മാർ ജോർജ്ജ് ഞരളക്കാട്ട് തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത ::Syro Malabar News Updates മാർ ജോർജ്ജ് ഞരളക്കാട്ട് തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത
29-August,2014

കൊച്ചി: തലശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോര്‍ജ് ഞരളക്കാട്ട് നിയമിതനായി. ഇപ്പോള്‍ മാണ്ഡ്യ രൂപതാധ്യക്ഷനായി സേവനം ചെയ്യുന്ന മാര്‍ ഞരളക്കാട്ടിനെ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം വിരമിച്ചതിനെ തുടര്‍ന്നാണ് തലശേരി അതിരൂപതാധ്യക്ഷനായി നിയമിച്ചത്. നിയമനം സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും സീറോമലബാര്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ്തോമസിലും തലശേരി അതിരൂപത കാര്യാലയത്തിലും ഒരേസമയം വായിച്ചു. 2010 ജനുവരിയില്‍ മാനന്തവാടി രൂപത വിഭജിച്ച് രൂപീകരിക്കപ്പെട്ട മാണ്ഡ്യ രൂപതയുടെ പ്രഥമമെത്രാനാണ് തൊടുപുഴ കലയന്താനി സ്വദേശിയായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്. തലശേരി അതിരൂപതയ്ക്കുവേണ്ടിയും പിന്നീട് മാനന്തവാടി, ഭദ്രാവതി രൂപതകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2010 ഏപ്രില്‍ ഏഴിനാണ് മാണ്ഡ്യ രൂപതാധ്യക്ഷനായി ചുമതലയേറ്റത്. 1946 ജൂണ്‍ 23 ന് കലയന്താനി ഞരളക്കാട്ട് വര്‍ക്കി - മേരി ദമ്പതികളുടെ മകനായാണ് ജനനം. ആരക്കുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു എല്‍പി, യുപി സ്കൂള്‍ വിദ്യാഭ്യാസം. 1960 -ല്‍ അദ്ദേഹത്തിന്റെ കുടുംബം വയനാട് നടവയലിലേക്ക് കുടിയേറി. തുടര്‍ന്ന് നടവയല്‍ സെന്റ് തോമസ് ഹൈസ്ക്കൂളില്‍ നിന്ന് പത്താംക്ളാസ് വിജയിച്ചശേഷം 1963 -ല്‍ തലശേരി രൂപതയ്ക്കുവേണ്ടി വൈദീകപഠനത്തിനുചേര്‍ന്നു. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡിഗ്രി. 1971 -ല്‍ മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു വൈദീകപട്ടം സ്വീകരിച്ചു. പിന്നീട് മാനന്തവാടി രൂപത രൂപീകൃതമായപ്പോള്‍ രൂപതയ്ക്കായി സേവനം തുടര്‍ന്നു. 2007 ല്‍ രൂപീകരിക്കപ്പെട്ട ഭദ്രാവതി രൂപതയുടെ പ്രഥമ വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടെയാണ് മാണ്ഡ്യയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടത്.


Source: smcimBack to Top

Never miss an update from Syro-Malabar Church