സീറോ മലബാർ സഭയ്ക്കു റോമിൽ പുതിയ ആസ്‌ഥാനം::Syro Malabar News Updates സീറോ മലബാർ സഭയ്ക്കു റോമിൽ പുതിയ ആസ്‌ഥാനം
24-November,2016

റോം: സീറോ മലബാർ സഭയ്ക്കു റോമിൽ സ്വന്തമായി ഒരു ആസ്‌ഥാനമായി. വത്തിക്കാനിൽനിന്ന് അധികം ദൂരത്തിൽ അല്ലാതെ ഒരു ഏക്കർ സ്‌ഥലവും അതിനോട് അനുബന്ധിച്ചു താമസത്തിന് അനുയോജ്യമായ കെട്ടിടവും സംവിധാനങ്ങളും എല്ലാ നിയമവ്യവസ്‌ഥകളും പൂർത്തിയാക്കി സീറോ മലബാർ സഭ സ്വന്തമാക്കി.

പ്രധാന വീഥിയുടെ അരികെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിരമണീയമായ ഒരിടമാണ് സഭാപ്രവർത്തനങ്ങൾക്കായി സീറോ മലബാർ സിനഡ് കണ്ടെത്തിയിരിക്കുന്നത്.

സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയി നവംബറിൽ ചുമതല ഏറ്റെടുത്തിരിക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കുറെനാളുകളായി നടത്തിയ ആലോചനകളുടെയും അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണു റോമിലെ പുതിയ ആസ്‌ഥാനം. ഇതോടനുബന്ധിച്ചു കൂട്ടിച്ചേർക്കുന്ന പുതിയ കെട്ടിടത്തിന്റെ അടിസ്‌ഥാനശിലയുടെ ആശീർവാദവും നവീകരണ പ്രവർത്തനങ്ങളുടെ ആരംഭവും കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ സമാപന ദിനവും ക്രിസ്തുരാജന്റെ തിരുനാൾ ദിവസവും ആയ നവംബർ 20–ന് ഉച്ചകഴിഞ്ഞു സീ റോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.

അടിസ്‌ഥാന ക്രമീകരണങ്ങളും നവീകരണ പ്രവർത്തനങ്ങളും നിർമാണ പ്രക്രിയകളും പൂർത്തിയാക്കി അടുത്തവർഷം പകുതിയോടുകൂടി സീറോ മലബാർ സഭയുടെ റോമിലെ നിലവിലുള്ള സംവിധാനങ്ങളെ പുതിയ ആസ്‌ഥാനത്തുനിന്നുകൊണ്ട് കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഏറ്റവും ഊർജസ്വലതയോടെ നടപ്പിലാക്കാനും നന്നായി ക്രമീകരിക്കാനും കഴിയുമെന്ന പ്രത്യാശയുണ്ടെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.

മാർ സ്റ്റീഫൻ ചിറപ്പണത്ത്, റവ. ഡോ. ചെറിയാൻ വാരികാട്ട്, ഫാ. വിൻസന്റ് പള്ളിപ്പാടൻ, ഫാ. മാത്യു പൊട്ടംപറമ്പിൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. സനൽ മാളിയേക്കൽ, സിസ്റ്റർ മരിയ അസീസി എഫ്സിസി, പാരിഷ് കൗൺസിൽ സെക്രട്ടറി ചാണ്ടി പ്ലാമൂട്ടിൽ, സീറോ മലബാർ സഭയിലെ വിവിധ രൂപതകളുടെ പ്രതിനിധികളായ വൈദികർ, സന്യസ്ത സഭകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church