അനുസ്മരണ സന്ദേശം: മാര്‍ മാത്യു അറയ്ക്കല്‍ ::Syro Malabar News Updates അനുസ്മരണ സന്ദേശം: മാര്‍ മാത്യു അറയ്ക്കല്‍
08-May,2020

അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതസംസ്‌കാരവേളയില്‍ മാര്‍ മാത്യു അറയ്ക്കല്‍ പിതാവ് നടത്തിയ അനുസ്മരണ സന്ദേശം
 
നിയമാവര്‍ത്തന പുസ്തകം 34-ാം അദ്ധ്യായം 11, 12 തിരുവചങ്ങളില്‍ നാം വായിക്കുന്ന ''കര്‍ത്താവിനാല്‍ നിയുക്തനായി ഈജിപ്തില്‍ ഫറവോയ്ക്കും ദാസന്മാര്‍ക്കും രാജ്യത്തിനുമുഴുവന്‍ എതിരായി അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളിലും അത്ഭുതകളിലും ഇസ്രായേല്‍ ജനത്തിന്റെ മുന്‍പില്‍ പ്രകടമാക്കിയ മഹത്വം ഭയാനകവുമായ പ്രവര്‍ത്തികളിലും മോശ അതുല്യനാണ്. ഇടുക്കി രൂപതയുടെ ശില്പിയും പിതാവുമായ, മലയോരകര്‍ഷകരുടെ വിമോചനത്തിന്റെ ശബ്ദവുമായ അഭിവന്ദ്യമാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ്. പിതാവിന്റെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും വേദനാജനകമാണ്. അഭിവന്ദ്യപിതാവ് ബലിവേദിയോടും ദൈവാലയത്തോടും ദൈവജനത്തോടും യാത്രപറയുമ്പോള്‍ നമ്മുക്ക് ഉത്ഥിതനായ മിശിഹായില്‍ പ്രത്യാശയര്‍പ്പിക്കാം. 
 
വി. ഡോണ്‍ ബോസ്‌കോ പറയുന്നത് ''കാലുകൊണ്ട് ഭൂമിയില്‍ നടക്കുമ്പോള്‍ തന്നെ ഹൃദയം കൊണ്ട് സ്വര്‍ഗത്തില്‍ നടക്കണമെന്നാണ്''. സ്വര്‍ഗത്തില്‍ ഹൃദയമുറപ്പിച്ചശേഷം ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച, ജാതിമതഭേദമെന്യേ ജനഹൃദയങ്ങളില്‍ പ്രത്യാശയുടെ നാമ്പുകള്‍ വിരിയിച്ച പുരോഹിതശ്രേഷ്ഠനാണ് അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ്.
 
1942 സെപ്റ്റംബര്‍ 23 ന് കടപ്ലാമറ്റത്ത് പരേതരായ ലൂക്കാ - എലിസബത്ത് ദമ്പതികളുടെ 15 മക്കളില്‍ 3-മനായി ജനിച്ച അഭിവന്ദ്യ പിതാവ് കൂടല്ലൂരിലും കുഞ്ചിത്തണ്ണിയിലും ചിത്തിരപുരത്തും മുത്തോലിയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 ല്‍ കോതമംഗലം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് വൈദികപരിശീലനം ആരംഭിച്ചു.തുടര്‍ന്ന് വടവാതൂര്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി 1971 മാര്‍ച്ച് 15 ന് അഭിവന്ദ്യ മാര്‍ മാത്യു പോത്തനാമൂഴി പിതാവില്‍നിന്നും ശുശ്രുഷാപൗരോഹിത്യം സ്വീകരിച്ചു.
 
