മദര്‍ തെരേസ ദൈവകരുണ പകര്‍ന്നു നല്‍കി: മാര്‍പാപ്പ::Syro Malabar News Updates മദര്‍ തെരേസ ദൈവകരുണ പകര്‍ന്നു നല്‍കി: മാര്‍പാപ്പ
05-September,2016

ദൈവകരുണ പകര്‍ന്നുനല്‍കുന്ന വിശുദ്ധമായൊരു ഉപകരണമായിരുന്നു മദര്‍ തെരേസڈ- വത്തിക്കാന്‍ ചത്വരത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ ജനലക്ഷങ്ങളെ സാക്ഷിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിനുശേഷം നടന്ന ദിവ്യബലിയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പ.
 
ڇകരുണ തേടുന്ന എല്ലാവര്‍ക്കും പ്രാപ്യമായിരുന്നു അവളുടെ സാന്നിധ്യം; മനുഷ്യജീവന്‍ പരിരക്ഷിക്കാനും കാത്തുപാലിക്കാനും ദൈവം ചുമതലപ്പെടുത്തിയതുപോലെ. അജാതശിശുക്കളും അനാഥശിശുക്കളും തെരുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളും ആ അമ്മയുടെ സാന്നിധ്യമറിഞ്ഞു- പാപ്പാ പറഞ്ഞു.
 
ദൈവശാസനങ്ങള്‍ ആര്‍ക്കു ഗ്രഹിക്കാനാവുംچ (ജ്ഞാനം 9:13) എന്ന ബൈബിള്‍ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ പ്രസംഗം ആരംഭിച്ചത്. ڇനമ്മുടെ ജീവിതം ഒരു ദൈവിക രഹസ്യമാണ്. അതുതുറക്കാനുള്ള താക്കോല്‍ നമ്മുടെ കൈകളിലില്ല. ചരിത്രത്തില്‍ എക്കാലവും രണ്ടു നായക കഥാപാത്രങ്ങളുണ്ട്; ദൈവവും മനുഷ്യനും. ദൈവത്തിന്‍റെ വിളി ഉള്ളില്‍പേറി അവന്‍റെ ഹിതമനുസരിച്ചു ജീവിക്കുകയാണ് നമ്മുടെ ദൗത്യം. നാം സ്വയം ചോദിക്കണം: എന്താണ് എന്നെക്കുറിച്ചുള്ള ദൈവഹിതം?. ദൈവത്തെ പ്രീതിപ്പെടുത്തുന്നത് എന്തെന്നു തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്ന വചനത്തില്‍ ഇത് വ്യക്തമാണ്. കാരുണ്യത്തിന്‍റെ ഏതുപ്രവൃത്തിയും ദൈവത്തിനു പ്രീതികരമാണ്. കാരണം സഹോദരങ്ങളില്‍ നാം കണ്ടെത്തുന്നതാണ് ദൈവത്തിന്‍റെ മുഖംڈ- എഴുതിത്തയ്യാറാക്കിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു.
 
ڇമറ്റുള്ളവരെ സഹായിക്കാന്‍വേണ്ടി നാമൊന്നു കുനിയുമ്പോള്‍ യേശുവിനു കുടിക്കാനും ഉടുക്കാനും നാം എന്തൊക്കെയോ നല്‍കുകയാണ്. അപരനെ സഹായിക്കുമ്പോള്‍ നാം മനുഷ്യപുത്രനെ സന്ദര്‍ശിക്കുന്നു.ڈ - ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.
 
ڇകാരുണ്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല. ഇതായിരുന്നു മദര്‍ തെരേസയെ വ്യത്യസ്തയാക്കിയത്. അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞുങ്ങളാണ് ഏറ്റവും ദുര്‍ബലര്‍; ഏറ്റവും ചെറിയ ജീവന്‍, കരുതല്‍ ഏറ്റവും ഏറെ വേണ്ടവരും. ഇതു തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു കല്‍ക്കട്ടയിലെ തെരേസ. തെരുവോരത്തു മരണംകാത്ത് കിടന്നവര്‍ക്കുമുന്നില്‍ അവള്‍ കുമ്പിട്ടു. ദൈവം അവരില്‍ നിക്ഷേപിച്ച ആദരവര്‍ഹിക്കുന്ന ആത്മാവിനെ അവള്‍ കണ്ടു. കാരുണ്യമായിരുന്നു മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ ഉപ്പ്. 
 
