കര്‍ഷക ശാക്തീകരണം ലക്ഷ്യമിട്ട് പാലാ രൂപത കര്‍ഷക ബാങ്കിനു തുടക്കമായി::Syro Malabar News Updates കര്‍ഷക ശാക്തീകരണം ലക്ഷ്യമിട്ട് പാലാ രൂപത കര്‍ഷക ബാങ്കിനു തുടക്കമായി
25-May,2015

പാലാ: കര്‍ഷകദള രൂപീകരണത്തിലൂടെ സമഗ്ര കര്‍ഷക ശാക്തീകരണം ലക്ഷ്യമിട്ടു പാലാ രൂപതയുടെ ആഭിമുഖ്യത്തില്‍ കര്‍ഷക ബാങ്കിനു തുടക്കമായി. രൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകപ്രതിനിധികളുടെ സാന്നിധ്യത്തില്‍ റബര്‍ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് ബാങ്ക് ഉദ്ഘാടനംചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് ളാലം പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. 

റബറിനെ മാത്രം ആശ്രയിക്കാതെ മറ്റു കൃഷികളിലേക്കും ശ്രദ്ധ ചെലുത്തണമെന്നു പറഞ്ഞ പി.സി. സിറിയക്, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും റബറിന്റെ സംഭരണകാര്യത്തില്‍ അനാസ്ഥ കാണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിനെക്കൊണ്ടു റബര്‍ സംഭരിപ്പിക്കാന്‍ എംപിമാര്‍ക്ക് ഏറെ ചെയ്യാന്‍ കഴിയും. ഇടതുവലതു സര്‍ക്കാരുകളുടെ മാറിമാറിയുള്ള ഭരണം കേരളത്തില്‍ കൃഷി, വ്യവസായ,അടിസ്ഥാന മേഖലകളെ തളര്‍ത്തിയിട്ടുണ്ട്. പ്രവാസിമലയാളികളുടെ പണമാണ് നമ്മെ പിടിച്ചുനിര്‍ത്തുന്നതെന്നു കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. 

പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കര്‍ഷകബാങ്ക് വെറുമൊരു ബാങ്കല്ലെന്നും ധാരാളം മുത്തുകളുള്ള വലിയൊരു ഖജനാവാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്തമായ ഒരുപാട് ചിന്തകള്‍ ഇതിലുണ്ട്. വീടും കൃഷിയും തമ്മിലുള്ള അകലം കുറയണം. ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകണം. കൃഷിയോടും അനുബന്ധകാര്യങ്ങളോടും ഒരു പുത്തന്‍ നോട്ടം വളര്‍ത്തിയെടുക്കണമെന്നും ബിഷപ് പറഞ്ഞു. 

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടം ഖജനാവിനാവിനുണ്ടാകുന്ന നഷ്ടമാണ്. മാന്യവും ന്യായവും സ്ഥിരവുമായ വില കാര്‍ഷികോത്പന്നങ്ങള്‍ക്ക് ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടവകകള്‍തോറും കര്‍ഷകസ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അര്‍പ്പണമനോഭാവത്തോടെ ഏറ്റെടുക്കണമെന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍.ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസഫ് തറപ്പേല്‍, ഫാ. അഗസ്റ്യന്‍ അരഞ്ഞാണിപ്പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു. മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് സ്വാഗതവും ഫാ. ജോസഫ് നരിതൂക്കില്‍ നന്ദിയും പറഞ്ഞു. കാര്‍ഷികരംഗത്തെ മാതൃകാ വ്യക്തിത്വങ്ങളായ ആനി ജോസ് പറയാനിക്കല്‍, കെ.എസ്.സ്കറിയ കളപ്പുരയ്ക്കല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 

പാലാ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രധാന നേതൃത്വത്തില്‍ ഇന്‍ഫാമിന്റെയും എകെസിസിയുടെയും സഹകരണത്തോടെയാണു കര്‍ഷക ബാങ്ക് പ്രവര്‍ത്തിക്കുന്നത്. രൂപതയിലെ എല്ലാ ഇടവകകളിലും കര്‍ഷകരുടെ സ്വയം സഹായസംഘങ്ങള്‍ രൂപീകരിക്കും. ഒരു ഇടവകയില്‍ സമീപസ്ഥരായ പത്തു മുതല്‍ 20 വരെ കുടുംബങ്ങള്‍ ഒത്തു ചേരുന്ന കര്‍ഷകദളങ്ങള്‍ രൂപീകരിച്ചാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. പത്തു സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെ സ്ഥലമുള്ളവരെ ചേര്‍ത്തു 'കര്‍ഷകദളം ഒന്ന്' എന്ന പേരിലും അഞ്ച് ഏക്കറില്‍ കൂടുതല്‍ സ്ഥലമുള്ളവരെ കൂട്ടിച്ചേര്‍ത്ത് 'കര്‍ഷകദളം രണ്ട്' എന്ന പേരിലും കര്‍ഷകദളങ്ങള്‍ രൂപീകരിക്കും. ആഴ്ചയില്‍ ഒരു പ്രാവശ്യം കര്‍ഷകദളത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെ ഭവനത്തില്‍ അംഗങ്ങള്‍ ഒരുമിച്ചു കൂടണം. ഓരോ ആഴ്ചയിലും നിശ്ചിത തുക അടയ്ക്കുകയും ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യണം. തുക എത്രയെന്ന് ഓരോ കര്‍ഷകദളത്തിനും തീരുമാനിക്കാം. കര്‍ഷക എസ്എച്ച്ജി കളില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്കു മാത്രമേ ബാങ്കിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കൂ. 

