കൊച്ചി: ക്രൈസ്തവ വിരുദ്ധകേന്ദ്രങ്ങളുടെ ആക്ഷേപങ്ങളിലും അവഹേളനങ്ങളിലും തകരുന്നതോ തളരുന്നതോ അല്ല ക്രൈസ്തവ സഭയും വിശ്വാസസത്യങ്ങളുമെന്നും, സഭയുടെ ആഗോളതലത്തിലുള്ള അനുസ്യൂതമായ വളര്‍ച്ചയും ആത്മീയചൈതന്യവും നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും സഭാസമൂഹത്തിന് ഉണര്‍വ്വേകുന്നതാണെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.
സഭയ്ക്കെതിരെ നിരന്തരം ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ ലോകമെങ്ങും വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ മഹത്വം തിരിച്ചറിയാത്തവരാണ്. സഭാധ്യക്ഷന്മാരെയും വൈദിക സന്യാസിനീ സമൂഹത്തേയും അവഹേളിക്കുന്നവര്‍ അവരുടെ ശുശ്രൂഷകളുടെ ഫലം അനുഭവിച്ചിട്ടുള്ളവരും അനുഭവിക്കുന്നവരുമാണെന്നുള്ളതാണ്് വാസ്തവം. സഭയുടെ മഹത്തായ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ ജാതി-മത ചിന്തകള്‍ക്കതീതമായി പൊതുസമൂഹം ഒന്നാകെയാണ്. വിവിധ ആനുകാലിക വിഷയങ്ങളില്‍ വിശ്വാസത്തില്‍ അടിയുറച്ച് പഠനങ്ങളും ചര്‍ച്ചകളും നടത്തി പക്വതയോടെയുള്ളതാണ് സഭയുടെ പൊതുസമീപനങ്ങളും സാമൂഹ്യ ഇടപെടലുകളും. സംഘര്‍ഷങ്ങളും പ്രശ്നങ്ങളും ഒഴിവാക്കുവാന്‍ ചിലപ്പോള്‍ നിശബ്ദത പാലിക്കുന്നത് നിസംഗതയും നിഷ്ക്രിയത്വവുമായി ആരും വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കേണ്ടെന്ന് അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍ പറഞ്ഞു.
ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ മറവില്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവാനും സഭാസംവിധാനങ്ങളെ ആക്ഷേപിക്കുവാനും ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിതവും ബോധപൂര്‍വ്വവുമായ ശ്രമങ്ങളും വിലകുറഞ്ഞ പ്രചരണങ്ങളും വിശ്വാസിസമൂഹം പുച്ഛിച്ചുതള്ളുമെന്നും ദൃശ്യ വിനോദതലങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരുത്തരവാദിത്വപരമായി പ്രവര്‍ത്തിക്കുന്നത് അപലപനീയമാണെന്നും അഡ്വ.വി.സി.സെബാസ്റ്യന്‍ സൂചിപ്പിച്ചു.