പാലാ രൂപത കര്‍ഷകബാങ്ക് ഉദ്ഘാടനം 24ന്::Syro Malabar News Updates പാലാ രൂപത കര്‍ഷകബാങ്ക് ഉദ്ഘാടനം 24ന്
15-May,2015

പാലാ: അസംഘടിതരായ കര്‍ഷകര്‍ക്ക് കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തതയും സാമ്പത്തിക സുസ്ഥിതിയും നല്‍കാനുദ്ദേശിച്ചു പാലാ രൂപത ആരംഭിക്കുന്ന കര്‍ഷകബാങ്കിന്റെ ഉദ്ഘാടനം 24ന് ഉച്ചകഴിഞ്ഞ് മൂന്നിന് ളാലം പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ നടക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രധാന നേതൃത്വത്തില്‍ ഇന്‍ഫാമിന്റെയും എകെസിസിയുടെയും സഹകരണത്തോടെയാണ് കര്‍ഷക ബാങ്ക് പ്രവര്‍ത്തിക്കുന്നത്. 

രൂപതയിലെ എല്ലാ ഇടവകകളിലും കര്‍ഷകരുടെ സ്വയം സഹായസംഘങ്ങള്‍ രൂപീകരിക്കും. കര്‍ഷക എസ്എച്ച്ജികളില്‍ അംഗങ്ങളായിരിക്കുന്നവര്‍ക്കു മാത്രമെ ബാങ്കിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കൂ. കര്‍ഷക ബാങ്ക് ആദ്യഘട്ടം പ്രധാനമായും കര്‍ഷക എസ്എച്ച്ജികളുടെ രൂപീകരണമാണ്. ജൂലൈ 30 വരെയുള്ള കാലഘട്ടമാണ് എസ്എച്ച്ജി രൂപീകരണഘട്ടം. 

2015 ഡിസംബര്‍ 31 വരെയാണ് ഒന്നാം ഘട്ടം. 2016 ജനുവരി മുതല്‍ ബാങ്ക് രണ്ടാം ഘട്ടം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. മൈക്രോഫിനാന്‍സിംഗ്, കാര്‍ഷിക ഉത്പന്നസംഭരണം, വിപണനം, മൂല്യവര്‍ധിത ഉത്പന്നബാങ്ക്, കാര്‍ഷിക നഴ്സറി, ലിങ്കിംഗ് ബാങ്ക്, കര്‍ഷക ജാഗ്രതാ സെല്‍ (ഇന്‍ഫര്‍മേഷന്‍ ബാങ്ക്), കാര്‍ഷിക വെബ് സൈറ്റ്, ഉറവിടമാലിന്യ സംസ്കരണം, ജൈവ-ബാങ്ക്, സമ്മിശ്രകൃഷിരീതി, സ്കോളര്‍ഷിപ്പ്, തുടര്‍പരിശീലന കേന്ദ്രങ്ങള്‍, അഗ്രോ-ക്ളിനിക്, അഗ്രോ-ഇന്‍ഡസ്ട്രിയല്‍ ഫ്ളാറ്റ്ഫോം തുടങ്ങിയവയാണ് കര്‍ഷകബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍. 

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് മുഖ്യ രക്ഷാധികാരി. മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട് (ചെയര്‍മാന്‍), മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ. ജോസ് തറപ്പേല്‍ (സീനിയര്‍), ഫാ. ജോസഫ് നരിതൂക്കില്‍, ഫാ. തോമസ് ബ്രാഹ്മണവേലില്‍, ഫാ. ജോസ് തറപ്പേല്‍ (ജൂണിയര്‍), സിബി കണിയാംപടി, മാത്യു മാമ്പറമ്പില്‍, സാജു അലക്സ് എന്നിവരാണ് കര്‍ഷകബാങ്ക് നേതൃത്വം. ബാങ്ക് ഉപദേശക സമിതിയംഗങ്ങളായി പി.സി. സിറിയക് ഐഎഎസ്, ടി.കെ. ജോസ് ഐഎഎസ്, വി.ജെ. ജോസഫ് (റിട്ട. എംഡി, എസ്ബിഐ), ഷാജി സഖറിയാസ് (ജിഎം, ജില്ലാ നബാര്‍ഡ്), ജോ പൈനാപ്പള്ളില്‍ (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍), മാത്യു ചാമക്കാലായില്‍ (റബര്‍ ബോര്‍ഡ്), ജെയിംസ് വടക്കന്‍ (റീജണല്‍ മാനേജര്‍, കൊടക് മഹേന്ദ്ര ബാങ്ക്), ഡോ. ജോഷി വി. ചെറിയാന്‍ (എംഡി, ഒമേഗ എക്കോ ടെക് പ്രെഡക്ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവരും പ്രവര്‍ത്തിക്കുന്നു. 

24ന് നടക്കുന്ന കര്‍ഷക ബാങ്ക് പ്രമോട്ടേഴ്സ് മീറ്റില്‍ സഭാധ്യക്ഷന്മാര്‍, വൈദികര്‍, കര്‍ഷക നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാലാ രൂപത വൈദിക സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രൂപതയിലെ കര്‍ഷകരുടെ സമഗ്ര ക്ഷേമത്തിനായി വിപുലമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന കര്‍ഷകബാങ്ക് രൂപീകരണം പ്രഖ്യാപിച്ചിരുന്നു.


Source: http://deepika.com/ucod/

Attachments
Back to Top

Never miss an update from Syro-Malabar Church