കര്‍ഷക ബാങ്ക് ആദ്യഘട്ടം പ്രധാനമായും കര്‍ഷക എസ്എച്ച്ജികളുടെ രൂപീകരണമാണ്. ഓരോ കര്‍ഷകദളത്തിനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണസമിതി ഉണ്ടായിരിക്കും. സമീപസ്ഥ ബാങ്കില്‍ ജോയിന്റ് അക്കൌണ്ട് ആരംഭിക്കും. 

ജൂലൈ 30 വരെയുള്ള കാലഘട്ടമാണ് എസ്എച്ച്ജെ രൂപീകരണഘട്ടം. 2015 ഡിസംബര്‍ 31 വരെയാണ് ഒന്നാം ഘട്ടം. ഓരോ ഇടവകയില്‍നിന്നും കര്‍ഷക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു പേരേ വീതം കണ്െടത്തി ജൂണ്‍ ആദ്യ ആഴ്ച പരിശീലനം നല്‍കും. 2016 ജനുവരി മുതല്‍ ബാങ്ക് രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. പരസ്പര ജാമ്യത്തില്‍ വായ്പ കൊടുക്കും. മൈക്രോഫിനാന്‍സിംഗ്, കാര്‍ഷിക ഉത്പന്നസംഭരണം, വിപണനം, മൂല്യവര്‍ധിത ഉത്പന്ന ബാങ്ക്, കാര്‍ഷിക നഴ്സറി, ലിങ്കിംഗ് ബാങ്ക്, കര്‍ഷക ജാഗ്രതാ സെല്‍ (ഇന്‍ഫര്‍മേഷന്‍ ബാങ്ക്), കാര്‍ഷിക വെബ്സൈറ്റ്, ഉറവിടമാലിന്യ സംസ്കരണം, ജൈവ-ബാങ്ക്, സമ്മിശ്രകൃഷിരീതി, സ്കോളര്‍ഷിപ്പ്, തുടര്‍പരിശീലന കേന്ദ്രങ്ങള്‍, അഗ്രോ-ക്ളിനിക്, അഗ്രോ-ഇന്‍ഡസ്ട്രീയല്‍ ഫ്ളാറ്റ് ഫോം തുടങ്ങിയവയാണ് കര്‍ഷക ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. 

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് മുഖ്യ രക്ഷാധികാരി. മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് (ചെയര്‍മാന്‍), മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസ് തറപ്പേല്‍ (സീനിയര്‍), ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. തോമസ് ബ്രാഹ്മണവേലില്‍, ഫാ. ജോസ് തറപ്പേല്‍ (ജൂണിയര്‍), സിബി കണിയാംപടി, മാത്യു മാമ്പറമ്പില്‍, സാജു അലക്സ് എന്നിവരാണ് കര്‍ഷക ബാങ്കിനു നേതൃത്വം നല്‍കുന്നത്. 

ബാങ്ക് ഉപദേശക സമിതിയംഗങ്ങളായി പി.സി. സിറിയക് ഐഎഎസ്, ടി.കെ. ജോസ് ഐ എ എസ്, വി.ജെ. ജോസഫ് (റിട്ട.എംഡി, എസ്ഐബി), ഷാജി സഖറിയാസ് (ഡിടി. ജിഎം, നബാര്‍ഡ്), ജോ പൈനാപ്പള്ളില്‍ (അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍), മാത്യു ചാമക്കാലായില്‍ (റബര്‍ ബോര്‍ഡ്), ജെയിംസ് വടക്കന്‍ (റീജണല്‍ മാനേജര്‍ കൊടക് മഹേന്ദ്ര ബാങ്ക്), ഡോ. ജോഷി വി. ചെറിയാന്‍ (എംഡി, ഒമേഗ എക്കോ ടെക് പ്രെഡക്ട്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും പ്രവര്‍ത്തിക്കുന്നു.


Source: http://deepika.com/ucod/

Attachments
Back to Top

Never miss an update from Syro-Malabar Church