എടത്വ: എടത്വ പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിന് ഇന്നു രാവിലെ ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 7.30 നു തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന പ്രത്യേക ശുശ്രൂഷകളെത്തുടര്ന്നാണു ദേവാലയ കവാടത്തിലേക്ക് രൂപം സംവഹിക്കുന്നത്. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നുനിന്നു പ്രാര്‍ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും.
രൂപക്കൂടില്‍ നിന്നു പുറത്തെടുക്കുന്നതു മുതല്‍ തമിഴ് വിശ്വാസികളുടെ കരങ്ങളാണു വിശുദ്ധരൂപത്തെ താങ്ങുന്നത്. ഇന്നലെ തന്നെ തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വാസികള്‍ എടത്വായിലെ വിവിധ വിദ്യാലയങ്ങളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുകയാണ്. ഇനി ഏഴിനു വൈകുന്നേരം നാലിന് നടക്കുന്ന വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിന് ശേഷമേ തമിഴ് വിശ്വാസികള്‍ മടങ്ങിപ്പോകൂ.
തിരുസ്വരൂപം ദൈവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ എടത്വ പള്ളി തീര്‍ഥാടകത്തിരക്കിലേക്ക് ഉണരും. ഇന്നലെ തന്നെ കൊടിമരത്തില്‍ എണ്ണയൊഴിക്കുന്നതിനും നേര്‍ച്ച സാധനങ്ങള്‍ വാങ്ങുന്നതിനും വന്‍ തിരക്ക് അനുഭവപ്പെട്ടു.
തീര്‍ഥാടകര്‍ക്കായി 350 ക്വിന്റല്‍ വെളിച്ചെണ്ണയാണ് ചെറിയ കുപ്പികളില്‍ ശേഖരിച്ചിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമാണെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ പള്ളിയും പരിസരവും തീര്‍ഥാടകരെ കൊണ്ടു നിറഞ്ഞു. ഇന്നു വൈകുന്നേരം പള്ളി ദീപാലകൃതമാകും. ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതോടെ പള്ളിപരിസരത്തെ സജ്ജീകരണങ്ങളും കുറ്റമറ്റതാക്കി. തീര്‍ഥാടകര്‍ക്കു ശുദ്ധജലം ലഭിക്കാന്‍ നൂറോളം പൊതുടാപ്പുകളും ജലസംഭരണികളും സ്ഥാപിച്ചു.
പോലീസ് സേവനം എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുവേണ്ടി കണ്ട്രോള് റൂം ഇന്ന് രാവിലെ 9.30 ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കമ്മ്യൂണിറ്റി സേനയുടെ യോഗം എടത്വ എസ്.ഐ. രാജേന്ദ്രന് പിള്ളയുടെ അധ്യക്ഷതയില്‍ ചേരും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം കെഎസ്ആര്‍ടിസി ബസ് സര്‍വീസും എടത്വായിലേക്ക് തുടങ്ങിയിട്ടുണ്ട്. എടത്വ വ്യാപാരമേളയിലും ജനത്തിരക്കേറി.