മാർ മാത്യു വട്ടക്കുഴിയുടെ സംസ്കാരം ഇന്ന്::Syro Malabar News Updates മാർ മാത്യു വട്ടക്കുഴിയുടെ സംസ്കാരം ഇന്ന്
24-November,2016

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസം അന്തരിച്ച കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ് മാർ മാത്യു വട്ടക്കുഴിയുടെ (86) ഭൗതികശരീരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ സംസ്കരിക്കും. 

സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. കത്തീഡ്രലിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിലാണ് സംസ്കാരം. കാഞ്ഞിരപ്പള്ളിയുടെ പ്രഥമ ബിഷപ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുസ്മരണം നടത്തും. വിശുദ്ധകുർബാന മധ്യേ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, സഹായമെത്രാൻ മാർ ജോസ് പുളിക്കൽ, വൈസ് ചാൻസലർ റവ.ഡോ.മാത്യു കല്ലറയ്ക്കൽ എന്നിവർ സഹകാർമികരായിരിക്കും. 

സംസ്കാരശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളിൽ സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അനുശോചന സന്ദേശം നൽകും. മാർ മാത്യു അറയ്ക്കൽ രൂപതയുടെ കൃതജ്‌ഞത അറിയിക്കും. വിടവാങ്ങൽ ശുശ്രൂഷയ്ക്കുശേഷം മഹാജൂബിലി ഹാളിനു സമീപത്തുകൂടി തമ്പലക്കാട് റോഡിലെത്തി ഗ്രോട്ടോ വഴി കത്തീഡ്രലിലേക്ക് നഗരികാണിക്കൽ ശുശ്രൂഷ നടക്കും. മുൻനിരയിൽ 10 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 കുരിശുകളും മുത്തുക്കുടകളും ഇവയ്ക്ക് പിന്നാലെ അല്മായർ, സിസ്റ്റേഴ്സ്, വൈദികർ എന്നിവരും പങ്കുചേരും. ഇതിനു പിന്നാലെ ഭൗതികശരീരം സംവഹിക്കും. നഗരികാണിക്കൽ ശുശ്രൂഷയ്ക്കുശേഷം കബറടക്കം.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church