സീറോമലബാര്‍സഭയുടെ ഓണ്‍ലൈന്‍ സിനഡ് ഇന്നുമുതല്‍ ::Syro Malabar News Updates News സീറോമലബാര്‍സഭയുടെ ഓണ്‍ലൈന്‍ സിനഡ് ഇന്നുമുതല്‍

കാക്കനാട്: സീറോമലബാര്‍സഭയുടെ ചരിത്രത്തില്‍ ആദ്യമായി സഭയിലെ മെത്രാന്മാരുടെ സിനഡുസമ്മേളനം ഓണ്‍ലൈനില്‍ ഇന്ന് ആരംഭിക്കുന്നു. കോവിഡ്-19 പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്ന മെത്രാന്മാര്‍ക്ക് ഒരുമിച്ചുവന്നു സിനഡുസമ്മേളനം പതിവുപോലെ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇലക്ട്രോണിക് പ്ലാറ്റുഫോമില്‍ സിനഡു നടത്തുന്നത്. സഭയുടെ ഇരുപത്തിയെട്ടാമത് സിനഡിന്‍റെ രണ്ടാമത്തെ സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. നിലവിലുള്ള നിയമനുസരിച്ചു സാധാരണരീതിയില്‍ സിനഡുസമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇലക്ട്രോണിക് പ്ലാറ്റുഫോം ഉപയോഗിച്ചുകൊണ്ട് സിനഡുസമ്മേളനം നടത്തുന്നതിന് ആവശ്യമായ മാര്‍ഗരേഖ പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയം നല്‍കിയിരുന്നു. ഈ വത്തിക്കാന്‍ രേഖയില്‍ പറഞ്ഞിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഓണ്‍ലൈന്‍ സിനഡ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നുമുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് സിനഡ് സമ്മേളനം നടക്കുന്നത്. ഓരോ ദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ വീതമുള്ള സമ്മേളനമാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ സമയവ്യത്യാസം കണക്കിലെടുത്താണ് ഈ സമയക്രമീകരണം വരുത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ സിനഡിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നിന്ന് അറിയിച്ചു.
Back to Top

Never miss an update from Syro-Malabar Church