വിശുദ്ധദീപ്തിയില്‍ ലോകം::Syro Malabar News Updates വിശുദ്ധദീപ്തിയില്‍ ലോകം
05-September,2016

ഭാരതത്തിന്‍റെ അഭിമാനമായ കരുണയുടെ മാലാഖ മദര്‍ തെരേസയെ വിശുദ്ധയായി കത്തോലിക്കാസഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വ രത്തില്‍ ഇന്നലെ രാവിലെ പ്രാദേശിക സമയം 10.30ന് സാര്‍വത്രികസഭയിലെ രാജകുമാരന്മാരായ കര്‍ദിനാള്‍മാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, സന്യസ്തര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണനേതാക്കള്‍, രണ്ടു ലക്ഷത്തോളം അല്മായര്‍ എന്നിവരെ സാക്ഷിനിര്‍ത്തിയായിരുന്നു മദര്‍ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രഖ്യാപനം. മദര്‍ തെരേസ ഇനി കോല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നറിയപ്പെടും. 
 
ജപമാലപ്രാര്‍ഥനയോടുകൂടിയാണു വിശ്വാസികള്‍ നാമകരണ ദിവ്യബലിക്കായി ഒരുങ്ങിയത്. പ്രാരംഭഗാനമായി കാരുണ്യവാനായ പിതാവിനെപ്പോലെ എന്നര്‍ഥമുള്ള മിസേരികോര്‍ദേസ് സിക്കുത് പാതേര്‍ڈ എന്ന ഗാനം ലാറ്റിനിലും ഇറ്റാലിയനിലും ഇംഗ്ലീഷിലും പാടിയവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സഹകാര്‍മികരും അള്‍ത്താരയിലേക്കു പ്രവേശിച്ചു. കോല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമെന്നു വിശുദ്ധരുടെ നാമകരണത്തിനായുള്ള സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ മദറിന്‍റെ ലഘുജീവചരിത്രം വിവരിച്ചുകൊണ്ടു പാപ്പയോട് അഭ്യര്‍ഥിച്ചു. പിന്നീടു സകല വിശുദ്ധരുടെയും ലുത്തിനിയ പാടി. തുടര്‍ന്നു മാര്‍പാപ്പ തന്‍റെ ശ്ലൈഹികാധികാരമുപയോഗിച്ചു മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
 
ڇപരിശുദ്ധവും അവിഭക്തവുമായ ത്രിത്വത്തിന്‍റെ മഹത്വത്തിനു വേണ്ടിയും കത്തോലിക്കാ വിശ്വാസത്തിന്‍റെ പുകഴ്ചയ്ക്കുവേണ്ടിയും ക്രിസ്തീയജീവിതത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ടിയും നമ്മുടെ കര്‍ത്താവ് ഈശോമിശിഹായുടെയും അനുഗൃഹീതരായ പത്രോസ്- പൗലോസ് അപ്പോസ്തലന്മാരുടെയും നമ്മുടെയും അധികാരമുപയോഗിച്ച്, പക്വമായ പരിചിന്തനത്തിനുശേഷവും ദിവ്യമായ കൃപകൊണ്ടും നമ്മുടെ അനവധി സഹോദരന്മാര്‍ അഭംഗുരം നല്‍കിയ ആലോചനകൊണ്ടും വാഴ്ത്തപ്പെട്ട മദര്‍ തെരേസ വിശുദ്ധയാണ് എന്നു നാം പ്രഖ്യാപിക്കുകയും നിര്‍വചിക്കുകയും ചെയ്തുകൊണ്ട് അവള്‍ സാര്‍വത്രിക സഭയില്‍ ഭക്ത്യാദരങ്ങളോടെ വണങ്ങപ്പെടണമെന്നു കല്പിച്ചുകൊണ്ട് അവളെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കുന്നു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ڈ എന്നു പ്രഖ്യാപിച്ചാണു മാര്‍പാപ്പ നാമകരണവാചകം അവസാനിപ്പിച്ചത്. അങ്ങനെയാകട്ടെ എന്ന് അര്‍ഥം വരുന്ന ڇആമ്മേന്‍ڈ ഗായകസംഘത്തോടൊപ്പം തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തവരും ഏറ്റുപാടി മാര്‍പാപ്പയുടെ പ്രഖ്യാപനം സ്വീകരിച്ചു. ഭാരതീയര്‍ ദേശീയപതാക വീശിയും ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും ഒരുവിശുദ്ധയെക്കൂടി ഭാരതസഭയ്ക്കു ലഭിച്ചതിന്‍റെ സന്തോഷം പ്രകടിപ്പിച്ചു.
 
തുടര്‍ന്നു സാര്‍വത്രിക സഭയുടെ വണക്കത്തിനായി വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സിസ്റ്റര്‍മാരാണ് തിരുശേഷിപ്പ് അള്‍ത്താരയിലേക്കു സംവഹിച്ചത്.
 
വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ദീപങ്ങള്‍ കൈയിലേന്തി അവരെ അനുഗമിച്ചു. തുടര്‍ന്നു മാര്‍പാപ്പ ഗ്ലോറിയ (സ്തുതിപ്പ്) ആരംഭിച്ചു. ഗായകസംഘത്തോടൊപ്പം ഏവരും അത് ഏറ്റുപാടി. അനന്തരം വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള വായനകള്‍ നടന്നു. അവയെ അടിസ്ഥാനമാക്കി മാര്‍പാപ്പ കരുണയുടെ ജീവിതം നയിച്ച പുതിയ വിശുദ്ധയെ ഉദ്ധരിച്ചു സന്ദേശം നല്കി. ദിവ്യബലിയുടെ സമാപനത്തില്‍ മാര്‍പാപ്പ ത്രികാലപ്രാര്‍ഥന നയിച്ചു.
 
തുടര്‍ന്നു പോള്‍ ആറാമന്‍ ഹാളിനു സമീപം സാധുജനങ്ങള്‍ക്കായി മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം രണ്ടായിരം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. 
 
ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്‍റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്ഫോര്‍ ടോപ്പോ, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും തിരുക്കര്‍മങ്ങളില്‍ സഹകാര്‍മികരായി.
 
വിശുദ്ധപദ പ്രഖ്യാപനത്തിന് ആവശ്യമായ അദ്ഭുത രോഗശാന്തി നേടിയ ബ്രസീലുകാരന്‍ മാര്‍ചിലിയോ ഹദാദ് ആന്‍ഡ്രിനോയും കുടുംബവും ചടങ്ങില്‍ സംബന്ധി ച്ചു. അവര്‍ തിരുക്കര്‍മങ്ങള്‍ക്കുശേഷം മാര്‍പാപ്പയെ ബലിവേദിയില്‍ ചെന്നു സന്ദര്‍ശിച്ചു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church