സഭാ തര്‍ക്കത്തില്‍ കോടതിവിധി നടപ്പിലാക്കുന്നത് സമാധാനാന്തരീക്ഷത്തിലാവണം: സീറോമലബാര്‍ സിനഡ്::Syro Malabar News Updates സഭാ തര്‍ക്കത്തില്‍ കോടതിവിധി നടപ്പിലാക്കുന്നത് സമാധാനാന്തരീക്ഷത്തിലാവണം: സീറോമലബാര്‍ സിനഡ്
20-August,2020

കോടതി ഉത്തരവു നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി യാക്കോബായ വിഭാഗത്തിന്‍റെ കൈവശമുള്ള പള്ളികള്‍ ഏറെറടുക്കുന്നതിന് ഭരണാധികാരികളും പോലീസും ചേര്‍ന്ന് നടപടിയെടുക്കുമ്പോള്‍ സംഘര്‍ഷവും ബലപ്രയോഗവും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനവും ഉണ്ടാകുന്നതു നിര്‍ഭാഗ്യകരവും ഉല്‍ക്കണ്ഠാജനകവുമാണ്.

സമൂഹം വളരെ അപകടകരമായ ഒരു മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലീസും ജനങ്ങളും ആവശ്യമായ ശ്രദ്ധയും കരുതലും കാണിക്കേണ്ടതാണ്. ഭരണഘടനാധിഷ്ഠിത ജനാധിപത്യരാഷ്ട്രമായ ഇന്ത്യയില്‍ അധികാരികളും ജനങ്ങളും കോടതി വിധികളെ മാനിക്കുകയും അനുസരിക്കുകയും വേണം. കോടതി ഉത്തരവുകള്‍ നടപ്പിലാക്കപ്പെടണം. എന്നാല്‍ കോടതിയുത്തരവുണ്ടെങ്കിലും, പൊതുനന്മയെയും ശാശ്വതസമാധാനത്തെയും കരുതി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. പ്രസ്തുത സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗം ഒരു ക്രൈസ്തവമൂല്യവുമാണ്. നിയമത്തിന്‍റെ വ്യാഖ്യാനവും നടപ്പിലാക്കലും എപ്പോഴും സ്നേഹവും സമാധാനവും ഉറപ്പുവരുത്തുന്നതായിരിക്കണം.

നിയമത്തിന്‍റെയും സമയപരിധിയുടെയും കര്‍ക്കശമായ നടപ്പിലാക്കല്‍ പ്രായോഗികതലത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെങ്കില്‍ കോടതിയുത്തരവുകള്‍ നടപ്പിലാക്കാന്‍ ന്യായമായ സാവകാശം അനുവദിക്കുന്നതു അഭികാമ്യമാണ്. കൂടുതല്‍ സമയം ആവശ്യമെങ്കില്‍ അതു കോടതിയെ ബോധ്യപ്പെടുത്താനുള്ള ചുമതല ബന്ധപ്പെട്ട അധികാരികള്‍ക്കും കക്ഷികള്‍ക്കുമുണ്ട്. കോവിഡ് മൂലം ജനങ്ങള്‍ കഷ്ടപ്പെടുകയും സമൂഹം ഗുരുതരമായ അപകടഭീഷണി നേരിടുകയും ചെയ്യുമ്പോള്‍, സമാധാനപരമായ  അന്തരീക്ഷം സൃഷ്ടിക്കുന്നതിനും, ബലപ്രയോഗം ഒഴിവാക്കി അനുരഞ്ജനത്തിന്‍റെ മാര്‍ഗം സ്വീകരിക്കുന്നതിനും എല്ലാവരും സഹകരിക്കേണ്ടതാണ്.


Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church