അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്‍റെ ഉദ്ഘാടനവും മാര്‍ ജോസ് കല്ലുവേലിന്‍റെ മെത്രാഭിഷേകവും::Syro Malabar News Updates അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്‍റെ ഉദ്ഘാടനവും മാര്‍ ജോസ് കല്ലുവേലിന്‍റെ മെത്രാഭിഷേകവും
18-September,2015

മിസിസൗഗ: കാനഡയിലെ സീറോ മലബാര്‍ എക്സാര്‍ക്കേറ്റിന്‍റെ ഉദ്ഘാടനവും നിയുക്ത എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിന്‍റെ മെത്രാഭിഷേക ചടങ്ങും സെപ്റ്റംബര്‍ 19നു (ശനി) രാവിലെ 10ന് മിസിസൗഗയിലുള്ള വേര്‍ജിന്‍ മേരി ആന്‍ഡ് സെന്‍റ് അത്തനാസിസ് ദേവാലയത്തില്‍  (Canadian Coptic Center, Mississauga, 1245 Eglinton Ave, L5V 2M4)  നടക്കും.
 
എക്സാര്‍ക്ക് സ്ഥാപിച്ചു കൊണ്ടുള്ള മാര്‍പാപ്പായുടെ അപ്പോസ്തോലിക ലെറ്റര്‍ (തിരുവെഴുത്ത്) വായനയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുക. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തേടത്ത്, ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
 
മാര്‍പാപ്പയുടെ പ്രതിനിധിയും കാനഡയിലെ അപ്പസ്തോലിക ന്യുണ്‍ഷൊയുമായ മാര്‍ ലുയിജി ബന്നാസി ആശംസകള്‍ നേര്‍ന്നു സംസരിക്കും. ഇന്ത്യാ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള മെത്രാന്മാരോടപ്പം നൂറോളം വൈദികരും രണ്ടായിരത്തിലധികം വിശ്വാസികളും ചടങ്ങില്‍ പങ്കെടുക്കും.
 
റോമുമായി പൂര്‍ണ ഐക്യത്തിലുള്ളതും പൗരസ്ത്യാ റീത്തില്‍പെട്ട 23 അപ്പസ്തോലിക സഭയില്‍ വിശ്വാസികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സീറോ മലബാര്‍ സഭ അതിന്‍റെ വേരുകള്‍ എത്തി നില്‍ക്കുന്നതു എഡി 52ല്‍ സുവിശേഷ വേലക്കായി കേരളത്തില്‍ എത്തിയ ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായിലാണ്. നാലാം നൂറ്റാണ്ടില്‍ പൗരസ്ത്യ ദേശത്തുനിന്നുണ്ടായ കുടിയേറ്റത്തിലുടെ പകര്‍ന്നു കിട്ടിയ സുറിയാനി ആരാധന ക്രമം പിന്തുടരുന്ന സഭാ സമൂഹം ദൈവവിളിയിലും മിഷന്‍ പ്രവര്‍ത്തന മേഖലയിലും ആഗോള കത്തോലിക്കാ സഭയുടെ മുന്‍നിരയില്‍ ഇടം കണ്ടെത്തിയ ഒരു സഭാ സമൂഹം ആണ്. അറുപതുകളുടെ മധ്യത്തില്‍ പഠനത്തിനും ജോലിക്കുമായി കാനഡയിലേക്ക് കുടിയേറ്റം ആരംഭിച്ച സഭാ സമൂഹം തുടക്കത്തില്‍ ഇവിടെയുള്ള ലത്തീന്‍ ഇടവകകളില്‍ നിന്നു അജപാലന കാര്യങ്ങള്‍ നിര്‍വഹിക്കുകയും വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ 1982 ല്‍ ടൊറേന്‍റോ അതിരൂപതയുടെ കീഴില്‍ പ്രഥമ മിഷന്‍ ആരംഭിച്ച് സീറോ മലബാര്‍ റീത്തില്‍ കുബാന ആരംഭിച്ചു. 21 മിഷനും 35,000 വിശ്വാസികളുമായി വളര്‍ച്ചയുടെ പടവുകള്‍ കയറി ഈ സഭാ സമൂഹം എക്സാര്‍ക്കേറ്റു എന്ന പദവിയില്‍ എത്തിയിരിക്കുന്നു. 
 
