടുത്തിയ സൗകര്യമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേയ്സ്. ഇതുപയോഗിച്ചു സാമ്പത്തിക ഇടപാടുകൾ നടത്താൻ എളുപ്പമാണ്. ഒരു സ്മാർട്ട് ഫോൺ വേണം എന്നതാണ് അതിന്റെ ഒന്നാമത്തെ വ്യവസ്‌ഥ. രണ്ടാമത്തെ വ്യവസ്‌ഥ ആ ഫോണിൽ ഇന്റർനെറ്റ് സൗകര്യം ഉണ്ടാകണമെന്നുള്ളതാണ്. ഇതു രണ്ടും ഇന്നു ലഭിക്കാൻ യാതൊരു തടസവുമില്ല. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള സാങ്കേതികവിദ്യ വളരെ എളുപ്പമാണ്. അൽപ്പമൊന്നു ശ്രമിച്ചാൽ ആർക്കും പഠിക്കാവുന്നതേയുള്ളൂ. 
 
പേഴ്സിൽ വയ്ക്കാൻ നോട്ടില്ലാതായ സാഹചര്യത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് പേഴ്സിൽ പണം കൊണ്ടുനടക്കുന്നതുപോലെ എടുത്തുപയോഗിക്കാൻ പറ്റിയ മൊബൈൽ വാലറ്റുകളുടെ ഉപയോഗമാണ് മറ്റൊരു മാർഗം. മുഖ്യമൊബൈൽ സേവനദാതാക്കൾ എല്ലാംതന്നെ ഈ സംവിധാനങ്ങൾ നൽകുന്നുണ്ട്. മറ്റു കമ്പനികളും ഈ സൗകര്യം നൽകുന്നുണ്ട്. ഇതിനുപുറമേ മേൽപ്പറഞ്ഞ സാമ്പത്തിക വിഭാഗം തന്നെ പുറത്തിറക്കിയ റുപേ എന്ന ഡെബിറ്റ് കാർഡും ഉണ്ട്. ബാങ്കിലുള്ള പണം ഒരു നിശ്ചിത സംഖ്യവീതം ഈ വാലറ്റിലേക്കു റീചാർജ് ചെയ്താൽ ആവശ്യാനുസരണം നമുക്ക് അതുപയോഗിച്ച് സാധനങ്ങൾ വാങ്ങുകയോ കടം കൊടുക്കുകയോ ഫീസടയ്ക്കുകയോ എല്ലാം ചെയ്യാം. പണം വാങ്ങാനുള്ളയാളുടെ ഫോണിലും മേൽപ്പറഞ്ഞ സൗകര്യം വേണമെന്നേയുള്ളൂ. 
 
ഒരുപക്ഷേ പുതിയ രീതിയിൽ പണം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളെക്കുറിച്ചു പൊതുജനങ്ങളെ കുറച്ചുകൂടി ബോധവാന്മാക്കുകയും അവ സ്വീകരിക്കാൻ ഒരുക്കുകയും ചെയ്തതിനുശേഷം നോട്ടുകൾ പിൻവലിച്ചിരുന്നെങ്കിൽ സാധാരണക്കാരന്റെ ദുരിതം ഒട്ടുമുക്കാലും കുറയ്ക്കാമായിരുന്നു. നിർഭാഗ്യവശാൽ അതു സംഭവിച്ചില്ല. നോട്ട് പിൻവലിച്ച് സാഹചര്യത്തിൽ ഇനി പൗരന്മാർ എങ്ങനെ പണം കൈകാര്യം ചെയ്യണം എന്നും അതിനുള്ള മാർഗങ്ങൾ എന്തെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ഉൾപ്പെടുത്താമായിരുന്നു. അതും സംഭവിച്ചില്ല. തുടർന്നുവന്ന ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ ഇക്കാര്യം സർക്കാർ ജനങ്ങളെ അറിയിക്കേണ്ടതായിരുന്നു. 
 
കേരളത്തെ സംബന്ധിച്ചിടത്തോളം സാധാരണക്കാർ ധാരാളമായി ഉപയോഗപ്പെടുത്തുന്ന സഹകരണസ്‌ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതു ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ന്യായമായി സമ്പാദിച്ച പണം അതിൽ നിക്ഷേപിച്ചവർപോലും ഇപ്പോൾ ബുദ്ധിമുട്ടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമാർഗം, ഇവയെയും സ്വർണപ്പണയം സ്വീകരിച്ചു പണം കടം കൊടുക്കുന്ന സ്‌ഥാപനങ്ങളെയും ചിട്ടിക്കമ്പനികളെയും, അതുപോലെ പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്ന എല്ലാ സ്‌ഥാപനങ്ങളെയും പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് യാതൊരുവിധത്തിലുള്ള പണമിടപാടും സർക്കാർ അറിയാതെ നടത്താൻ പറ്റാത്ത രീതിയിൽ ആക്കുക എന്നതാണ്. 
 
എന്തുതന്നെയായാലും നോട്ട് പിൻവലിച്ച നടപടി റദ്ദാക്കുമെന്നു പ്രതീക്ഷിക്കേണ്ടതില്ല. അതിനെതിരേ നടത്തുന്ന സമരങ്ങളും ചർച്ചകളും ഫലവത്താകാനും ഇടയില്ല. അതിനാൽ പുതിയ രീതിയിലുള്ള പണമിടപാടു രീതികളിലേക്ക് എത്രയും വേഗം മാറുക എന്നതാണു യുക്‌തം. അതിനുള്ള അറിവ് പൊതുജനങ്ങൾക്കു പകർന്നുകൊടുക്കാനുള്ള ആർജവം ഇവിടത്തെ രാഷ്ട്രീയപാർട്ടികളും ഭരണാധികാരികളും മതനേതാക്കളും സന്നദ്ധസംഘടനകളും ഏറ്റവും കൂടുതലായി മാധ്യമങ്ങളും കാണിക്കേണ്ടതാണ്. നമ്മുടെ രാജ്യത്തെ അങ്ങനെ ഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറ്റി ഇവിടത്തെ പൗരന്മാരുടെ ജീവിതം സുഗമമാക്കാൻ എല്ലാവരും യത്നിക്കേണ്ടിയിരിക്കുന്നു. 
 
കള്ളപ്പണവും കള്ളനോട്ടും കൈക്കൂലിയും അഴിമതിയും തലവരിപ്പണവും ലഹരിമരുന്ന് വ്യാപാരവും അധോലോക പ്രവർത്തനങ്ങളും എല്ലാം ഒഴിവാക്കി നമ്മുടെ രാജ്യം ഭാസുരമായ ഒരു ഭാവിയിലേക്ക് പ്രവേശിക്കട്ടെ. അതുവഴി നമ്മുടെ രാജ്യത്തിന്റെ യശസ് ലോകരാജ്യങ്ങളുടെ ഇടയിൽ പതിന്മടങ്ങ് വർധിക്കും. 
 
മാർ ജോസ് പൊരുന്നേടം മാനന്തവാടി ബിഷപ്

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church