പാലാ: വിശ്വാസവര്‍ഷത്തിന്റെ ചൈതന്യം 13 ദിവസം കൊണ്ടു രൂപതയിലെ 13 ഫൊറോനകളിലെ 169 ഇടവകകളിലുള്ള മുഴുവന്‍ വിശ്വാസികളിലും എത്തിക്കുന്ന പാലാ ഗ്രാന്‍ഡ് മിഷനു രൂപരേഖയായി. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപതാ വൈദികസമ്മേളനമാണ് ഗ്രാന്‍ഡ് മിഷന്റെ ക്രമീകരണങ്ങള്‍ നടത്തിയത്. 2013 മേയ് ആറു മുതല്‍ 18 വരെയുള്ള തീയതികളിലാണു ഗ്രാന്‍ഡ് മിഷന്‍ നടക്കുന്നത്.
ഒരു ഫൊറോനയിലെ എല്ലാ ഇടവകയിലും ഒരേ സമയത്തായിരിക്കും വചനപ്രഘോഷണം നടക്കുക. നാലു വൈദികര്‍, ഒരു സന്യാസിനി, ഒരു വൈദികവിദ്യാര്‍ഥി, ഒരു അത്മായപ്രേഷിതന്‍, എന്നിങ്ങനെ ഏഴു പേരടങ്ങിയ ടീമായിരിക്കും ഓരോ ഇടവകയിലും പ്രഘോഷണം നയിക്കുക. 60 വൈദികരും 15 സന്യാസിനികളും 15 വൈദികവിദ്യാര്‍ഥികളും 15 അ ത്മായപ്രേഷിതരും അടങ്ങുന്ന 105 അംഗ ധ്യാനടീം ഗ്രാന്‍ഡ് മിഷനായി ഒരുക്കം തുടങ്ങി.
മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവരുടെ സാന്നിധ്യം എല്ലാ ഇടവകകളിലെയും ധ്യാനങ്ങളില്‍ ഉണ്ടാവുമെന്നത് രൂപതയുടെ ഒന്നാകെയുള്ള ആത്മീയ വളര്‍ച്ചയുടെ വേദിയായി ഗ്രാന്‍ഡ് മിഷനെ മാറ്റും. ഒരോ ഇടവകയിലും ഇടവകവികാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു വചനപ്രഘോഷണവും നടക്കും. ഒന്‍പതിനു ശുശ്രൂഷകള്‍ സമാപിക്കും.
ദൈവവചനം, സഭാപാരമ്പര്യം, കുടുംബങ്ങളിലെ വിശ്വാസജീവിതം, കൌദാശികജീവിതം, രണ്ടാം വര്‍ത്തിക്കാന്‍ സൂനഹദോസും ഇടവകയിലെ അത്മായപങ്കാളിത്ത വും, കുടുംബപ്രാര്‍ഥനയുടെ പ്രാധാന്യം, വിശ്വാസജീവിതത്തിലെ വ്യതിചലനങ്ങള്‍, വിശ്വാസപ്രമാണത്തിന്റെ വ്യാഖ്യാനങ്ങള്‍, മദ്യപാനം, ധൂര്‍ത്ത്, ആഢംബരം എന്നിവ മൂലമുള്ള വിപത്തുകള്‍, പങ്കുവയ്ക്കലിന്റെ ആവശ്യകത, ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയ വചനപ്രഘോഷണമാണു നടക്കുക. രൂപതയുടെ നാലു വികാരി ജനറാള്‍മാര്‍ ഈ ഗ്രാന്‍ഡ് മിഷനു വേണ്ട ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. ഇടവക കേന്ദ്രീകൃതമായ അജപാലനശുശ്രൂഷകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംഗമത്തില്‍ നിര്‍ദേശിച്ചു.