എയ്ഡ്സ് രോഗികള്‍ക്ക് സാന്ത്വനമാകുന്ന സന്യസ്തര്‍::Syro Malabar News Updates എയ്ഡ്സ് രോഗികള്‍ക്ക് സാന്ത്വനമാകുന്ന സന്യസ്തര്‍
02-January,2013

അധ്യാപന ജോലി ഉപേക്ഷിച്ചു എയ്ഡ്സ് രോഗികള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കുംസാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും സൌമ്യസാന്നിധ്യം പകര്‍ന്നു നല്‍കുന്ന രണ്ടു കന്യാസ്ത്രീകളെ പരിചയപ്പെടാം.

ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം. ജീവിതത്തിന്റെ കറുത്ത വഴികളിലെവിടെയോ ചുവടൊന്നു പിഴച്ചപ്പോള്‍ കൂട്ടിനെത്തിയ എയ്ഡ്സ് രോഗം. വേദനയുടെ കയ്പുനീര്‍ കുടിച്ചു സമൂഹത്തില്‍ നിന്നു ഒറ്റപ്പെട്ടു കഴിയുന്ന എയ്ഡ്സ് രോഗികളെ ഓര്‍ക്കാനായി ഒരു ദിനം കൂടി...എയ്ഡ്സ് രോഗികള്‍ക്കും ലൈംഗികത്തൊഴിലാളികള്‍ക്കും സാന്ത്വനത്തിന്റെയും സ്നേഹത്തിന്റെയും സൌമ്യസാന്നിധ്യം പകര്‍ന്നു നല്‍കുന്ന രണ്ടു കന്യാസ്ത്രീകള്‍. സിസ്റര്‍ ആന്‍സി മാപ്പിളപ്പറമ്പിലും സിസ്റര്‍ മേഴ്സി വടക്കുംചേരിയും... അധ്യാപന ജോലി ഉപേക്ഷിച്ചു തങ്ങളുടെ സന്യസ്തജീവിതത്തിലേക്കു ത്യാഗത്തിന്റെയും സഹനത്തിന്റെയും വഴിയിലൂടെ പാപികളെ തേടിനടക്കുന്ന രണ്ടു സന്യസ്തര്‍.

അധ്യാപനം വിട്ട് സഹനവഴിയില്‍

ആരാധനാ സന്യാസിനി സഭ എറണാകുളം പ്രൊവിന്‍സിലെ കന്യാസ്ത്രീമാരാണ് സിസ്റര്‍ ആന്‍സി മാപ്പിളപ്പറമ്പിലും സിസ്റര്‍ മേഴ്സി വടക്കുംചേരിയും. വൈക്കം ലിസ്യൂക്സ് പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പാളായിരുന്നു സിസ്റര്‍ ആന്‍സി. സിസ്റര്‍ മേഴ്സിയാകട്ടെ തൃക്കാക്കര മേരിമാതാ സ്കൂളില്‍ അധ്യാപികയും.

മൂന്നര വര്‍ഷം മുമ്പ്, തങ്ങളുടെ അധ്യാപന ജോലി ഉപേക്ഷിച്ച് എയ്ഡ്സ് രോഗികളുടെയും ലൈംഗികത്തൊഴിലാളികളുടെയും പുനരധിവാസത്തിനായി ഇറങ്ങിപ്പുറപ്പെടാനുള്ള തീരുമാനം ഒരിക്കലും തെറ്റല്ലെന്നു ഇവര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറയുന്നു. കലൂര്‍ എളമക്കര കൌസല്യനഗറിലെ 'സാന്നിധ്യം' എന്ന സ്ഥാപനം വഴി അഞ്ഞൂറോളം എയ്ഡ്സ് രോഗികള്‍ക്കും ആയിരത്തോളം വരുന്ന ലൈംഗികത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും ഈ സന്യാസിനികള്‍ ആശ്വാസമാവുകയാണ്.

സേവനപാതയിലെ വിളക്കുമരം

1908ല്‍ സ്ഥാപിതമായ ആരാധന സഭയുടെ നൂറാംവാര്‍ഷികം 2008ല്‍ ആയിരുന്നു. സ്കൂള്‍-കോളജുകളിലെ പ്രവര്‍ത്തനം വിട്ട് സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നതിനു സന്യാസസഭകള്‍ തയാറാവണമെന്ന് അന്ന് ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് അഅഭിപ്രായപ്പെട്ടിരുന്നു. സിസ്റര്‍ ആന്‍സിക്കും സിസ്റര്‍ മേഴ്സിക്കും ആ അഭിപ്രായത്തോടു ഏറെ യോജിപ്പുണ്ടായിരുന്നു. തങ്ങളുടെ ആഗ്രഹം ഇരുവരും മദര്‍ ജനറാള്‍ സ്റ്റെല്ലാ മേരിസിനെ അറിയിച്ചു. അങ്ങനെ സഭാധികാരികളുടെ അനുമതിയോടെയാണ് ഇരുവരും പുതിയ പ്രവര്‍ത്തനമേഖല തെരഞ്ഞെടുത്തത്. കൊച്ചി നഗരത്തില്‍ ഇവരുടെ സേവനം വേണമെന്നായിരുന്നു സഭാധികാരികള്‍ അറിയിച്ചത്.

