ഭരണങ്ങാനം: വിശ്വാസ വര്‍ഷത്തിന്റെ നിറവില്‍ ലക്ഷക്കണക്കിനാളുകളിലേക്ക് വചനദീപ്തി സമ്മാനിച്ചു ഭരണങ്ങാനം അന്തര്‍ദേശീയ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന് ഇന്നു തുടക്കമാകും. 23-ന് സമാപിക്കും. ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി അങ്കണത്തിലൊരുക്കിയിരിക്കുന്ന വിശുദ്ധ അല്‍ഫോന്‍സാ നഗറില്‍ നടക്കുന്ന കണ്‍വന്‍ഷന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന 201 അംഗ ടീം നേതൃത്വം നല്‍കും. ഇന്നു വൈകുന്നേരം 4.30-ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 5.45-ന് ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൌവ്വത്തില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖ പ്രഭാഷണം നടത്തും.
രണ്ടാം ദിവസമായ നാളെ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടും 21-ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും 22-ന് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പിലും 23-ന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
നാളെ മുതല്‍ 23 വരെ തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ 5.30 വരെ കുമ്പസാരത്തിനും ഒമ്പതുമുതല്‍ 3.30വരെ കൌണ്‍സലിംഗിനും ആത്മീയ ശുശ്രൂഷകള്‍ക്കും കണ്‍വന്‍ഷന്‍ നഗറില്‍ പ്രത്യേക ക്രമീകരണമൊരുക്കിയിട്ടുണ്ട്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശമേറ്റ മണ്ണില്‍ ഒരുലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണു പൂര്‍ത്തീകരിച്ചിട്ടുള്ളത്. തിരുകര്‍മങ്ങള്‍ക്കും വചനപ്രഘോഷണത്തിനുമായി 3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രത്യേക വേദിയും നിര്‍മിച്ചിട്ടുണ്ട്. പ്രധാന പന്തലിനു പുറത്തായി 15 വലിയ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും വീല്‍ചെയറും സഹായത്തിന് വോളണ്ടിയര്‍മാരുടെ സേവനും ലഭ്യമാക്കിട്ടുണ്ട്. മെഡിക്കല്‍ ടീമിന്റെ സേവനവും കണ്‍വന്‍ഷന്‍ നഗറിലൊരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷന്‍ നഗറിലേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്. ബിഷപ്പുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, രൂപത വികാരി ജനറാള്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികളാണു കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്.