ആവേശമുണർത്തി കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമം::Syro Malabar News Updates ആവേശമുണർത്തി കത്തോലിക്കാ കോൺഗ്രസ് നേതൃസംഗമം
23-October,2016

കൊച്ചി: കാലഘട്ടത്തിന്റെ സൂചനകൾ തിരിച്ചറിഞ്ഞു സഭയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള അല്മായരുടെ മുന്നേറ്റം സജീവമാക്കേണ്ടതുണ്ടെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്കാ കോൺഗ്രസിന്റെ യൂണിറ്റ്, ഫൊറോന പ്രസിഡന്റുമാരുടെയും രൂപത കേന്ദ്ര ഭാരവാഹികളുടെയും നേതൃസംഗമം (ഉണർവ് 2016) കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയുടെ മുഖം സാമൂഹ്യരംഗങ്ങളിൽ പ്രതിഫലിപ്പിക്കുന്നതിനുള്ള കടമ അല്മായ നേതാക്കൾക്കുണ്ട്. ഏതെങ്കിലും ഒരു രംഗത്തിലല്ല, സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ക്രിസ്തീയ സാക്ഷ്യം നൽകാൻ സാധിക്കണം. ഇതര സമൂഹങ്ങളുമായി ചേർന്നു സാമൂഹ്യ മുന്നേറ്റത്തിനായി പരിശ്രമിക്കാൻ നമുക്കു കഴിയണം. സാമൂഹ്യ വിഷയങ്ങളിൽ ക്രിയാത്മകമായി പ്രതികരിച്ചും ദരിദ്രരെയും അവഗണിക്കപ്പെടുന്നവരെയും പ്രത്യേകമായി പരിഗണിച്ചും കത്തോലിക്കാ കോൺഗ്രസിന്റെ അല്മായ മുന്നേറ്റം കൂടുതൽ ഊർജിതമാക്കണം. സഭയ്ക്കും സമൂഹത്തിനും വേണ്ടിയുള്ള സേവന പ്രവർത്തനങ്ങൾ നിറഞ്ഞ സംതൃപ്തിയോടെയാണു നിർവഹിക്കേണ്ടതെന്നും കർദിനാൾ പറഞ്ഞു. 

സമുദായംഗങ്ങളുടെ ഭൗതിക സുസ്‌ഥിതി ഉറപ്പാക്കാൻ കത്തോലിക്ക കോൺഗ്രസ് കൂടുതൽ ഉണർന്നു പ്രവർത്തിക്കേണ്ട കാലഘട്ടമാണിതെന്നു അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം ഉണർവ് 2016 കർമപദ്ധതികൾ അവതരിപ്പിച്ചു. 

സംസ്‌ഥാന ഡയറക്ടർ ഫാ.ജിയോ കടവി, മുൻ ഡയറക്ടർ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, സെലിൻ സിജോ എന്നിവർ പ്രസംഗിച്ചു. 

ദീപിക സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു “21–ാം നൂറ്റാണ്ടിന്റെ സാമ്പത്തിക കരുതലുകൾ’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. “മാലിന്യ സംസ്കരണവും സുസ്‌ഥിര കൃഷിയും’ എന്ന വിഷയത്തിൽ ശാസ്ത്രജ്‌ഞൻ ജോഷി വി. ചെറിയാൻ, “സാമൂഹ്യ രാഷ്ട്രീയ ദർശനം എന്ന വിഷയത്തിൽ പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവരും ക്ലാസുകൾ നയിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ജോർജ് ഓലിയപുറം മോഡറേറ്ററായി.

കത്തോലിക്ക കോൺഗ്രസിന്റെ വിവിധ പുരസ്കാരങ്ങൾ സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് സമർപ്പിച്ചു. പി.സി. ഏബ്രാഹം മെമ്മോറിയൽ അല്മായ പ്രേഷിതൻ അവാർഡ് പി.യു. തോമസും ഒ.എം. ജോൺ ഓലിക്കൽ മതബോധന അവാർഡ് പി.എം. അഗസ്റ്റിനും സിസ്റ്റർ ജോസിലി എഫ്സിസിയും കലാ, സാംസ്കാരിക അവാർഡ് സിബി വലിയപറമ്പിലും ഗായകൻ തോപ്പിൽ ആന്റോയും സിറിയക് കണ്ടത്തിൽ അവാർഡ് മേരി എസ്തപ്പാനും സാമൂഹ്യസേവന കത്തോലിക്ക കോൺഗ്രസ് അവാർഡ് റോബിൻ അരീപ്പറമ്പിലും ഏറ്റുവാങ്ങി


Source: deepika.com

Attachments




Back to Top

Syro Malabar Live