ചങ്ങനാശേരി: കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ മന്‍ഗാവില്‍ അപകടത്തില്‍ മരിച്ച എസ്വിഡി സഭാംഗമായ നവവൈദികന്‍ ഫാ. റോയി ജോസഫ് കാരമുള്ളിലിന്(31) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴി. ചങ്ങനാശേരി പാറേല്‍ എസ്വിഡി മിഷന്‍ സെമിനാരി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം സെമിനാരി സെമിത്തേരിയില്‍ മൃതദേഹം സംസ്കരിച്ചു. എസ്വിഡി വൈദികര്‍, വിവിധ രൂപതകളിലെ വൈദികര്‍, സന്യാസിനികള്‍, ബന്ധുമിത്രദികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ സംസ്കാര ചടങ്ങുകളില്‍ സംബന്ധിച്ചു.
ഏഴ് മാസങ്ങള്‍ക്കു മുമ്പായിരുന്നു അദ്ദേഹം പൌരോഹിത്യം സ്വീകരിച്ചത്. പൂവത്തോട് കാരമുള്ളില്‍ ജോസഫ്- ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്. ഇന്നലെ രാവിലെ 10.30ന് സെമിനാരി ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് എസ്വിഡി സഭയുടെ ഇന്ത്യ-മുംബൈ പ്രൊവിന്‍ഷ്യാള്‍ ഫാ. പോള്‍ വട്ടത്തറ മുഖ്യകാര്‍മികത്വം വഹിച്ചു.
തുടര്‍ന്നു നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. പ്രൊവിഷ്യാള്‍ ഫാ. പോള്‍ വട്ടത്തറ, പാറേല്‍ സെമിനാരി റെക്ടര്‍ ഫാ. മാത്യു ചെന്നക്കുടിയില്‍, ഫാ. റിച്ചാര്‍ഡ് ക്വാഡ്റോസ്, ഫാ. മാത്യു മറ്റം, ഫാ. ലൂക്ക് പീടിയേക്കല്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരാ യിരുന്നു.