സഹപാഠിയും സഹപ്രവര്‍ത്തകനും
 
ഞാനും അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവും തമ്മിലുള്ള ബന്ധം ഞങ്ങള്‍ തത്വശാസ്ത്രം പഠിക്കാനായി 1962 ല്‍ വടവാതൂര്‍ സെമിനാരിയില്‍ എത്തിയ കാലം മുതലുള്ളതാണ്. പഠനത്തിലും പഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ സമര്‍ത്ഥനായിരുന്ന പിതാവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ സംപ്രീതിയിലും വളര്‍ന്ന ഈശോയുടെ ചിത്രം തന്നെയാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഞങ്ങളുടെ ബാച്ചിന്റെ ബീഡിലും തുടര്‍ന്ന് ജനറല്‍ ബീഡിലുമൊക്കെയായി വടവാതൂര്‍ സെമിനാരിയുടെ പ്രാരംഭഘട്ടത്തില്‍ എത്ര കാര്യക്ഷമതയോടും വിനയത്തോടും കൂടിയാണ് പിതാവ് ഞങ്ങളെ നയിച്ചത് എന്ന് ഓര്‍ക്കുന്നു. തുടര്‍ന്ന് വൈദികനെന്ന നിലയില്‍ അയല്‍ രൂപതകളിലെ മെത്രാന്മാര്‍ എന്ന നിലയിലും നാളിതുവരെ ഞങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.
 
നല്ല ഇടയന്‍
 
അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍പിതാവിന്റെ ശുശ്രുഷാരംഗങ്ങള്‍ നമുക്കേവര്‍ക്കും അറിവുള്ളതാണ്.  പിതാവിന്റെ സ്തുത്യര്‍ഹമായ ശുശ്രുഷകളെ മുഴുവന്‍ വ്യാഖാനിക്കാനുള്ള സൂത്രവാക്യമായി യോഹ:10:11 ല്‍ ഞാന്‍ കാണുന്നത് ''ഞാന്‍ നല്ല ഇടയനാകുന്നു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ സമര്‍പ്പിക്കുന്നു''. ഇതോടൊപ്പം തുടര്‍ന്നുള്ള വചനവും കൂട്ടിവായിക്കണം: 'ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു'' (യോഹ 10:15). ഈ വചനങ്ങളില്‍ ഈശോ ചൂണ്ടിക്കാണിക്കുന്ന കാവല്‍ക്കാരനായ നല്ല ഇടയന്റെ അര്‍ത്ഥതലങ്ങള്‍ മുഴുവനും ഉള്‍ക്കൊള്ളുന്ന ''നല്ല ഇടയനായിരുന്നു''അഭിവന്ദ്യആനിക്കുഴിക്കാട്ടില്‍ പിതാവ്. തനിക്ക് ഭരമേല്പിക്കപ്പെട്ട ദൈവജനത്തെ അറിഞ്ഞ ഇടയാനാണദ്ദേഹം. അവരെ ഹൃദയം തുറന്നു സ്‌നേഹിച്ച ഇടയനാണദ്ദേഹം, താനും ദൈവജനത്തില്‍ ഉള്‍പ്പെട്ടവനാണ് എന്ന് തിരിച്ചറിഞ്ഞ വിനയാന്വിതനായ ഇടയനാണ് നമ്മുടെ പ്രിയങ്കരനായ ആനിക്കുഴിക്കാട്ടില്‍ പിതാവ്. റംശാ നമസ്‌കാരത്തില്‍ നാം പ്രാര്‍ത്ഥിക്കുന്നതുപോലെ അജഗണത്തിന്റെ രക്തത്തിനായി ദാഹിക്കുന്ന ചെന്നായ്ക്കളില്‍നിന്നും അവരെ കാത്തുരക്ഷിക്കാന്‍ തൊഴുത്തിന്‍മുറ്റത്തു ഉറങ്ങാതെ വസിച്ച വിട്ടുവീഴ്ചകളില്ലാത്ത കാവല്‍ക്കാരനായിരുന്നു പിതാവ്.   തന്റെ ശ്ലൈഹീകശുശ്രുഷ അധികാരമോ ആധിപത്യമോ പദവിയോ അല്ലെന്നും, മറിച്ച് ദൈവജനത്തെ പരിചാരകനെപ്പോലെ ശുശ്രുഷിക്കുവാനുള്ള ദൗത്യമാണെന്നും തിരിച്ചറിഞ്ഞ ഈശോയുടെ പ്രിയ ദാസനായിരുന്നു പിതാവെന്നതില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല.
 