പാലാ രൂപതയിലെ കുറവിലങ്ങാട് ജയഗിരി ഇടവകയില്‍ കല്ലുവേലില്‍ ജോസഫ്- അന്നമ്മ ദാമ്പതികളുടെ അഞ്ചു ആണ്‍ മക്കളില്‍ ഇളയവനായി 1955 നവംബര്‍ 15 നാണ് നിയുക്ത എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിന്‍റെ ജനനം. പരേതനായ വര്‍ക്കി, തോമസ്, ദേവസ്യാ, പരേതനായ ജേക്കബ് എന്നിവരാണ് സഹോദരങ്ങള്‍. പിന്നീട് പാലക്കാട് ജില്ലയിലേക്ക് കുടുംബം കുടിയേറുകയും സ്കൂള്‍ വിദ്യാഭ്യാസം അവിടെ നിര്‍വഹിക്കുകയും ചെയ്തു. പാലക്കാട് രൂപതക്കുവേണ്ടി തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പരിശീലനം പൂര്‍ത്തിയാക്കി 1984 ഡിസംബര്‍ 18ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് ഇരിമ്പനില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. രൂപതയിലെ പതിമൂന്നോളം ഇടവകകളിലും അഗളി, താവളം ഇടവകകളിലെ ബോയിസ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപത പാസ്റ്ററല്‍ സെന്‍റര്‍, വിശ്വാസ പരിശിലന കേന്ദ്രം, കെസിഎസ്എല്‍ എന്നിവയുടെ ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മത ബോധനത്തില്‍ ഡോക്ടറേറ്റു നേടിയ ഇദ്ദേഹം 2013 ലാണ് കാനഡയിലെ ടൊറേന്‍റോയില്‍ സെന്‍റ് തോമസ് സീറോ മലബാര്‍ മിഷനുവേണ്ടി ശുശ്രൂഷ ആരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തോളം വരുന്ന വിശ്വാസ സമൂഹത്തിന്‍റെ ആത്മീയ പിതാവ് എന്ന നിലയില്‍ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും തനതായ പ്രവര്‍ത്തന ശൈലിയിലുടെ കുറഞ്ഞ കാലത്തിനുള്ളില്‍ രണ്ടു ദേവാലയങ്ങള്‍ സ്വന്തമാക്കുന്ന തലത്തില്‍ ഇടവക സമൂഹത്തെ വളര്‍ത്തി എടുക്കുന്നതിനിടയിലാണ് പുതിയ നിയോഗം.
 
ചടങ്ങു നടക്കുന്ന കോപ്ടിക്ക് സെന്‍ററിനു പുറമേ (1). St Joseph Secondary School, 5555 Creditview Road, Mississauga ON L5V 2B9, (2) St. Dunstan Elementary School,1525 Cuthbert Avenue Mississauga ON, L5M 3R6 F,1525 Cuthbert Avenue Mississauga ON, L5M 3R6 എന്നീ സെന്‍ററുകളിലും പാര്‍ക്കിംഗ് സൗകര്യം ലഭ്യമാണ്. ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
 

സഭയുടെ വളര്‍ച്ചയിലെ നിര്‍ണായക അധ്യായം:കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി 

 
 
കാനഡയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് രൂപീകൃതമായതില്‍ ലോകമെമ്പാടമുള്ള സഭാമക്കള്‍ ദൈവത്തിനു പ്രാര്‍ഥനാപൂര്‍വം നന്ദി പറയുകയും സന്തോഷിക്കുകയും ചെയ്യുകയാണ്. കാനഡയിലെ സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായ അധ്യായമാണ് ഇത്. 
 
2001 മുതല്‍ കാനഡയിലെ സഭാവിശ്വാസികളുടെ കൂട്ടായ്മയ്ക്കും ആത്മീയശുശ്രൂഷകള്‍ക്കുമായി പരിശ്രമങ്ങള്‍ നടത്തിയ ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിനെ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു. സഭാനേതൃത്വത്തിന്‍റെയും വൈദികരുടെയും വിശ്വാസികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്നു നമുക്കു കാനഡയില്‍ ഇടവകകളും മിഷന്‍ കേന്ദ്രങ്ങളുമുണ്ട്. 
 
ദൈവത്തിലാശ്രയിച്ച് കൂട്ടായ്മയോടെ സഭയുടെയും ദൈവജനത്തിന്‍റെയും വളര്‍ച്ചയ്ക്കായി ഇനിയും ഇവിടെ നമുക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാവണം. 
 