സഞ്ചരിച്ചത് ദുര്‍ഘട വഴിയേ...

മഠത്തിലെ ജീവിതസാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ ആദ്യത്തെ രണ്ടുമാസക്കാലം വളരെ കഠിനമായിരുന്നു. ലൈംഗികത്തൊഴിലാളികളുടെയും എയ്ഡ്സ് രോഗികളുടെയും പുനരധിവാസ പ്രവര്‍ത്തനമായിരുന്നു ഇരുവരും തെരഞ്ഞെടുത്ത പ്രവര്‍ത്തനമേഖല. ആരും കടന്നു ചെല്ലാത്ത മേഖലയില്‍ പ്രവര്‍ത്തനം ചെയ്യാനുള്ള ഇവരുടെ ഉദ്യമത്തിനു മുന്നില്‍ ദൈവം തുണച്ചു.

കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ അംഗത്വമുള്ളവരെയും ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സുരക്ഷ പ്രോജക്ടുമായും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ഇഎന്‍പി പ്ളസ് പോലുള്ള ഓഫീസുകളില്‍ എറണാകുളം നഗരത്തില്‍ മാത്രം ആയിരത്തോളം ലൈംഗികത്തൊഴിലാളികളാണ് രജിസ്റര്‍ ചെയ്തിരിക്കുന്നത്.

സേവനത്തിനു പുതിയമുഖമായി 'സാന്നിധ്യം'

മഠത്തിലെ ജീവിത സാഹചര്യങ്ങളില്‍ നിന്നു മാറി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എളമക്കര കൌസല്യ നഗറില്‍ ഒരു വീട് വാടകയ്ക്കെടുത്താണ് ഇവര്‍ ശുശ്രൂഷ ആരംഭിച്ചത്. 'സാന്നിധ്യം' എന്നാണ് ഓഫീസിന്റെ പേര്. ഇവരുടെ സേവനത്തില്‍ ആകൃഷ്ടനായ വീട്ടുടമ റസിയമന്‍സിലില്‍ യൂസഫ്- റസിയ ദമ്പതികള്‍ ഇവരില്‍ നിന്നു ചെറിയ വാടക മാത്രമാണ് സ്വീകരിക്കുന്നത്. എയ്ഡ്സ് രോഗികള്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും ഏതു സമയവും സാന്നിധ്യത്തില്‍ വരാനും തങ്ങളുടെ ആകുലതകള്‍ പങ്കുവയ്ക്കാനും ഇവിടെ സൌകര്യമുണ്ട്.

ആദ്യനാളുകളില്‍ ഇവരോടു സംസാരിക്കാന്‍ ലൈംഗികത്തൊഴിലാളികള്‍ക്കു മടിയായിരുന്നു. ഇപ്പോള്‍ ലൈംഗികത്തൊഴിലാളികള്‍ തങ്ങളുടെ മനസ് ഈ അമ്മമാര്‍ക്കു മുന്നില്‍ തുറക്കും. തങ്ങളുടെ വേദനകള്‍ പങ്കുവയ്ക്കും. പ്രാര്‍ഥനയിലൂടെ സാന്ത്വനം നല്‍കണമെന്നു കരയും.

വേദനിപ്പിക്കുന്ന രംഗങ്ങള്‍

രണ്ടു വര്‍ഷം മുമ്പ് ഒരു വൈകുന്നേരം എറണാകുളം നോര്‍ത്ത് പാലത്തിനു സമീപത്തുവച്ച് സിസ്റര്‍ ആന്‍സിയും സിസ്റര്‍ മേഴ്സിയും ഒരു സ്ത്രീയെ കണ്ടുമുട്ടി. നാല്‍പത്തിനോടടുത്തു പ്രായം തോന്നിക്കുന്ന ആ സ്ത്രീയുടെ കണ്ണുകളില്‍ ദൈന്യത നിഴലിച്ചിരുന്നു. പാലത്തിനു അടുത്തുള്ള തൂണില്‍ ചാരി അവര്‍ ആരെയോ പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. കന്യാസ്ത്രീമാര്‍ അവരുടെ അടുത്തുചെന്നു വിവരം തിരക്കി. ഈ അസമയത്ത് ഇവിടെ തനിച്ചു നില്‍ക്കുന്നത് പന്തിയല്ലെന്നു കന്യാസ്ത്രീമാര്‍ പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. "ഞാന്‍ ഇവിടെ നില്‍ക്കുന്നതു കൊണ്ട് എന്റെ മക്കള്‍ക്ക് ഇതുവരെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അവര്‍ വിശന്നു കരഞ്ഞിട്ടില്ല. എന്റെ മക്കള്‍ക്കു മരുന്നിനുള്ള കാശ് എനിക്കുണ്ടാക്കാന്‍ കഴിയുന്നുണ്ട്.'' ആ മറുപടിക്കു മുന്നില്‍ കന്യാസ്ത്രീമാര്‍ നിശബ്ദരായി.

