കൊച്ചി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികള്‍ ഇന്നലെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന ദിവ്യകാരുണ്യ ആരാധനയ്ക്കൊപ്പം ചേര്‍ന്നു പ്രാര്‍ഥിച്ചു. വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായാണു ആരാധന നടന്നത്. കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ആശ്രമങ്ങളിലും മഠങ്ങളിലും സെമിനാരികളിലും ഇന്നലെ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്തി.
ദേവാലയങ്ങളില്‍ എത്താന്‍ കഴിയാതിരുന്ന വിശ്വാസികള്‍ രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍ വീടുകളില്‍ പ്രാര്‍ഥന നടത്തി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ആരാധനയ്ക്കു നേതൃത്വം നല്‍കി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ദിവ്യകാരുണ്യ ആരാധന നയിച്ചു.
മാര്‍പാപ്പാ ആരാധന നടത്തിയ സമയത്തു തന്നെയാണു ലോകത്തിലെ എല്ലാ കത്തീഡ്രല്‍ ദേവാലയങ്ങളിലും മെത്രാന്മാര്‍ ദിവ്യകാരുണ്യ ആരാധന നടത്തിയത്. റോമിലെ സമയം വൈകുന്നേരം അഞ്ചു മുതല്‍ ആറുവരെയാണു മാര്‍പാപ്പ ആരാധന നടത്തിയത്. സാര്‍വത്രികസഭയ്ക്കു വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നിയോഗങ്ങള്‍ക്കു വേണ്ടിയും വിശ്വാസവര്‍ഷാചരണത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാര്‍ഥിച്ചു.