അത് അവരുടെ ജീവിതത്തില്‍ ഉടനീളമുള്ള പ്രവൃത്തികള്‍ക്ക് ചാലകമായി. ദാരിദ്ര്യവും സഹനവും മൂലം ഇനി കരയാന്‍ ഒരുതുള്ളി കണ്ണീര്‍ പോലും ബാക്കിയില്ലാത്തവരുടെ മുന്നില്‍ അവള്‍ ഒരു പ്രകാശമായിരുന്നു.- അതിമനോഹരമായ വാചകങ്ങളില്‍ മാര്‍പാപ്പ പറഞ്ഞു.
 
പാവങ്ങളില്‍ പാവങ്ങളായവര്‍ക്ക് ദൈവത്തിന്‍റെ കരം കാണാന്‍ കഴിയുന്നുവെന്നതിന്‍റെ തെളിവായിരുന്നു മദര്‍ തെരേസയുടെ സേവനം. സന്യാസത്തിന്‍റെ ആവൃതിയിലെ സ്ത്രീകള്‍ക്ക് ജ്വലിക്കുന്നൊരു മാതൃകയായി ഞാന്‍ ഇവരെ ഇന്ന് കാട്ടിത്തരുന്നു. വിശുദ്ധിക്ക് ഇവളാകട്ടെ ഇനി നിങ്ങള്‍ക്ക് മാതൃക. മദര്‍ പറഞ്ഞിരുന്നു: എനിക്ക് അവരുടെ ഭാഷ അറിയില്ലായിരിക്കാം, പക്ഷെ, എനിക്ക് അവരെ നോക്കി പുഞ്ചിരിക്കാനാവും. ആ പുഞ്ചിരി നമുക്കിനി ഹൃദയത്തില്‍ പേറാം; പ്രത്യേകിച്ചും സഹനമനുഭവിക്കുന്നവരെ നോക്കി പുഞ്ചിരിക്കാന്‍. അങ്ങനെ അനേകം സഹോദരങ്ങളില്‍ നമുക്ക് സന്തോഷവും പ്രത്യാശയും പകര്‍ന്നു നല്‍കാം.- ഫ്രാന്‍സിസ് പാപ്പ പറഞ്ഞുനിര്‍ത്തി.
 
വിശുദ്ധിയുടെ പരിമളം പരത്തിയ ജീവിതം 
 
നാമകരണ ചടങ്ങിനിടയില്‍ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ പ്രീഫെക്റ്റ് കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ മദര്‍ തെരേസയുടെ ലഘു ജീവചരിത്രം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞത്: 
 
അസംഖ്യം ജനങ്ങള്‍ സ്നേഹപൂര്‍വം മദര്‍ തെരേസ എന്നു വിളിക്കുന്ന ഈ എളിയ സന്യാസിനിയെയാണ്, ഇന്നു നാമകരണത്തിനും അതുവഴി ലോകം മുഴുവനും ആ വിശുദ്ധാത്മാവിന്‍റെ മാധ്യസ്ഥ്യം തേടാനും ആ ജീവിതത്തെപ്പറ്റി ധ്യാനിക്കാനും അവരുടെ കാരുണ്യപ്രവൃത്തികള്‍ അനുകരിക്കാനും വേണ്ടി, പരിശുദ്ധ പിതാവേ അങ്ങേക്കു സമര്‍പ്പിക്കുന്നത്. 
 
