ഏറ്റുമാനൂര്‍: മാന്നാനത്തിന്റെ ദിവ്യതേജസിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ ദൈവത്തിനു നന്ദിയര്‍പ്പിച്ചു മാന്നാനം ആശ്രമദേവാലയത്തില്‍ പതിനായിരങ്ങളുടെ പ്രാര്‍ഥനാമഞ്ജരികള്‍. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ വിശുദ്ധപദവി പ്രഖ്യാപനാഘോഷങ്ങളുടെ ഭാഗമായി പ്രാര്‍ഥനാദിനമായി ആചരിച്ച ഇന്നലെ രാവിലെ മുതല്‍ മാന്നാനത്തേക്കു തീര്‍ഥാടക പ്രവാഹമായിരുന്നു. വൈകുന്നേരം നടന്ന ജപമാല റാലിയില്‍ മെഴുകുതിരികളേന്തി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കുചേര്‍ന്നു.
ഇന്നലെ രാവിലെ ആറിന് അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും മാന്നാനം സെന്റ് ജോസഫ്സ് ആശ്രമാംഗങ്ങളും സെമിനാരി അംഗങ്ങളും നേതൃത്വം നല്‍കി.
11-ന് തിരുവല്ലം സിഎംഐ പ്രൊവിന്‍ഷ്യല്‍ ഹൌസിലെയും വിഴിഞ്ഞം സെന്റ് പീറ്റേഴ്സ് ആശ്രമത്തിലെയും വൈദികര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. വൈകുന്നേരം 4.30-ന് പ്രൊവിന്‍ഷ്യല്‍ വികാര്‍ ഫാ. മാത്യു ചീരാംകുഴി സിഎംഐയുടെ മുഖ്യകാര്‍മികത്വത്തില്‍ കോട്ടയം പ്രൊവിന്‍സിലെ 25 വൈദികര്‍ സമൂഹബലിയര്‍പ്പിച്ചു.
തുടര്‍ന്നായിരുന്നു കത്തിച്ച മെഴുകുതിരികളും കൈയിലേന്തി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ജപമാല റാലി നടന്നത്. ആശ്രമദേവാലയത്തില്‍നിന്നാരംഭിച്ച് മറ്റപ്പള്ളി, സൂര്യ കവലവഴി മാന്നാനം ജംഗ്ഷനിലെത്തിയാണു ജപമാലറാലി തിരികെ ആശ്രമദേവാലയത്തിലെത്തിയത്. ചാവറ പിതാവിന്റെ തിരുശേഷിപ്പുകൊണ്ടുള്ള ആശീര്‍വാദത്തോടെയാണ് ഇന്നലത്തെ തിരുക്കര്‍മങ്ങള്‍ അവസാനിച്ചത്.
കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുന്നതിനും ചാവറയച്ചന്‍ 32 വര്‍ഷം താമസിച്ച മുറിയും ചാവറ മ്യൂസിയവും സന്ദര്‍ശിക്കുന്നതിനും ഇന്നലെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഇന്നു രാവിലെ അതിരമ്പുഴ, കുടമാളൂര്‍, കൈപ്പുഴ ഫൊറോനകളിലെ വിവിധ ഇടവകകളില്‍നിന്നും ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തുന്ന ജപമാലറാലി 11-ന് മാന്നാനം ആശ്രമദേവാലയത്തില്‍ സംഗമിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന നടക്കും. ഉച്ചകഴിഞ്ഞ് ഒന്നിനു ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലി നയിക്കുന്ന ആരാധന, 1.30 മുതല്‍ റോമിലെ നാമകരണ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം, 4.30-ന് നൂറു വൈദികര്‍ ചേര്‍ന്ന് അര്‍പ്പിക്കുന്ന സമൂഹബലി, ആറിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
7.30-ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ആദ്യപ്രദക്ഷിണം നടക്കും. ഇന്നു നടക്കുന്ന ചടങ്ങുകളില്‍ സംബന്ധിക്കുന്നതിന് അമ്പതിനായിരത്തോളം പേര്‍ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, മോന്‍സ് ജോസഫ് എംഎല്‍എ, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവര്‍ ചാവറയച്ചന്റെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചു.
മാന്നാനത്ത് ഇന്ന്
രാവിലെ 10.30 - കുടമാളൂര്‍, കൈപ്പുഴ, അതിരമ്പുഴ ഫൊറോന മിഷന്‍ലീഗ് റാലി സംഗമം.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.
ഉച്ചകഴിഞ്ഞ് ഒന്നിന് - പ്രാര്‍ഥനാ ശുശ്രൂഷ - ബ്രദര്‍ മാര്‍ട്ടിന്‍ പെരുമാലി.
1.30- റോമിലെ ചടങ്ങുകളുടെ സംപ്രേഷണം.
4.30- 100 വൈദികരുടെ കൃതജ്ഞതാബലി.
വചന സന്ദേശം - ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്.
വൈകുന്നേരം 6.00- പൊതുസമ്മേളനം.
രാത്രി 7.30- പട്ടണ പ്രദക്ഷിണം