സിഎംസി സന്യാസിനി സമൂഹം അവയവദാന സമ്മതപത്രം നല്‍കി::Syro Malabar News Updates സിഎംസി സന്യാസിനി സമൂഹം അവയവദാന സമ്മതപത്രം നല്‍കി
22-April,2016

ആലുവ: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സിഎംസി സന്യാസിനി സമൂഹത്തിലെ അംഗങ്ങള്‍ അവയവദാന സമ്മതപത്രം നല്‍കി സമൂഹത്തിനു മാതൃകയായി. 6,500 അംഗങ്ങളുള്ള സിഎംസി സമൂഹമാണ് നന്മയുടെ പുതുചരിത്രമെഴുതിയത്. ഒന്‍പതാമത് സാധാരണ ജനറല്‍ ചാപ്റ്ററിന്‍റെ രണ്ടാം സമ്മേളനത്തിന് ആലുവയിലെ സിഎംസി ജനറലേറ്റില്‍ ഒന്നിച്ചുകൂടിയ 110 സിനാക്സ് പ്രതിനിധികളുടെ സമ്മേളനത്തില്‍ സുപ്പീരിയര്‍ ജനറല്‍ മദര്‍ സിബി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമലിന് അവയവദാന സമ്മതപത്രം കൈമാറി. 
 
അവയവദാനം ഒരിക്കലും ഭയക്കേണ്ടതില്ലെന്നും അവയവദാനം നടത്തുന്നവര്‍ക്കു പ്രചോദനം നല്‍കേണ്ടതുണ്ടെന്നും സിഎംസി സന്യാസിനി സമൂഹം ഇക്കാര്യത്തില്‍ സമൂഹത്തിനു മാതൃകയാണെന്നും ഫാ. ഡേവിസ് ചിറമല്‍ പറഞ്ഞു. 
 
സുവിശേഷാനന്ദവുമായി പാര്‍ശ്വവത്കരിക്കപ്പെട്ടവരിലേക്ക് എന്ന മുഖ്യവിഷയം ചര്‍ച്ചചെയ്ത പത്തു ദിവസത്തെ ജനറല്‍ ചാപ്റ്ററിന്‍റെ അവസാന ദിവസമായ ഇന്നലെയാണ് അവയവദാന പ്രഖ്യാപനം നടത്തിയത്. മുന്‍ സുപ്പീരിയര്‍ ജനറല്‍മാരായ മദര്‍ സാങ്റ്റ, മദര്‍ ഫിദേലിസ് എന്നിവര്‍ക്കു പുറമെ ഇന്ത്യയിലെ 22 പ്രോവിന്‍സുകളുടെയും നാലു റീജണുകളുടെയും സുപ്പീരിയര്‍മാരും ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന സിഎംസി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

Source: http://deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church