ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ പിന്തുടർന്നതു വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവിതം::Syro Malabar News Updates ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചൻ പിന്തുടർന്നതു വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവിതം
31-October,2016

ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ നൂറ്റിയെട്ടാം ചരമ വാർഷികം അദ്ദേഹത്തിന്റെ ജന്മസ്‌ഥലമായ എടത്വായിൽ നവംബർ ഒന്നിന് മാതൃ ഇടവകയുടേയും ഫ്രാൻസിസ്കൻ മൂന്നാം സഭയുടെയും നേതൃത്വത്തിൽ ആചരിക്കുകയാണ്. പുണ്യ ജീവിതത്തിന്റെ ഉദാത്ത മാതൃകയായി സഭയും ലോകവും അംഗീകരിച്ച മഹാ വിശുദ്ധനായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ അനുകരിക്കുകയും ഫ്രാൻസിസ്കൻ ആധ്യാത്മികതയുടെ പ്രചാരകനും പ്രബോധകനും പ്രഘോഷകനുമായി ജീവിക്കുകയും ചെയ്ത പുത്തൻ പറമ്പിൽ തൊമ്മച്ചൻ’’കേരള അസീസ്’’ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. തൊമ്മച്ചൻ 1836 ജൂലൈ എട്ടിന് ജനിച്ചു. 72–ാം വയസിൽ 1908 നവംബർ ഒന്നിന് ഇഹലോകവാസം വെടിഞ്ഞു.’
 
 
കയർകെട്ടിയവരുടെ സംഘം‘
 
അമ്മയുടെ ഹിതമറിഞ്ഞാണ് വൈദികനാകാനുള്ള മോഹം തൊമ്മച്ചൻ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചത്. മനസില്ലാമനസോടെ തൊമ്മച്ചൻ കുടുംബ ജീവിതം തെരഞ്ഞെടുത്തു. വിവാഹത്തിനുശേഷവും വിശുദ്ധ ജീവിതം നയിക്കാനുള്ള ആത്മദാഹം തൊമ്മച്ചനിൽ വളർന്നുവന്നു. 1865–ൽ അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിന് സാമൂഹിക മാനം കൈവന്നു. തൊമ്മച്ചന്റെ ഭക്‌തി ജീവിതത്തിൽ ആകൃഷ്ടരായ ഏതാനും അനുചരന്മാരെ ഒന്നിച്ചു കൂട്ടി വിശുദ്ധ ജീവിതം, ദളിതരുടെ ഉന്നമനം എന്നീ ലക്ഷ്യത്തോടുകൂടി ഒരു ആത്മീയ സംഘത്തിന് തൊമ്മച്ചൻ രൂപം കൊടുത്ത“ു. “കയറുകെട്ടിയവരുടെ ”സംഘം” എന്നാണ് ഈ ആത്മീയ പ്രസ്‌ഥാനത്തെ അക്കാലത്ത് ആളുകൾ വിളിച്ചിരുന്നത്.
 
മൂന്നാം സഭയിലേക്ക്
 
താമസിയാതെ തൊമ്മച്ചന്റെ പക്കൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ജീവിതചരിത്രവും ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ നിയമാവലിയും ലഭിച്ചു. കയർ കെട്ടിയവരുടെ സംഘം അനുവർത്തിച്ചുപോന്ന ജീവിതചര്യതന്നെയാണ് മൂന്നാംസഭയുടേതെന്നു മനസിലാക്കിയ തൊമ്മച്ചൻ കയർ കെട്ടിയവരുടെ സംഘത്തെ മൂന്നാം സഭയാക്കി മാറ്റാൻ ആഗ്രഹിച്ചു. അങ്ങനെ 1868 ൽ പാലാക്കുന്നേൽ വല്യച്ചന്റെ പക്കൽ നിന്നു മൂന്നാം സഭയുടെ ഔദ്യോഗിക വേഷം സ്വീകരിച്ചു. തുടർന്നുള്ള തൊമ്മച്ചന്റെ ജീവിതം ഫ്രാൻസിസ്കൻ മൂന്നാം സഭയ്ക്കുവേണ്ടി മാത്രം മാറ്റിവച്ചതായിരുന്നു. 
 