നല്ല ശമറായക്കാരനായ ക്രിസ്തുവിന്‍റെ മാതൃക പിഞ്ചെന്ന്, ആവശ്യക്കാരായി താന്‍ കണ്ടവര്‍ക്കെല്ലാം സമീപസ്ഥയായി, സമൂഹത്തിന്‍റെ അതിര്‍വരമ്പുകള്‍ക്കപ്പുറത്തു കഴിയുന്നവരുടെ സഹനങ്ങള്‍ പങ്കുവച്ച്, തന്‍റെ ജനത്തോടുള്ള ദൈവത്തിന്‍റെ അതിരുകളില്ലാത്ത സ്നേഹത്തിനു സാക്ഷ്യംവഹിച്ചു കൊണ്ടായിരുന്നു അവരുടെ ജീവിതം. അവരുടെ ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങള്‍ ഇവിടെ ഹ്രസ്വമായി അറിയിക്കാം. 
 
കോല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസ 1910 ഓഗസ്റ്റ് 26 ന് സ്കോപ്യെയില്‍ ഒരു അല്‍ബേനിയന്‍ കുടുംബത്തില്‍ ആഗ്നസ് ഗോണ്‍ജ ബോയാജിയു എന്ന പേരോടെ ജനിച്ചു. കൗമാരത്തില്‍ ദേവാലയകാര്യങ്ങളില്‍ സജീവയായി ഇടപെട്ടിരുന്ന അവള്‍ കര്‍ത്താവിനു സ്വയം സമര്‍പ്പിക്കാനുള്ള ദൈവവിളിയില്‍ വളര്‍ന്നുവന്നു. അവള്‍ വീടുവിട്ട് ഡ
 
ബ്ലിനു സമീപം റാത്ഫര്‍ണാമിലെ ബ്ലെസ്ഡ് വിര്‍ജിന്‍ മേരി ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോയുടെ മഠത്തില്‍ അര്‍ഥിനിയായി ചേര്‍ന്നു. നൊവിഷ്യേറ്റിന്‍റെ അവസാനം ഇന്ത്യയില്‍ ഡാര്‍ജിലിംഗിലേക്ക് അയക്കപ്പെട്ട അവള്‍ തെരേസ എന്ന പേരു സ്വീകരിച്ചു നിത്യവ്രതവാഗ്ദാനം നടത്തി. കോല്‍ക്കത്തയ്ക്കു സമീപം സെന്‍റ് മേരീസ് ബംഗാളി മീഡിയം സ്കൂളില്‍ 17 വര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു. 
 
കോല്‍ക്കത്തയില്‍നിന്നു ഡാര്‍ജിലിംഗിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ്, വിളിക്കുള്ളിലെ വിളി എന്ന് അവര്‍ വിശേഷിപ്പിച്ച സന്ദേശം ലഭിക്കുന്നത്. ഒരു സന്യാസസമൂഹം സ്ഥാപിക്കാനും ദരിദ്രരില്‍ ദരിദ്രരായവരുടെ നിത്യരക്ഷയ്ക്കും വിശുദ്ധീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച് ആത്മാക്കള്‍ക്കും സ്നേഹത്തിനുമായുള്ള കുരിശിലെ ഈശോയുടെ അനന്തമായ ദാഹം തീര്‍ക്കാനായിരുന്നു ആ വിളി. 
 
അവള്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷനറി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. പിന്നീട് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്സും അല്മായ സംഘടനകളും രൂപതാ വൈദികര്‍ക്കു ചേരാവുന്ന തുറന്ന പ്രസ്ഥാനവും ആരംഭിച്ചു. 
 
മദര്‍ തെരേസ വിശ്രമമില്ലാതെ, പദവിയോ മതമോ വംശമോ നോക്കാതെ ആവശ്യക്കാരായ എല്ലാവര്‍ക്കും കാരുണ്യപ്രവൃത്തികള്‍ ചെയ്തും സഹായം നല്കിയും സുവിശേഷ പ്രഘോഷണത്തിനായി തന്നെ സമ്പൂര്‍ണമായി സമര്‍പ്പിച്ചു. തന്‍റെ പ്രവര്‍ത്തനങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി നിത്യവുമുള്ള വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ദരിദ്രരില്‍ ഈശോയെ കാണാനും സേവിക്കാനുമുള്ള സാര്‍വത്രിക സ്നേഹത്തിന്‍റെ മഹത്തായ ചൈതന്യവും അവള്‍ പ്രതിഷ്ഠിച്ചു. 
 
