പൗരാണിക സാംസ്കാരിക സംസ്കൃതിയിൽ സുറിയാനി ഭാഷയ്ക്ക് അതുല്യസ്‌ഥാനം: മാർ ആലഞ്ചേരി ::Syro Malabar News Updates പൗരാണിക സാംസ്കാരിക സംസ്കൃതിയിൽ സുറിയാനി ഭാഷയ്ക്ക് അതുല്യസ്‌ഥാനം: മാർ ആലഞ്ചേരി
13-October,2016

കൊച്ചി: പൗരാണിക സാംസ്കാരിക സംസ്കൃതിയിൽ സുറിയാനി ഭാഷയ്ക്ക് അതുല്യസ്‌ഥാനമാണുള്ളതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ–മലബാർ സഭയുടെ ആസ്‌ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ലിറ്റർജിക്കൽ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌ഥാപിതമായ ‘മാർ വാലാഹ് സിറിയക് അക്കാദമി’ സംഘടിപ്പിച്ച പൗരസ്ത്യ സുറിയാനി പഠനക്യാമ്പിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

ആധുനിക ഭാഷകളേക്കാൾ സംസ്കൃതം, ഹീബ്രൂ, ഗ്രീക്ക്, ലത്തീൻ, അറമായ, സുറിയാനി എന്നീ പൗരാണിക ഭാഷകൾക്കു കുറഞ്ഞ പദാവലികൊണ്ട് അർഥവ്യാപ്തിയുള്ള കൂടുതൽ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുമെന്നു കർദിനാൾ ചൂണ്ടിക്കാട്ടി. രണ്ടായിരം വർഷമായി മാർത്തോമ്മാ ക്രിസ്ത്യാനികൾ കൈകാര്യം ചെയ്തുപോരുന്ന സുറിയാനി ഭാഷയുടെ പഠനം ഈശോയുടെ കാലഘട്ടത്തിലേക്കും സംസ്കാരത്തിലേക്കും എളുപ്പത്തിൽ കടന്നുചെല്ലാൻ സഹായിക്കുമെന്നു കർദ്ദിനാൾ അഭിപ്രായപ്പെട്ടു. 

ഈശോ സംസാരിച്ച ഈ ഭാഷ നാലാം നൂറ്റാണ്ടു മുതൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനക്രമ ഭാഷകൂടിയാണ്. പേർഷ്യാ, മെസപ്പൊട്ടോമിയ, അന്ത്യോക്യ, ജറുസലേം എന്നിവിടങ്ങളിൽനിന്നു കച്ചവടത്തിനായി കേരളത്തിലെത്തിയ വ്യാപാരികളുമായിട്ടുള്ള ആശയവിനിമയ ഭാഷ കൂടിയായിരുന്നു സുറിയാനി. പുരാതന ഏഷ്യാ മൈനറുമായിട്ടുള്ള അവികലമായ സാഹോദര്യ ബന്ധത്തിന്റെ സ്മരണകളിലേക്ക് ഈ ഭാഷാപഠനം സഹായിക്കുമെന്നും കർദിനാൾ സൂചിപ്പിച്ചു. ഇന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടിയേറി പാർത്തിരിക്കുന്ന ഇറാക്ക്, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ ക്രൈസ്തവരുടെ അനുദിനഭാഷകൂടിയാണു സുറിയാനി എന്നും അദ്ദേഹം ഓർമിച്ചു.

പൗരസ്ത്യ സുറിയാനി പഠനത്തിനും ഗവേഷണങ്ങൾക്കുമായി സീറോ–മലബാർ സിനഡിന്റെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച ‘മാർ വാലാഹ് സിറിയക് അക്കാദമിയിലെ നാലാമതു ബാച്ചിനുള്ള സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് കർദിനാൾ വിതരണം ചെയ്തു. അക്കാദമി ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. റവ. ഡോ. പീറ്റർ കണ്ണമ്പുഴ, റവ. ഡോ. ഫ്രാൻസീസ് പിട്ടാപ്പിള്ളിൽ, ഫാ. മാത്യു തെക്കേടം, സിസ്റ്റർ കൊച്ചുത്രേസ്യാ എന്നിവർ ക്ലാസുകൾ നയിച്ചു. മാർ പോളി കണ്ണൂക്കാടൻ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, റവ. ഡോ. പീറ്റർ കണ്ണമ്പുഴ, റവ. ഡോ. ആന്റണി കൊള്ളന്നൂർ, റവ. ഫാ. മാത്യു പുളിമൂട്ടിൽ, റവ. ഡോ. ജോസ് ചിറമേൽ, ഫാ. ജോബി മാപ്രക്കാവിൽ, സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ബ്ലെസിൻ, സിനു മാത്യൂ എന്നിവർ പഠനശിബിരത്തിനു നേത്യത്വം നൽകി. 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church