വാരാപ്പുഴ വികാരിയത്തിലൂടെ തലങ്ങും വിലങ്ങും തൊമ്മച്ചൻ മൂന്നാം സഭയുടെ സ്‌ഥാപനത്തിനു വേണ്ടി ഓടി നടന്നു. ഏതാണ്ട് അൻപതിലധികം യൂണിറ്റുകളും മൂവായിരത്തിലധികം അംഗങ്ങളും അക്കാലത്ത് മൂന്നാം സഭയ്ക്ക് ഉണ്ടായിരുന്നു. 2018–ൽ മൂന്നാം സഭ ഭാരതത്തിൽ സ്‌ഥാപിതമായിട്ട് 150 വർഷം പൂർത്തിയാകുയാണ്. 
 
പൂന്തോപ്പുപള്ളി
 
മൂന്നാം സഭയുടെ പ്രവർത്തനത്തിന് ഒരു കേന്ദ്രം ആവശ്യമാണെന്നു മനസിലാക്കിയ തൊമ്മച്ചൻ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള പോളെയിലെ ചാപ്പൽ പുനരുദ്ധരിച്ച് ദേവാലയമാക്കി മാറ്റി. പൊളെ പ്രദേശത്തിന് പൂന്തോപ്പ് എന്നു തൊമ്മച്ചൻ നാമകരണം ചെയ്തു. അവിടെ ആരംഭിച്ച പള്ളി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിൽ അറിയപ്പെടാനും തുടങ്ങി. തൊമ്മച്ചന്റെ ഫ്രാൻസിസ്ക്കൻ ജീവിതശൈലിയുടെ സ്പന്ദിക്കുന്ന ഓർമയാണ് പൂന്തോപ്പ് പള്ളി.
 
തീഷ്ണമതിയായ അനുചരൻ
 
ഈശോയെ അടുത്ത് അനുകരിക്കാൻ വിശുദ്ധ ഫ്രാൻസിസ് അസീസി അനുധാവനം ചെയ്താൽ മതി എന്നുള്ള ആത്മബോധം തൊമ്മച്ചൻ ആഴത്തിൽ ആർജിച്ച വികാരമായിരുന്നു. ദളിതരുടേയും ദരിദ്രരുടേയും ഇടയിൽ അവരിൽ ഒരാളായി പ്രവർത്തിച്ചും, തീർഥാടനം നടത്തിയും ഘോരവനങ്ങളിൽ തപസ് അനുഷ്ഠിച്ചും തൊമ്മച്ചൻ അക്ഷരാർഥത്തിൽ ഫ്രാൻസിസ് അസീസിയെ അനുകരിച്ചു.
 
ദിവ്യകാരുണ്യ ആരാധന സഭ ഫ്രാൻസിസ്കൻ ക്ലാര സഭ ഇവയുടെ സ്‌ഥാപനത്തിനും വളർച്ചയ്ക്കും പ്രത്യക്ഷമായും പരോക്ഷമായും തൊമ്മച്ചൻ പ്രോത്സാഹനം നൽകി. അന്ത്യനിമിഷങ്ങൾ തൊമ്മച്ചന്റെ ജീവിതവിശുദ്ധി തൊട്ടറിഞ്ഞ സമയമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങൾ. തന്റെ മരണത്തെപ്പറ്റി തൊമ്മച്ചൻ മുൻ കൂട്ടി പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണം വളരെ ശാന്തമായ സന്തോഷകരമായ ഒരു കടന്നുപോകലായിരുന്നു. 
 
തന്റെ ആത്മീയ ഗുരുവും എടത്വ പള്ളി വികാരിയും പിന്നീട് ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായിത്തീർന്ന മാർ തോമസ് കുര്യാളശേരി പിതാവിന്റെ “””തൊമ്മച്ചനെ ദൈവസന്നിധിയിൽ ഞാൻ”കാണുന്നു എന്ന പ്രസ്താവന സഭാ സമൂഹത്തിൽ ഇന്നും ജ്വലിക്കുന്ന ഓർമയാണ്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church