കാനഡയിലെ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്‍റെ പ്രഥമ എക്സാര്‍ക്കായി ദൗത്യമേറ്റെടുക്കുന്ന നിയുക്തമെത്രാന്‍ മാര്‍ ജോസഫ് കല്ലുവേലിലിനു ഹൃദ്യമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. 2012 മുതല്‍ കാനഡയില്‍ അജപാലന ശുശ്രൂഷ ചെയ്യുന്ന ഇദ്ദേഹത്തിനു തന്‍റെ അനുഭവസമ്പത്തും നേതൃപാടവവും പുതിയ നിയോഗത്തില്‍ സഹായകമാകും.
 
കാനഡയില്‍ നമ്മുടെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ മെത്രാനും വൈദികര്‍ക്കും വിശ്വാസിസമൂഹത്തിന്‍റെ പിന്തുണയും സഹകരണവും തുടര്‍ന്നും ഉണ്ടാകുമെന്നു പ്രത്യാശിക്കുന്നു. 
 
നമുക്കായി വലിയ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച ദൈവത്തിനു നന്ദിയര്‍പ്പിക്കാം.
 
ദൈവം നമ്മെ ഏവരേയും അനുഗ്രഹിക്കട്ടെ. 
 
 

പാലക്കാട് രൂപതയുടെ അഭിമാനമുയരുന്ന നിമിഷം:മാര്‍ ജേക്കബ് മനത്തോടത്ത്

 
നാല്പതുവര്‍ഷം പിന്നിട്ട പാലക്കാട് രൂപതയ്ക്ക് ഏറെ സന്തോഷവും അഭിമാനവും നല്കുന്ന വാര്‍ത്തയായിരുന്നു നമ്മുടെ രൂപതാംഗമായ ജോസ് കല്ലുവേലില്‍ അച്ചനെ പരിശുദ്ധ പിതാവ് കാനഡയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുള്ള അപ്പസ്തോലിക് എക്സാര്‍ക്ക് ആയി നിയോഗിച്ചുവെന്നത്. 
 
2012-ലാണ് നമ്മുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്‍റെ താത്പര്യപ്രകാരം അദ്ദേഹം കാനഡയില്‍ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടത്. വളരെ വിശാലവും സങ്കീര്‍ണവുമായ ഭൂപ്രദേശമാണ് അദ്ദേഹത്തിന്‍റെ സേവനമേഖല. തന്നെ വിളിച്ചവനില്‍ പരിപൂര്‍ണമായി ആശ്രയമര്‍പ്പിച്ചുതന്നെ ശക്തിപ്പെടുത്തുന്നവനില്‍ തനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും (ഫിലി. 4.13) എന്ന വിശ്വാസത്തോടെ അദ്ദേഹം അവിടേയ്ക്കു കടന്നുചെന്നു. 
 
വിഭിന്നനിലയില്‍ കഴിയുന്നവരും വ്യത്യസ്ത നാടുകളില്‍നിന്നു ജോലിതേടി ചെന്നവരുമായ സീറോമലബാര്‍ വിശ്വാസികളുടെ ഇടയിലെ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രമകരമായിരുന്നു. വിവേകത്തോടെയും സമചിത്തതയോടുംകൂടി അദ്ദേഹം പ്രവര്‍ത്തിച്ചു. എല്ലാവരോടും സ്നേഹത്തോടും ആദരവോടും കൂടി പെരുമാറി. തീക്ഷ്ണതയില്‍ മാന്ദ്യംകൂടാതെ ആത്മാവില്‍ ജ്വലിച്ച് ശുശ്രൂഷ ചെയ്തു (റോമ. 12.11). തത്ഫലമായി വിശ്വാസികളുടെ ഇടയില്‍ സ്നേഹക്കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു.
 
സ്വന്തമായി ഒരു ദേവാലയമെന്ന സെന്‍റ് തോമസ് സീറോമലബാര്‍ വിശ്വാസികളുടെ ഏറെക്കാലത്തെ സ്വപ്നം സഫലമാക്കാന്‍ അദ്ദേഹം നേതൃത്വം കൊടുത്തുവെന്നു മാത്രമല്ല ഒരു പള്ളി പണിയുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിശ്രമങ്ങളെ ജനപങ്കാളിത്തത്തോടെ രണ്ടു പള്ളികളുടെ തലത്തിലേക്ക് ഉയര്‍ത്താനുമായി. 
 
ഏറ്റവും ചുരുങ്ങിയ കാലത്തെ അജപാലന ശുശ്രൂഷയിലുടെ അച്ചന്‍റെ ആത്മീയ നേതൃപാടവം തൊട്ടറിഞ്ഞ സഭാകേന്ദ്രങ്ങള്‍ അദ്ദേഹത്തെ ആ പ്രദേശത്തിന്‍റെ മേല്‍നോട്ടക്കാരനായി നിയമിക്കുന്നതിനു ശിപാര്‍ശ ചെയ്തതില്‍ അദ്ഭുതപ്പെടാനില്ല.
 
