കുറവിലങ്ങാട്: ആടിയുലയുന്ന കപ്പല്‍, തിരമാല കണക്കെ ഭക്തസാഗരം, പൊന്‍-വെള്ളി കുരിശുകളും മുത്തുക്കുടകളും തീര്‍ക്കുന്ന വര്‍ണ മനോഹാരിത, അനുഗ്രഹമാരി സമ്മാനിച്ച് വിശുദ്ധരുടെ തിരുശേഷിപ്പുകളും തിരുസ്വരൂപങ്ങളും... ചരിത്രവും ഐതിഹ്യവും വിശ്വാസപാരമ്പര്യവും സമ്മേളിച്ച കപ്പല്‍ പ്രദക്ഷിണം കുറവിലങ്ങാടിന്റെ മധ്യാഹ്നത്തെ ഒരിക്കല്‍ക്കൂടി ഭക്തിസാന്ദ്രമാക്കി.
അതിരാവിലെതന്നെ പള്ളിയും പരിസരവും വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റത്തിന്റെയും മാര്‍ ജോസഫ് അരുമച്ചാടത്തിന്റെയും കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍നിന്നുള്ള പ്രദക്ഷിണം ആരംഭിച്ചത് അക്ഷരാര്‍ഥത്തില്‍ ജനസാഗരത്തിലേക്കാണ്. മുത്തിയമ്മയുടെ തിരുസ്വരൂപം സംവഹിച്ചു പ്രദക്ഷിണം ചെറിയപള്ളിയിലേക്കു നീങ്ങി. സ്വര്‍ഗീയമാതാവായ മുത്തിയമ്മ തന്റെ ആത്മീയപുത്രനായ വിശുദ്ധ സെബസ്ത്യാനോസിനെ ക്ഷണിച്ച് പ്രദക്ഷിണത്തിലേക്കു ചേര്‍ക്കുന്ന കാഴ്ച മാതൃസ്നേഹത്തിന്റെ നേരനുഭവമായിരുന്നു. അമ്മയുടെ തിരുസ്വരൂപം ചെറിയപള്ളിയില്‍ കയറ്റിയാണ് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പ്രദക്ഷിണത്തില്‍ ചേര്‍ക്കുന്നത്.
പ്രദക്ഷിണത്തിനു മുന്നില്‍ മുത്തിയമ്മയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും രൂപങ്ങളേറ്റിയ മൂന്നു ഗജവീരന്മാര്‍ നീങ്ങി. ഈ സമയം വലിയപള്ളിയുടെ തിരുമുറ്റത്ത് കടപ്പൂര് നിവാസികള്‍ കപ്പല്‍ കൈകളിലേന്തി എത്തിയിരുന്നു.
പിന്നീട് യോനാ പ്രവാചകന്റെ നിനിവേ യാത്രയുടെ സ്മരണകളില്‍ കപ്പല്‍യാത്ര തുടര്‍ന്നു. ആടിയുലയുന്ന കപ്പലിലേക്കും തിരുസ്വരൂപങ്ങളിലേക്കും തളിര്‍വെറ്റിലയും നാണയത്തുട്ടുകളും എ റിഞ്ഞ വിശ്വാസികള്‍ തങ്ങളുടെ വേദനകളും യാതനകളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. തിരുസ്വരൂപങ്ങളെ സ്പര്‍ശിച്ചു വീഴുന്ന തളിര്‍വെറ്റിലകള്‍ കരസ്ഥമാക്കാന്‍ നിരവധിപ്പേര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
നൂറുകണക്കായ കടപ്പൂര് നിവാസികളുടെ കരങ്ങള്‍ ഒരേ വേഗത്തിലും താളത്തിലും ഉയര്‍ന്നുതാഴുമ്പോള്‍ ഭക്തസാഗരത്തിനു ലഭിച്ചതു യോനായുടെ നിനിവേ യാത്രയുടെ നേരനുഭവമായിരുന്നു. ഈ സമയം, നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയെത്തിയ കരിവീരന്മാര്‍ കല്‍ക്കരുശിനു മുമ്പില്‍ മുട്ടുമടക്കി തുമ്പിക്കൈയുയര്‍ത്തി വണങ്ങി. ഗജവീരന്മാര്‍ വലിയ പള്ളിമുറ്റത്തേക്ക് പ്രവേശിച്ചതോടെ വലിയ പള്ളിമുറ്റത്തെ കല്പടവുകള്‍ താണ്ടി കപ്പല്‍ കുരിശിന്‍തൊട്ടിയിലെത്തി.
തുടര്‍ന്ന് യോനാ പ്രവാചകന്റെ കപ്പല്‍ യാത്രയിലുണ്ടായ കടല്‍ക്ഷോഭത്തെ അനുസ്മരിപ്പിച്ച് കപ്പലിനെ ചായ്ച്ചും ചരിച്ചും മുങ്ങിത്താഴുമെന്ന പ്രതീതിയിലെത്തിക്കാന്‍ കപ്പല്‍വഹിച്ച കടപ്പൂര് നിവാസികള്‍ക്കായി. കുരിശിന്‍തൊട്ടിയില്‍ ആടിയുലയുന്ന കപ്പലില്‍നിന്ന് ഈ സമയം യോനാപ്രവാചകന്റെ രൂപം പുറത്തെടുത്തു. പിന്നീടങ്ങോട്ട് ശാന്തമായ യാത്രയായിരുന്നു കപ്പലിന്. കല്പടവുകള്‍ കയറി വലിയ പള്ളിമുറ്റത്തെത്തിയ കപ്പല്‍ പള്ളിക്കു വലംവച്ച് തിരികെ പള്ളിയ്ക്കകത്തു പ്രവേശിച്ചു. ഈ സമയം മുത്തിയമ്മയുടെയും 11 വിശുദ്ധന്മാരുടെയും തിരുസ്വരൂപങ്ങള്‍ സംവഹിച്ച പ്രദക്ഷിണം വലിയപള്ളിമുറ്റത്ത് എത്തിച്ചേര്‍ന്നിരുന്നു.
മുത്തിയമ്മയ്ക്കൊപ്പം വലിയ പള്ളിയില്‍നിന്നിറങ്ങിയ ഒന്‍പത് തിരുസ്വരൂപങ്ങള്‍ വലിയപള്ളിയിലേക്കു തിരികെ പ്രവേശിച്ചു. വിശുദ്ധ സെബസ്ത്യാനോസിനൊപ്പം ചെറിയപള്ളിയില്‍നിന്ന് പ്രദക്ഷിണത്തില്‍ ചേര്‍ന്ന വിശുദ്ധ സെബസ്ത്യാനോസിന്റെയും കാവല്‍ മാലാഖയുടേയും തിരുസ്വരൂപങ്ങള്‍ തിരികെ ചെറിയപള്ളിയില്‍ പ്രവേശിച്ചതോടെ പ്രദക്ഷിണത്തിനു സമാപനമായി.
ഇടവകക്കാരുടെ തിരുനാള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്നു 4.30-ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. രാത്രി ഒന്‍പതിന് ആകാശവിസ്മയം.