ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി::Syro Malabar News Updates News ആര്‍ച്ചുബിഷപ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച നയതന്ത്രജ്ഞന്‍: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കാലംചെയ്ത ആര്‍ച്ചുബിഷപ് ജോസഫ് ചേന്നോത്ത് ആധ്യാത്മികതയില്‍ അടിയുറച്ച ഒരു നയതന്ത്രജ്ഞന്‍ ആയിരുന്നുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപും കെ.സി.ബി.സി. പ്രസിഡണ്ടുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വ്യക്തിപരമായ ഇടപെടലുകളിലൂടെയും ഔദ്യോഗികമായ കത്തിടപാടുകളിലൂടെയും ആര്‍ച്ചുബിഷപ് ചേന്നോത്തിനെ നന്നായിട്ടറിയാവുന്നതിനാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യം അടുത്തു മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തമായ സംസാരവും സമീപനങ്ങളുമുള്ള വ്യക്തിയാണ് കാലംചെയ്ത ആര്‍ച്ചുബിഷപ്പ്. ആഴമേറിയ സഭാസ്നേഹം അദ്ദേഹത്തിനുണ്ടായിരുന്നു. മതസൗഹാര്‍ദം വളര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും അദ്ദേഹം വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നു. താരതമ്യേന വികസനം കുറഞ്ഞ രാജ്യങ്ങളിലായിരുന്നു മാര്‍പാപ്പായുടെ പ്രതിനിധിയെന്നുള്ള നിലയില്‍ ആദ്യകാലങ്ങളില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ഈ രാജ്യങ്ങളിലെല്ലാം കഠിനാധ്വാനം ചെയ്ത അദ്ദേഹം തന്‍റെ ഉത്തരവാദിത്വം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു. ജപ്പാനിലെ നുന്‍ഷ്യോ ആയി സേവനം ചെയ്തുവന്നിരുന്നപ്പോഴാണ് അദ്ദേഹം രോഗബാധിതനായതും മരണമടയുന്നതും. പാവങ്ങളോടുള്ള സ്നേഹം അദ്ദേഹത്തില്‍ എന്നും നിഴലിച്ചിരുന്നു. തന്‍റെ സ്വന്തം സമ്പാദ്യത്തില്‍നിന്ന് ഇടവക ദൈവാലയത്തിനും സഭയുടെ പൊതുവായ കാര്യങ്ങള്‍ക്കും അദ്ദേഹം ഉദാരതയോടെ സഹായങ്ങള്‍ നല്കിയിരുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. കോക്കമംഗലം ചേന്നോത്ത് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന പിതാവിന് ആ കുടുംബത്തിന്‍റെ സഹജമായ കുലീനതയും ഉയര്‍ന്ന സാംസ്കാരികശൈലിയും ഉണ്ടായിരുന്നു. ആര്‍ച്ചുബിഷപ് ചേന്നോത്തിന്‍റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ചേന്നോത്ത് കുടുംബാംഗങ്ങളോടും കോക്കമംഗലം ഇടവകയോടും പ്രത്യേകം അനുശോചനം അറിയിച്ച കര്‍ദ്ദിനാള്‍ അദ്ദേഹത്തിന്‍റെ നിത്യശാന്തിയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും പത്രക്കുറിപ്പില്‍ അറിയിച്ചു.
Back to Top

Never miss an update from Syro-Malabar Church