മെത്രാന്‍ പദവിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ച വാര്‍ത്ത ഓഗസ്റ്റ് ആറിന് വത്തിക്കാനിലും കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയായിലും കാനഡയിലും പ്രസിദ്ധപ്പെടുത്തി.
 
ടൊറന്‍റോയിലെ മിസിസൗഗ ആസ്ഥാനമായാണ് പുതിയ എക്സാര്‍ക്കേറ്റ് നിലവില്‍ വരുന്നത്. വിശ്വാസികളും പള്ളികളും കുറവായ പ്രദേശങ്ങളില്‍ രൂപതയുടേതിനു സമാനമായ സഭാഭരണ സംവിധാനമാണ് എക്സാര്‍ക്കേറ്റ്. കേരളത്തിനു വെളിയില്‍ സീറോമലബാര്‍ സഭയ്ക്കുള്ള ചില രൂപതകളുടെ തുടക്കം എക്സാര്‍ക്കേറ്റ് എന്ന നിലയ്ക്കായിരുന്നു. നമ്മുടെ സഭയ്ക്ക് ഇന്ത്യയ്ക്കു വെളിയില്‍ ലഭിക്കുന്ന ആദ്യ എക്സാര്‍ക്കേറ്റാണ് കാനഡയിലെ മിസിസൗഗ. രൂപതയ്ക്ക് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ആയിക്കഴിയുമ്പോള്‍ ഈ എക്സാര്‍ക്കേറ്റ് രൂപതയായി ഉയര്‍ത്തപ്പെടും.
 
കല്ലുവേലില്‍ അച്ചന്‍ അട്ടപ്പാടി ജെല്ലിപ്പാറ ഇടവകാംഗമാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി തൃശൂര്‍ തോപ്പ് മൈനര്‍ സെമിനാരിയില്‍ പഠനം തുടങ്ങി. പാലക്കാട് രൂപത നിലവില്‍ വന്നതിനുശേഷം രൂപതാ വൈദികനായി ശുശ്രൂഷ ചെയ്യാന്‍വേണ്ടി പ്രവേശനം നേടിയ ആദ്യ വൈദിക വിദ്യാര്‍ഥിയാണ് അച്ചന്‍. 
 
കോട്ടയം സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ഫിലോസഫി, തിയോളജി പഠനം പൂര്‍ത്തിയാക്കിയശേഷം, ദിവംഗതനായ മാര്‍ ജോസഫ് ഇരിമ്പന്‍ പിതാവിന്‍റെ കൈവയ്പു ശുശ്രൂഷ വഴി 1984 ഡിസംബര്‍ 18ന് വൈദികനായി അഭിഷിക്തനായി. രൂപതയില്‍ വിവിധ ഇടവകകളില്‍ വികാരി, പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടര്‍, മതബോധന ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. തുടര്‍ന്ന് റോമില്‍ ഉപരിപഠനത്തിനായി അയയ്ക്കപ്പെട്ടു. 
 
2005-ല്‍ റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് മതബോധനത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി തിരിച്ചെത്തിയ അച്ചന്‍ കത്തീഡ്രല്‍ വികാരിയായാണ് ആദ്യം നിയമിതനായത്. മൂന്നുവര്‍ഷം വികാരിയായി സേവനം അനുഷ്ഠിച്ചശേഷം കാഞ്ഞിരപ്പുഴ സെന്‍റ് തോമസ് ഫൊറോനാപള്ളി വികാരിയായി പ്രവര്‍ത്തനനിരതനായിരിക്കുമ്പോഴാണ് കാനഡയില്‍ സീറോമലബാര്‍ പ്രവാസികളുടെ ചാപ്ലിനായി നിയോഗിക്കപ്പെട്ടത്.
 
