സീറോമലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി ശ്രീ. റ്റി. മരിയദാസിന്::Syro Malabar News Updates സീറോമലബാര്‍ സഭയുടെ പ്രഥമ പ്രേഷിതതാരം ബഹുമതി ശ്രീ. റ്റി. മരിയദാസിന്
30-August,2020

കാക്കനാട്: സീറോമലബാര്‍ സഭയുടെ സിനഡ് ഏര്‍പ്പെടുത്തിയ  പ്രേഷിതതാരം ബഹുമതിക്ക്  തക്കലരൂപതയില്‍ നിന്നുള്ള ശ്രീ. റ്റി. മരിയദാസ് അര്‍ഹനായി. സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യ പ്രേഷിതതാരം ബഹുമതി  സമ്മാനിച്ചു.
 
2019 ജനുവരി മാസത്തില്‍ ചേര്‍ന്ന മെത്രാന്‍ സിനഡിലാണ് സീറോമലബാര്‍ സഭയുടെ പ്രഷിത പ്രവര്‍ത്തനങ്ങളില്‍ അനിതരസാധാരണമാംവിധം സഹകാരികളാകുന്നവര്‍ക്കുവേണ്ടി ഇങ്ങനെയൊരു ബഹുമതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന്, തമിഴ്നാട്ടിലെ തക്കല രൂപതയുടെ സ്ഥാപനത്തിന് മുന്‍പേതന്നെ അവിടുത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സഹകാരിയാവുകയും പല മിഷന്‍കേന്ദ്രങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും മുഖ്യപങ്ക് വഹിക്കുകയും രൂപതയുടെ വളര്‍ച്ചയ്ക്കായി ഏറെ പരിശ്രമിക്കുകയും ചെയ്ത ശ്രീ. റ്റി. മരിയദാസിന് ഈ ബഹുമതി നല്‍കാന്‍ 2020 ജനുവരി മാസം നടന്ന സിനഡ് സമ്മേളനത്തില്‍ തീരുമാനമായി. സഭാദിന ആഘോഷങ്ങളുടെ സമയത്ത് നടത്താനിരുന്ന ഈ ബഹുമതി നല്‍കല്‍ ചടങ്ങ്, കോവിഡ്-19 ന്‍റെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കാരണം മാറ്റിവെയ്ച്ചു.  തുടര്‍ന്ന് ആഗസ്റ്റ്  മാസം 28ന് സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ ശ്രീ. റ്റി. മരിയദാസിന് ഈ ബഹുമതി സമ്മാനിക്കുകയായിരുന്നു. തദവസരത്തില്‍, തക്കല രൂപതാധ്യക്ഷന്‍ മാര്‍ രാജേന്ദ്രനും സീറോമലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും മൗണ്ട് സെന്‍റ് തോമസില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സിസ്റ്റേഴ്സും സന്നിഹിതരായിരുന്നു.

ക്രൈസ്തവര്‍ എന്ന നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സീറോമലബാര്‍ സഭയുടെ ക്രൈസ്തവആത്മീയത, സഭാജീവിതം, ദൈവശാസ്ത്രം, ചരിത്രം, അജപാലനം, മിഷനറി പ്രവര്‍ത്തനം എന്നിവയുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി മികച്ച സംഭാവന നല്‍കിയ വ്യക്തികളെ ബഹുമാനിയ്ക്കുന്നതിനും അഭിനന്ദിക്കുന്നതിനുമായിട്ടാണ് സീറോമലബാര്‍ സഭാസിനഡ് ബഹുമതികളും പദവികളും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദികരത്നം, മല്പാന്‍, സഭാതാരം, പ്രേഷിതതാരം എന്നിവയാണ് സഭയുടെ ബഹുമതികള്‍.

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church