സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം::Syro Malabar News Updates സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതിയ മെത്രാഭിഷേകം
02-November,2016

റോം: മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ കത്തോലിക്കാ സഭയുടെ ഏകത്വവും വൈവിധ്യവും വിളിച്ചോതുന്നതായി. വിജാതീയരുടെ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ കബറിടം 
സ്‌ഥിതി ചെയ്യുന്ന സെന്റ് പോൾ പേപ്പൽ ബസിലിക്കായുടെ ആർച്ച്പ്രീസ്റ്റ് കർദിനാൾ ജയിംസ് മൈക്കിൾ ഹാർവെയുടെ സ്വാഗതപ്രസംഗംതന്നെ സഭയുടെ വൈവിധ്യവും കൂട്ടായ്മയും പ്രതിഫലിപ്പിക്കുന്നതായിരുന്നു. തോമാശ്ലീഹായുടെ മക്കളെ പൗലോസിന്റെ കബറിടത്തിലേക്കും ദേവാലയത്തിലേക്കും സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. തോമാശ്ലീഹായും പൗലോസ് ശ്ലീഹായും ഈ ചരിത്രമുഹൂർത്തത്തിൽ സ്വർഗത്തിലിരുന്നു സന്തോഷിക്കുന്നുണ്ടാകണം. കത്തോലിക്കാ സഭയുടെ ഏകത്വത്തിന്റെയും കൂട്ടായ്മയിലുള്ള വ്യക്‌തിഗത സഭകളുടെ തനിമയുടെയും പ്രതീകമാണ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേകമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
 
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ച മെത്രാഭിഷേകകർമങ്ങളിലെ പ്രാർഥനകളും വേറിട്ട അനുഭവമായി. വിശ്വാസികളുടെ പ്രാർഥന ഇറ്റാലിയൻ, മലയാളം, ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ ആയിരുന്നു. ദിവ്യഗീതങ്ങൾ മലയാളത്തിലും സുറിയാനിയിലും ഉണ്ടായിരുന്നു. ഡെൽറ്റസ് നയിച്ച ഗായകസംഘത്തിൽ ഇന്ത്യയിലെ മൂന്നു റീത്തുകളിലും പെട്ടവർ ഗാനങ്ങൾ ആലപിച്ചു.
 
മെത്രാൻ ക്രിസ്തുവിനെപ്പോലെ ആത്മീയ നായകനായി ക്രിസ്തുവിന്റെ സഹനത്തിൽ ഭാഗഭാക്കായി അവന്റെ ഉത്ഥാനത്തിലും സ്വർഗീയ സന്തോഷത്തിലും പങ്കുകൊള്ളേണ്ടവനാണെന്ന് ആശംസാപ്രസംഗത്തിൽ സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church