ഭര്‍ത്താവിന്റെ മരണശേഷം മൂന്നു കുഞ്ഞുങ്ങളെ വളര്‍ത്താനായി ലൈംഗികത്തൊഴിലാളിയായി മാറേണ്ടിവന്ന ആ അമ്മയുടെ അവസ്ഥ കന്യാസ്ത്രീമാര്‍ക്കു ഞെട്ടലുളവാക്കി. ബുദ്ധിമാന്ദ്യമുള്ളതും തളര്‍വാതം പിടിപ്പെട്ടതുമായ രണ്ടുമക്കളുടെ മരുന്നിനുള്ള പണം കണ്െടത്താന്‍ അമ്മ സ്വീകരിച്ച മാര്‍ഗം അതായിരുന്നു.

മിസ്ഡ് കോളില്‍ കുടുങ്ങുന്ന പെണ്‍കുട്ടികള്‍

മിസ്ഡ് കോള്‍ പ്രണയത്തില്‍ കുടുങ്ങി നാടുവിട്ട് ലൈംഗികത്തൊഴിലാളികളായി മാറിയ പെണ്‍കുട്ടികള്‍ എറണാകുളത്തുണ്െടന്ന് കന്യാസ്ത്രിമാര്‍ പറയുന്നു. "എത്ര കാര്യങ്ങള്‍ അറിഞ്ഞാലും നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മനസിലാവില്ല. അവസാനം ചതിക്കുഴിയില്‍പ്പെട്ട് ഒരിക്കലും പിന്‍മാറാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിപ്പെടുന്നു.''- സിസ്റര്‍ ആന്‍സി പറഞ്ഞു.

18 മുതല്‍ 75 വയസുവരെയുള്ളവര്‍ എറണാകുളത്ത് ലൈംഗികത്തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ ചുരുക്കം ചിലര്‍ക്കു മാത്രമേ ലൈംഗികത്തൊഴിലില്‍ നിന്നു വിട്ടുപോകാന്‍ ആഗ്രഹമുള്ളൂ. ജോലിക്കെന്നു പറഞ്ഞു കോട്ടയത്തു നിന്നും തൃശൂരില്‍ നിന്നും ദിവസവും എറണാകുളത്തു വന്നു പോകുന്ന ലൈംഗികത്തൊഴിലാളികളുമുണ്ട്.

കാരുണ്യം അര്‍ഹിക്കുന്ന എയ്ഡ്സ് രോഗികള്‍

എയ്ഡ്സ് രോഗമെന്നറിഞ്ഞു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവരുടെയും കുടുംബത്തിന്റെയും അവസ്ഥ വളരെ ദയനീയമാണെന്നു സിസ്റര്‍ മേഴ്സിയും ആന്‍സിയും പറയുന്നു. എയ്ഡ്സ് രോഗമാണെന്ന് അറിയുമ്പോഴുള്ള നിരാശക്കൊണ്ട് ആത്മഹത്യ ചെയ്തവരുണ്ട്. എയ്ഡ്സ് രോഗികള്‍ക്കു മരുന്നിനും മറ്റുമായി ധാരാളം പണം ആവശ്യമായി വരുന്നുണ്ട്.

എയ്ഡ്സ് രോഗികളെ പുനരധിവസിപ്പിക്കുന്നതിലും അവരുടെ മക്കളുടെ സുരക്ഷിത ഭാവിക്കായി പദ്ധതികള്‍ നടപ്പാക്കുന്നതിലും സിസ്റര്‍ ആന്‍സിയും സിസ്റര്‍ മേഴ്സിയും ചെയ്യുന്ന സേവനങ്ങള്‍ അളവറ്റതാണ്. അഞ്ഞൂറോളം എയ്ഡ്സ് ബാധിത കുടുംബങ്ങളില്‍ സിസ്റ്റര്‍ ആന്‍സിയും സിസ്റ്റര്‍ മേഴ്സിയും ആശ്വാസവുമായി കടന്നുചെല്ലുന്നു. നൂറ് എയ്ഡ്സ് രോഗികളുടെ മക്കള്‍ക്ക് പ്രതിമാസം 300 രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പും നല്‍കുന്നു.

