കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക്‌ മാര്‍ കല്ലുവേലിലില്‍ അഭിഷിക്തനായി::Syro Malabar News Updates കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക്‌ മാര്‍ കല്ലുവേലിലില്‍ അഭിഷിക്തനായി
20-September,2015

കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക്‌ മാര്‍ കല്ലുവേലിലില്‍ അഭിഷിക്തനായി 
പ്രവാസികളുടെ വിശ്വാസ തീക്ഷ്‌ണത സഭയ്‌ക്ക്‌ അഭിമാനം: മാര്‍ ആലഞ്ചേരി 
 
* കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക്‌ മാര്‍ കല്ലുവേലിലില്‍ അഭിഷിക്തനായി 
 
(കാനഡ... പടം 1..
കാനഡയിലെ സീറോ മലബാര്‍ എക്‌സാര്‍ക്ക്‌ മാര്‍ ജോസ്‌ കല്ലുവേലിലിലിന്റെ മെത്രാഭിഷേക ശുശ്രൂഷയില്‍, മുഖ്യകാര്‍മികന്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി നിയുക്തമെത്രാന്റെ ശിരസില്‍ വിശുദ്ധ ഗ്രന്ഥം വച്ചു പ്രാര്‍ഥിക്കുന്നു. ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌, ഫാ. സെബിന്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ സമീപം.)
 
 
ടൊറേന്റോ: പ്രവാസികളായ വിശ്വാസികള്‍ വിശ്വാസം വലിയ നിധിയായി കാത്തു സൂക്ഷിക്കുന്നതിലും കൈമാറുന്നതിലും സഭ മുഴുവന്‍ അഭിമാനിക്കുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു. കാനഡയിലെ സീറോ മലബാര്‍ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപന ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പ്രവൃത്തികളോട്‌ ആത്മാര്‍ഥമായി സഹകരിക്കുന്നവരാവണം വിശ്വാസികള്‍. കാനഡയില്‍ നമ്മുടെ സഭയ്‌ക്ക്‌ എക്‌സാര്‍ക്കേറ്റ്‌ അനുവദിച്ചു കിട്ടിയത്‌ ദൈവത്തിന്റെ പദ്ധതിയാണ്‌. ഇതിലൂടെ ഇവിടുത്തെ സഭാസമൂഹം മുഴുവന്‍ അനുഗ്രഹീതരായിരിക്കുകയാണ്‌. ഇതിനായി സഹായങ്ങള്‍ നല്‍കിയ എല്ലാവരോടും സഭ കടപ്പെട്ടിരിക്കുന്നു. കാനഡയിലെ എക്‌സാര്‍ക്കേറ്റിന്റെ ചുമതല വഹിക്കുന്ന പുതിയ മെത്രാന്‍ മാര്‍ കല്ലുവേലിലിനു ഇവിടുത്തെ അജഗണങ്ങളെ സുവിശേഷപാതയില്‍ പ്രേഷിത തീക്ഷ്‌ണതയോടെ നയിക്കാനാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. 
കാനഡയിലെയും മറ്റു രാജ്യങ്ങളിലെയും പ്രവാസികളായ സീറോ മലബാര്‍ വിശ്വാസി സമൂഹത്തെയും മെത്രാന്മാരെയും വൈദികരെയും സാക്ഷിയാക്കിയാണു കാനഡയിലെ സീറോ മലബാര്‍ അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ എക്‌സാര്‍ക്ക്‌ മാര്‍ ജോസ്‌ കല്ലുവേലിലിന്റെ മെത്രാഭിഷേകവും നടന്നത്‌. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗാ വെര്‍ജിന്‍ മേരി ആന്‍ഡ്‌ സെന്റ്‌ അത്തനേഷ്യസ്‌ പള്ളിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.
പ്രാദേശിക സമയം ഇന്നലെ രാവിലെ പത്തിനാണു ശുശ്രൂഷകള്‍ക്കു തുടക്കമായത്‌. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായാണു അള്‍ത്താരയിലേക്കെത്തിയത്‌. പാലക്കാട്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, ഷിക്കാഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവര്‍ മുഖ്യ സഹകാര്‍മികരായി.
എക്‌സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ്‌ കല്ലുവേലിലിനെ എക്‌സാര്‍ക്ക്‌ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ കത്ത്‌ കാനഡയിലെ അപ്പസ്‌തോലിക്‌ നുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ്‌ ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ്‌ ചാന്‍സലര്‍ റവ.ഡോ. സെബാസ്‌റ്റിയന്‍ വാണിയപ്പുരയക്കലും വായിച്ചു. ഫാ. ജോസ്‌ ആലയ്‌ക്കക്കുന്നേലായിരുന്നു ആര്‍ച്ച്‌ഡീക്കന്‍. സ്ഥാനാരോഹണത്തിനു ശേഷം ബിഷപ്‌ മാര്‍ ജോസ്‌ കല്ലുവേലിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചു. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ നിന്നു മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. 
മിസിസാഗയിലാണു പുതിയ എക്‌സാര്‍ക്കേറ്റിന്റെ ആസ്ഥാനം.

Source: SMCIM

Attachments
Back to Top

Syro Malabar Live