പറവൂര്‍: സാമൂഹ്യനീതിക്കുവേണ്ടിയുള്ള അക്ഷരപ്പോരാളിയാവാന്‍ ദീപികയ്ക്കു സാധിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) പറവൂര്‍ ഫൊറോന നേതൃസംഗമം പറവൂര്‍ കോട്ടയ്ക്കാവ് സെന്‍റ് തോമസ് ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലമുറകള്‍ക്കു മൂല്യബോധം പകരാനും പരിശീലനം നല്‍കാനുമുള്ള ദൗത്യം ഏറ്റെടുക്കാന്‍ ദീപികയ്ക്കു കഴിയും. സഭയുടെ സാമൂഹ്യസാക്ഷ്യത്തിന്‍റെ മാധ്യമമാണു ദീപിക. സഭ വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്. യുവജനങ്ങളെ സ്വാധീനിക്കുന്ന പുതിയ മാധ്യമസംസ്കാരത്തില്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ വേണം.
ശരിയായ മാധ്യമ അവബോധം പുതുതലമുറയ്ക്കു ലഭിക്കാത്തതിന്‍റെ പ്രതിസന്ധി നാം അനുഭവിക്കുന്നുണ്ട്. ഈ രംഗത്തു ദീപിക വഴികാട്ടിയാകണം. കുടുംബബന്ധങ്ങളുടെ സംരക്ഷണത്തിനും കുടുംബങ്ങളില്‍ മൂല്യങ്ങള്‍ വിനിമയം ചെയ്യുന്നതിനും നാം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ പി.പി. സണ്ണി അധ്യക്ഷത വഹിച്ചു. ഡിഎഫ്സി സംസ്ഥാന ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. ഷാന്‍ലി ചിറപ്പണത്ത് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍, ദീപിക കൊച്ചി റസിഡന്‍റ് മാനേജര്‍ ഫാ. മാത്യു കിലുക്കന്‍, ഡിഎഫ്സി ഫൊറോന ഡയറക്ടര്‍ ഫാ. ടോം മുള്ളന്‍ചിറ, മിനി ദേവസി എന്നിവര്‍ പ്രസംഗിച്ചു. കൈക്കാരന്മാരായ ഡോ. രാജു ആന്‍റണി, ജോസ് മുട്ടംതൊട്ടില്‍, വൈസ് ചെയര്‍മാന്‍ ജോസ് പോള്‍ വിതയത്തില്‍, കവിത വര്‍ഗീസ് കുഴുപ്പിള്ളി, ജാസ്മിന്‍ സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.