പാലാ: പാലാ രൂപത 31-ാമത് അഭിഷേകാഗ്നി ബൈബിള്‍ കണ്വന്ഷന് ഇന്നു മുതല്‍ 23 വരെ ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ നഗറില്‍ നടക്കും. വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതുവരെ നടക്കുന്ന കണ്വന്ഷന് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള 101 അംഗ ടീം നേതൃത്വം നല്‍കും.
തൃശൂര്‍ അതിരൂപത സഹായമെത്രാനും കെസിബിസി കരിസ്മാറ്റിക് കമ്മീഷന് ചെയര്‍മാനുമായ മാര്‍ റാഫേല്‍ തട്ടില്‍ കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, എറണാകുളം-അങ്കമാലി രൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ കണ്വന്ഷന് ദിവസങ്ങളില്‍ 4.30നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സുവിശേഷസന്ദേശം നല്‍കും.
ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലിന്റെ നിര്‍മാണവും മറ്റു ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തിന്റെയും അങ്കണങ്ങളില്‍ അധിക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ 16 എല്‍സിഡി സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. രോഗികള്‍ക്കായി പന്തലില്‍ പ്രത്യേക ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 9.30 മുതല്‍ 3.30 വരെ നാല്‍പ്പതോളം വൈദികരുടെ നേതൃത്വത്തില്‍ കൌണ്സലിംഗ്, പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവയുണ്ടായിരിക്കും. 20 മുതല്‍ 23 വരെ തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ കുമ്പസാരത്തിനും സൌകര്യമുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സേവനത്തിനായി ഫാ. കുര്യന് മറ്റത്തിന്റെ നേതൃത്വത്തില്‍ 501 അംഗ വോളണ്ടിയേഴ്സ് ടീമും ഫാ.സ്കറിയ വേകത്താനത്തിന്റെയും ഫാ.മാത്യു കദളിക്കാട്ടിലിന്റെയും നേതൃത്വത്തില്‍ 200 പേരടങ്ങുന്ന ട്രാഫിക് വോളണ്ടിയേഴ്സ് ടീമും പ്രവര്‍ത്തിക്കും. കണ്‍വന്‍ഷന്റെ തത്സമയ സംപ്രേഷണം ംംം.ല്മിഴലഹശ്വമശീിുേമഹമശ.ീൃഴ ല്‍ ലഭ്യമാണ്.