സഭയുടെയും ലോകത്തിന്‍റെയും ഏറ്റവും ഉന്നതമായ ആദരങ്ങള്‍ അവളുടെ ധീരമായ സുവിശേഷസാക്ഷ്യത്തിനു ലഭിച്ചു. 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം അവള്‍ക്കു ലഭിച്ചു. 
 
ശാരീരികമായി അവശയായെങ്കിലും ആത്മാവില്‍ നിറഞ്ഞ കരുത്തോടെ 1997 സെപ്റ്റംബര്‍ അഞ്ചിനു കോല്‍ക്കത്തയില്‍ അവള്‍ ശാന്തമായ മരണം വരിച്ചു, വിശുദ്ധിയുടെ സജീവവും സര്‍വവ്യാപിയുമായ പരിമളം പരത്തിക്കൊണ്ട്. 
 
 
അമ്മ വിശുദ്ധയായ ബലിയില്‍ അവരും എത്തി; ആയിരത്തിഅഞ്ഞൂറു
 
തെരുവുജീവിതങ്ങള്‍
 
വത്തിക്കാന്‍ സിറ്റി: അവരും എത്തിയിരുന്നു അഗതികളുടെ അമ്മ വിശുദ്ധയാകുന്ന വേദിയില്‍; ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തിഅഞ്ഞൂറോളം ഭവനരഹിതര്‍. വഴിയോരങ്ങളില്‍ അന്തിയുറങ്ങുന്നവരും ഭിക്ഷാടനം ചെയ്ത് ജീവിക്കുന്നവരുമാണ് ഇവര്‍. മദര്‍ ആര്‍ക്കുവേണ്ടി ജീവിച്ചുവോ അവരുടെ സാന്നിധ്യമില്ലാതെ നാമകരണച്ചടങ്ങ് പൂര്‍ണമാകില്ലല്ലോ? മിഷനറീസ് ഓഫ് ചാരിറ്റിയിലെ നൂറ്റിഅന്‍പതോളം സന്യാസിനികള്‍ അവര്‍ക്കൊപ്പം നിന്നു; പീറ്റ്സ് അടങ്ങിയ ഉച്ചഭക്ഷണവും അവര്‍ക്കായി ക്രമീകരിച്ചിരുന്നു.
ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നു വത്തിക്കാനിലേക്ക് പ്രളയജലം പോലെ ഒഴുകിയെത്തുകയായിരുന്നു ജനം. ഇതിനുമുന്‍പ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെയും നാമകരണചടങ്ങിലാണ് ഇത്രയേറെ ആളുകള്‍ ഓടിക്കൂടിയത്. 
 
അഗതികള്‍ മാത്രമല്ല, ലോകത്തിലെ അതിപ്രധാനപ്പെട്ട പലരും എത്തിയിരുന്നു ആത്മീയതയുടെ ലാളിത്യംകൊണ്ടുനിറഞ്ഞ മദറിന്‍റെ നാമകരണ ചടങ്ങില്‍. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍, കര്‍ദിനാള്‍മാര്‍, അനേകശതം മെത്രാന്മാര്‍, ആയിരക്കണക്കിനു വൈദികര്‍, അതിലേറെ സന്യാസിനികള്‍, അനേകലക്ഷം സാധാരണക്കാര്‍; കൈക്കുഞ്ഞുങ്ങളുമായി അമ്മമാര്‍, വികലാംഗര്‍, പടുവൃദ്ധര്‍. പലജാതിക്കാര്‍, പല വേഷക്കാര്‍, പല നിറങ്ങളിലുള്ളവര്‍, പല ഭാഷകള്‍ സംസാരിക്കുന്നവര്‍; ഇവര്‍ക്കെല്ലാം ഒരേയൊരു വികാരം മാത്രം - മദര്‍ തെരേസ.
 