എയ്ഡ്സ് രോഗികള്‍ക്കായി 20 ലക്ഷം രൂപ മുടക്കി വീടുകള്‍ വച്ചുനല്‍കി. ഇരുപതു വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊടുത്തു. എയ്ഡ്സ് രോഗികളുടെ മക്കളായ 18 പേരെ ആരാധനാസഭയുടെ വിവിധ ബാലഭവനുകളില്‍ താമസിപ്പിച്ച് പഠിപ്പിക്കുന്നുണ്ട്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ആരാധന സന്യാസസമൂഹത്തിന്റെ മദര്‍ ജനറല്‍ സിസ്റര്‍ റോസ്ലേറ്റ്, എറണാകുളം പ്രോവിന്‍ഷ്യാള്‍ സിസ്റ്റര്‍ തെക്ള എന്നിവരുടെ സാന്നിധ്യം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയാകുന്നുണ്െടന്ന് ഇരുവരും പറയുന്നു.

ലൈംഗികത്തൊഴില്‍ ഉപേക്ഷിച്ച 25 സ്ത്രീകളെ എറണാകുളത്തെ ഓള്‍ഡ് ഏജ് ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്. ലേബര്‍ റൂമില്‍ നിന്നും കൈമാറിയത് ഉള്‍പ്പെടെ ലൈംഗികത്തൊഴിലാളികളുടെ അഞ്ചു കുഞ്ഞുങ്ങളെ ബാലഭവനുകളില്‍ താമസിപ്പിച്ചിട്ടുണ്ട്. എയ്ഡ്സ് ബാധിതരുടെയും ലൈംഗികത്തൊഴിലാളികളുടെയും കുടുംബങ്ങളുടെ ജീവിതച്ചെലവുകള്‍ കണ്െടത്തുന്നതിന് അവസരമൊരുക്കുന്ന പദ്ധതികളും ഇവര്‍ നടത്തുന്നുണ്ട്. രോഗികളുടെ കുടുംബങ്ങള്‍ക്കു പശുക്കള്‍, തയ്യല്‍ മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ട്.

ഇത്തരത്തിലുള്ളവരുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകള്‍, ഓണം-ക്രിസ്മസ് ആഘോഷങ്ങള്‍, സ്നേഹസംഗമങ്ങള്‍, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

എയ്ഡ്സ് രോഗികളുടെയും ലൈംഗികത്തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രതിമാസം 70,000 രൂപയാണ് ഇവരുടെ കൈകളില്‍ എത്തുന്നത്. ഇവരുടെ സേവനത്തിന്റെ മഹത്വം മനസിലാക്കി സുമനസുകള്‍ നല്‍കുന്ന തുകയാണ് ഇതെല്ലാം. സഭയില്‍ നിന്നു യാതൊരു സഹായവും ഇവര്‍ വാങ്ങുന്നുമില്ല.

വേദനകളില്‍ സാന്നിധ്യം പകര്‍ന്ന് ക്രിസ്തു

എയ്ഡ്സ് രോഗികളുടെയും ലൈംഗിക തൊഴിലാളികളുടെയും ഇടയിലെ ശുശ്രൂഷയ്ക്കായി കന്യാസ്ത്രീമാര്‍ ഇറങ്ങിയപ്പോള്‍ ഏറെ എതിര്‍പ്പുകളും പ്രതിസന്ധികളും ഉണ്ടായി. ആദ്യമൊക്കെ സ്വന്തം വീട്ടുകാര്‍ക്ക് പോലും ഇത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു ആന്‍സിയും മേഴ്സിയും പറയുന്നു. എന്നാല്‍ സാധാരണക്കാരനൊപ്പം നിന്നാലെ അവരുടെ വിഷമതകള്‍ മനസിലാക്കാന്‍ പറ്റൂവെന്ന തിരിച്ചറിവില്‍ എതിര്‍പ്പുകള്‍ അലിഞ്ഞില്ലാതായി.

സഭയില്‍ നിന്നുള്ള പിന്തുണ കൂടിയായപ്പോള്‍ എല്ലാം വിജയം. വേദനകളില്‍ ക്രിസ്തുവിന്റെ സാന്നിധ്യം പകരുകയെന്ന ദൌത്യം സാധിക്കുന്നിടത്തോളം കാലം തുടരണമെന്നു തന്നെയാണ് ആഗ്രഹമെന്നു സിസ്റ്റര്‍ ആന്‍സിയും സിസ്റ്റര്‍ മേഴ്സിയും പറയുന്നു.


Source: deepika.com

Attachments
Back to Top

Syro Malabar Live