പാലാ രൂപതയിൽ എപ്പാർക്കിയൽ ഹ്യൂമൻ റിസോഴ്സ് ട്രഷറി::Syro Malabar News Updates പാലാ രൂപതയിൽ എപ്പാർക്കിയൽ ഹ്യൂമൻ റിസോഴ്സ് ട്രഷറി
13-November,2016

പാലാ: അജപാലനരംഗത്ത് പാലാ രൂപത പുതിയ കാൽവയ്പിനൊരുങ്ങുന്നു. സഭാപ്രവർത്തനങ്ങൾക്ക് വൈവിധ്യമാർന്ന മനുഷ്യവിഭവശേഷി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ എപ്പാർക്കിയൽ ഹ്യൂമൻ റിസോഴ്സ് ട്രഷറി രൂപീകരിച്ചാണ് പാലാ രൂപത പുതിയ ചുവടുവയ്പു നടത്തുന്നത്. സാംസ്കാരികം, സാഹിത്യം, ജുഡിഷൽ, സിവിൽ സർവീസ്, മെഡിക്കൽ, എൻജിനിയറിംഗ്, ഫിനാൻസ്, ജനറൽ എഡ്യുക്കേഷൻ, അഗ്രിക്കൾച്ചർ, ഇൻഡസ്ട്രി, സ്പോർട്സ്, ഗെയിംസ്, ജനറൽ സർവീസ്, ബൈബിൾ, തിയോളജി തുടങ്ങി പന്ത്രണ്ടോളം മേഖലയിൽനിന്നുള്ള ഇരുനൂറോളം പേരാണ് തിങ്ക് ടാങ്കിലെ പ്രാഥമിക അംഗങ്ങൾ. 

പാലാ രൂപതയുടെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളിലെ പ്രവർത്തനങ്ങളും കാർഷിക, വൈജ്‌ഞാനികരംഗങ്ങളിലെയും സാമൂഹികരാഷ്ട്രീയരംഗങ്ങളിലെയും സാന്നിധ്യങ്ങളും രൂപതയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളുടെ വിപുലമായ പ്രവർത്തനമണ്ഡലങ്ങളും തിങ്ക് ടാങ്ക് യോഗത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വിശദീകരിച്ചു. വൈദികസമൂഹവും അല്മായസമൂഹവും തമ്മിൽ ഉത്തരവാദിത്വപൂർണമായ പങ്കാളിത്തം വേണമെന്ന് ചടങ്ങിൽ പ്രസംഗിച്ച എംജി യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ ഡോ. സിറിയക് തോമസ് പറഞ്ഞു. വിദ്യാഭ്യാസസ്‌ഥാപനങ്ങളോടു ചേർന്ന് ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കണമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പറഞ്ഞു. 

സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെ ഒരു മീനച്ചിൽ അക്കാദമി രൂപീകരിക്കണമെന്ന് ഡോ. കുര്യാസ് കുമ്പളക്കുഴി പറഞ്ഞു. മധ്യതിരുവിതാംകൂറിൽ ജനങ്ങളുടെ ആയുർദൈർഘ്യം കുറയുന്നെന്നും ജീവിതശൈലീരോഗങ്ങൾ കൂടുന്നെന്നും തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ടി.കെ. ജോസ് അഭിപ്രായപ്പെട്ടു. 

മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഡോ. പി.ജി. തോമസ്, ഡോ. ഗ്രേഷ്യസ് തോമസ്, ഡോ. പി.ടി. തോമസ് പേഴുംകാട്ടിൽ, ജോൺ കച്ചിറമറ്റം, മുൻ ജില്ലാ ജഡ്ജി ജോസഫ് തെക്കേകുരുവിനാൽ, പ്രഫ. ലോപ്പസ് മാത്യു, ഡോ. ആൻസി ജോർജ് വടക്കേചിറയാത്ത്, ഡോ. ലിസ ജോസഫ് വടക്കേക്കുറ്റ്, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. തോമസ് വടക്കേൽ എന്നിവർ പ്രസംഗിച്ചു.

 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church