ശനിയാഴ്ച രാത്രിമുതല്‍ ക്യൂനിന്നവര്‍ ധാരാളം. വത്തിക്കാന്‍ സമയം രാവിലെ ഏഴരയ്ക്കാണ് ഗേറ്റുകള്‍ തുറന്നത്. സുരക്ഷാപരിശോധനകള്‍ക്ക് ക്ഷമയോടെ വിധേയരായി ജനം വത്തിക്കാന്‍ ചത്വരത്തിലേക്ക് കയറി. അരമണിക്കൂര്‍ കൊണ്ട് ഇരിപ്പിടങ്ങള്‍ നിറഞ്ഞുകഴിഞ്ഞു. പിന്നീട് വന്നവര്‍ മണിക്കൂറുകളോളം പൊരിവെയിലില്‍ നിന്നു. കൈയില്‍ കരുതിയിരുന്ന ലഘുഭക്ഷണം പലരും കഴിച്ചത് ക്യൂവില്‍ നിന്നാണ്.
 
 
അനുഗ്രഹത്തിന്‍റെ ദിനം, സന്തോഷത്തിന്‍റെയും
 
 
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനു വിശ്വാസികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. ചൂടേറിയ കാലാവസ്ഥയിലും മദര്‍ തെരേസയുടെ മണിക്കൂറുകള്‍ നീണ്ട നാമകരണ ചടങ്ങുകളില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസുകളോടെ ഈ ജനസഞ്ചയം ഒന്നടങ്കം പങ്കുചേര്‍ന്നു. 
വത്തിക്കാനില്‍ പോകാനും വിശുദ്ധരായി പ്രഖ്യാപിക്കുന്ന നാമകരണ ചടങ്ങുകളിലുള്‍പ്പെടെ പങ്കെടുക്കാനും ഇതിനു മുമ്പും എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ചാവറ പിതാവിന്‍റെയും എവുപ്രാസ്യാമ്മയുടെയും നാമകരണ ചടങ്ങുകളിലുള്‍പ്പെടെ പങ്കെടുത്തിട്ടുണ്ട്. എങ്കിലും മദര്‍ തെരേസയെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുന്ന ചടങ്ങ് തികച്ചും വ്യത്യസ്തമായ ഒരു ആത്മീയാനുഭവമായി മാറി. ജീവിതത്തില്‍ ഇങ്ങനെയൊരു അനുഭവം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നു പറയാം. 
 
നമ്മുടെ ജീവിതകാലത്തു നേരിട്ടു കണ്ട്, അറിഞ്ഞ ജീവിതമാണു മദറിന്‍റേത്. ജീവിക്കുന്ന വിശുദ്ധ എന്ന് അറിയപ്പെട്ടിരുന്ന മദര്‍ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ടപ്പോള്‍ ആ ചടങ്ങിനും നേരിട്ടു സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി. 
 
ഇന്നലെ രാവിലെ പത്തേകാലോടെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. ബിഷപ്പുമാര്‍ പ്രദക്ഷിണമായി ദേവാലയാങ്കണത്തിലേക്കെത്തി. ഏറ്റവും ഒടുവിലായി കര്‍ദിനാള്‍മാര്‍ക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പ എത്തി. കേരളത്തില്‍നിന്നുള്ള കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയും ചടങ്ങുകളില്‍ ഉണ്ടായിരുന്നു. തികച്ചും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങുകളില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള ലക്ഷങ്ങളാണു പങ്കെടുത്തത്. മദര്‍ തെരേസ ഇന്ത്യക്കാര്‍ക്കിടയില്‍ മാത്രമല്ല, ലോകമെമ്പാടും എത്രമാത്രം സ്വാധീന ശക്തിയാണ് എന്നു തെളിയിക്കുന്നതായിരുന്നു ഈ ജനസഞ്ചയം. 
 