നല്ല ഇടയനടുത്ത വിശ്വസ്തതയും സ്നേഹവും നിറഞ്ഞ അച്ചന്‍റെ ശുശ്രൂഷയ്ക്ക് ദൈവം നല്കിയ അംഗീകാരമാണ് ഈ മേല്പട്ടസ്ഥാനം. ഓഗസ്റ്റ് 17ന് ആരംഭിച്ച മെത്രാന്‍മാരുടെ സിനഡില്‍ സംബന്ധിച്ച്, രൂപതാംഗങ്ങളേയും കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ച് സെപ്റ്റംബര്‍ രണ്ടിന് അച്ചന്‍ കാനഡയിലേക്കു മടങ്ങി. അഭിഷേക ചടങ്ങില്‍ പങ്കെടുക്കാന്‍ ഞാനും രൂപതയില്‍നിന്നുള്ള പ്രതിനിധികളും കുടുംബാംഗങ്ങളും പോകുന്നുണ്ട്. പോയി സംബന്ധിക്കാന്‍ സാധിക്കാത്ത എല്ലാവരും അന്നേദിവസം പ്രത്യേകം പ്രാര്‍ഥിക്കണം.
 
നിയുക്ത മെത്രാന്‍റെ പുതിയ സേവനമേഖലകളെക്കുറിച്ച് അറിയുമ്പോഴാണ് നമ്മുടെ പ്രാര്‍ഥനാസഹായം എത്രമാത്രം അദ്ദേഹത്തിന് ആവശ്യമുണ്ടെന്ന് ബോധ്യമാകുന്നത്. റഷ്യ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രാജ്യമാണ് കാനഡ. ഇത്ര വിശാലരാജ്യത്തെ ദൈവജനത്തെ വിശ്വാസത്തിലും സ്നേഹത്തിലും കൂട്ടായ്മയിലും വളര്‍ത്തുക അത്ര എളുപ്പമുള്ള ദൗത്യമല്ല. ഈ പ്രദേശങ്ങളില്‍ സേവനം ചെയ്യാന്‍ ധാരാളം വൈദികരെയും സന്യാസിനികളെയും ആവശ്യമുണ്ട്. സ്വന്തമായി പള്ളികളില്ലാത്തതിനാല്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. രൂപതയുടേതായ എല്ലാ സംവിധാനങ്ങളും ഓരോന്നായി ക്രമീകരിക്കണം. സര്‍വോപരി നമ്മുടെ സഭയുടെ പൈതൃകവും സംസ്കാരവും ക്ഷയിച്ചുതുടങ്ങിയ പുത്തന്‍തലമുറയില്‍ അതിനുള്ള ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടുവരണം.
 
കാര്യങ്ങള്‍ ദീര്‍ഘദൃഷ്ടിയോടുകൂടി കണ്ട് ക്രമീകരിക്കാനുള്ള വൈഭവവും തീരുമാനങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാനുള്ള ഇച്ഛാശക്തിയും ജനങ്ങളെ കൂട്ടായ്മയില്‍ നയിക്കാനുള്ള നേതൃപാടവവും അച്ചന് കൈമുതലായിട്ടുണ്ട്. ഏതു പ്രതികൂലാവസ്ഥയോടും പോരാടി ജീവിതം കരുപ്പിടിപ്പിച്ച പൂര്‍വികരുടെ സ്ഥൈര്യവും മനക്കരുത്തും അച്ചനും ലഭിച്ചിട്ടുണ്ട്. തന്നെ വിളിച്ചവനിലുള്ള ദൃഢവിശ്വാസവും തീക്ഷ്ണതയോടും പ്രത്യാശയോടുംകൂടി കഠിനാധ്വാനം ചെയ്യാനുള്ള ആത്മസന്നദ്ധതയും അച്ചനുണ്ട്. 
 
ദൈവം ഒരാളെ പ്രത്യേക ശുശ്രഷയിലേക്ക് നിയമിക്കുമ്പോള്‍ ആ ശുശ്രൂഷ ഫലപ്രദമായി നിര്‍വഹിക്കാനുള്ള കൃപയും നല്കുമെന്നതിനാല്‍ അച്ചന്‍റെമേലും ദൈവം തന്‍റെ കൃപ സമൃദ്ധമായി വര്‍ഷിക്കും. ആ കൃപയില്‍ ആശ്രയിച്ചു പ്രവര്‍ത്തിക്കുകയും നൂറുമേനി ഫലം പുറപ്പെടുവിക്കുകയും ചെയ്യാന്‍ ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ.
 
നിയുക്ത പിതാവ് നമ്മുടെ പ്രിയപ്പെട്ട കല്ലുവേലില്‍ ജോസച്ചന് രൂപതാ കുടുംബത്തിന്‍റെ പേരില്‍ എല്ലാവിധ അഭിനന്ദനങ്ങളും പ്രാര്‍ഥനാശംസകളും ഞാന്‍ നേരുന്നു. ദൈവം അദ്ദേഹത്തെയും നമ്മെയും അനുഗ്രഹിക്കട്ടെ. 
 
 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church