ഒരാളെ മാത്രമായല്ല സാധാരണ വിശുദ്ധ പദത്തിലേക്കുയര്‍ത്തുന്നത്. എന്നാല്‍, ഇത്തവണ മദര്‍ തെരേസ മാത്രമായിരുന്നു വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. എന്നിട്ടും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വത്തിക്കാനിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. തികച്ചും അദ്ഭുതകരമായ ഒരു അനുഭവം. 
 
ഇന്ത്യയെക്കൂടാതെ അല്‍ബേനിയ, മാസിഡോണിയ, കൊസോവ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയില്‍നിന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തില്‍ കേരളത്തില്‍നിന്ന് എന്നെക്കൂടാതെ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, എംപിമാരായ പ്രഫ. കെ.വി. തോമസ്, ആന്‍റോ ആന്‍റണി എന്നിവരും അല്‍ഫോണ്‍സ് കണ്ണന്താനവും ഉള്‍പ്പെട്ടിരുന്നു. കേരളത്തിന്‍റെ പ്രതിനിധികളായി മന്ത്രിമാരായ ഡോ. തോമസ് ഐസക്കും മാത്യു ടി. തോമസും പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും സംഘവും ചടങ്ങിനെത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍നിന്നുള്ള വന്‍സംഘത്തിന്‍റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 
 
യൂറോപ്പിന്‍റെ നാനാഭാഗത്തു നിന്നുള്‍പ്പെടെ ആയിരക്കണക്കിനു മലയാളികള്‍ വത്തിക്കാനിലെത്തിയിരുന്നു. ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍ നടന്ന ഭീകരാക്രണത്തില്‍ രക്ഷപ്പെട്ട തൊടുപുഴ സ്വദേശിയായ സിസ്റ്റര്‍ സാലിയും വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. തീവ്രവാദി ആക്രമണത്തിന്‍റെ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ അവരില്‍നിന്ന് അറിഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയിലെ നാലു കന്യാസ്ത്രീകള്‍ അന്നു കൊല്ലപ്പെട്ടു. ഫാ. ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.
 
മദര്‍ തെരേസയുടെ ജീവിതത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിഞ്ഞും വായിച്ചുമാണ് എന്‍റെ തലമുറ വളര്‍ന്നുവന്നത്. പത്ര- ദൃശ്യമാധ്യമങ്ങളിലൂടെ മദറിന്‍റെ വാക്കുകള്‍ കേള്‍ക്കാനും അറിയാനും സാധിച്ചിട്ടുണ്ട്. മദര്‍ മരിച്ചു രണ്ടു പതിറ്റാണ്ടു തികയും മുമ്പ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ അതിനും സാക്ഷ്യം വഹിക്കാന്‍ സാധിച്ചത് ഈശ്വരാനുഗ്രഹമായി കണക്കാക്കണം. ഈ ദിവസം ജീവിതത്തിലെ മഹത്തായ ദിവസമാണ്. ഈ നിമിഷങ്ങള്‍ അനുഗ്രഹത്തിന്‍റെ നിമിഷങ്ങളുമാണ് എനിക്ക്.
 
മാര്‍പാപ്പയ്ക്കു മമതയുടെ ബൈബിള്‍
 
 
വത്തിക്കാന്‍സിറ്റി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു ബൈബിള്‍ സമ്മാനിച്ചു. വെറും ബൈബിളല്ല. ബംഗാളിലെ വിശ്രുതമായ ബലുചുരി സില്‍ക്കു കൊണ്ടു ബൈന്‍ഡ് ചെയ്തതാണു ബൈബിള്‍. 
 
മദര്‍ തെരേസയുടെ നാമകരണത്തിന് എത്തിയ മമത, ഈ ബൈബിള്‍ കോല്‍ക്കത്ത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസയെ ഏല്പിച്ചു. മൂര്‍ഷിദാബാദ് ജില്ലയില്‍ മാത്രം നിര്‍മിക്കുന്ന പ്രത്യേക സില്‍ക്കാണു ബലുചുരി സില്‍ക്ക്.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church