പച്ചയായ മനുഷ്യന്‍
 
''പച്ചയായ മനുഷ്യന്‍'' എന്നാണല്ലോ അഭിവന്ദ്യആനിക്കുഴിക്കാട്ടില്‍ പിതാവിനെ പൊതുവെ വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തിന്റെ അര്‍ത്ഥം ഞാന്‍ കാണുന്നത് യോഹ.19:5 ലാണ്. മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും ധരിപ്പിച്ചു ഈശോയെ പുറത്തേക്ക് കൊണ്ടുവന്നശേഷം പീലാത്തോസ് പറഞ്ഞു ecce homo  'ഇതാ മനുഷ്യന്‍''. ഇതുപോല പച്ചയായ മനുഷ്യനായിരുന്ന ആനിക്കുഴിക്കാട്ടില്‍ പിതാവു ധരിച്ച മെത്രാന്റെ ശ്ലൈഹിക വസ്ത്രങ്ങള്‍ ഈശോയുടെ മുള്‍ക്കിരീടത്തോടും ചെമന്ന മേലങ്കിയോടുമാണ് അനുരൂപപ്പെടുത്തുന്ന പിതാവ് ഇപ്രകാരം എഴുതിവെച്ചു ''ജീവിതത്തിലെ പരീക്ഷകള്‍ കുരിശിന്റെ രഹസ്യം മനസിലാക്കുവാനും സഹനങ്ങളില്‍ പങ്കുചേരുവാനുമാണ് നമ്മെ സഹായിക്കുന്നത്'' (സഹ്യനാദം, ഓഗസ്റ്റ് 2012). പ്രശസ്ത പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞനായ Jürgen Moltmann നാം ചെയ്യുന്ന ശുശ്രുഷകള്‍ ക്രൈസ്തവമാണോ എന്നറിയാന്‍ ഒരു മാര്‍ഗരേഖ നിര്‍ദേശിച്ചിട്ടുണ്ട്. അതിപ്രകാരമാണ്: ''Whether it can stand before the face of the crucified Jesus'. ക്രൂശിതനായ മിശിഹായുടെ മുമ്പില്‍ നില്‍ക്കുവാന്‍ പര്യാപ്തമായവ മാത്രം ഒരു വിട്ടുവീഴ്ചയും കൂടാതെ ചെയ്ത മനുഷ്യസ്‌നേഹിയാണ് ആനിക്കുഴിക്കാട്ടില്‍ പിതാവ്. ''മിശിഹായെ നോക്കി ജീവിക്കുന്നവര്‍ വാഴ്ത്തപ്പെട്ടവര്‍'' എന്നാണല്ലോ സഭാപിതാവായ ഒരിജന്‍ നമ്മെ പഠിപ്പിക്കുന്നത്. പിതാവിന്റെ വേര്‍പാടില്‍ അര്‍പ്പിച്ച ഒരു അനുസ്മരണ സന്ദേശം ഇപ്രകാരമാണ്: ''തന്റെ വാക്കുകളെ, പാണ്ഡിത്യത്തിന്റെയോ വേഷഭൂഷാദികളുടെയോ വിസ്താരഭയത്തിന്റെയോ തൊങ്ങലുകള്‍കൊണ്ട് പോളിഷ് ചെയ്ത് ശ്രാവ്യസുന്ദരമാക്കി മാറ്റാതെ, തന്റെ ബോധ്യങ്ങള്‍ക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ശബ്ദിച്ച ഒരു പച്ചയായ മനുഷ്യന്‍''.
 
മണ്ണിന്റെ മകന്‍
 
പിറന്നനാടും, വന്ന വഴിയും, വിയര്‍പ്പിന്റെ ഗന്ധവും, കണ്ണീരിന്റെ നിസ്സഹായതയും, ഒരിക്കലും മറന്നിട്ടില്ലാത്ത മണ്ണിന്റെ മണ്ണിന്റെ മകനാണ് അഭിവന്ദ്യആനിക്കുഴിക്കാട്ടില്‍പിതാവ്. ദരിദ്രരോടും പീഡിതരോടും ചൂഷണവിധേയരോടും പക്ഷംചേര്‍ന്നുള്ള സാമൂഹിക സേവനത്തിലൂടെ, തിരുസഭയ്ക്കു അവരോടുള്ള മുന്‍ഗണനാത്മക സ്‌നേഹം അഭിവന്ദ്യപിതാവു വെളിപ്പെടുത്തി. നിസ്സഹായരോടും പാവങ്ങളോടുമൊപ്പം സഭയുണ്ടെന്ന് അഭിവന്ദ്യആനിക്കുഴിക്കാട്ടില്‍ പിതാവിലൂടെ ജനലക്ഷങ്ങള്‍ തിരിച്ചറിഞ്ഞു. പണവും പ്രതാപവും സ്വാധീനവുമില്ലാത്തവരുടെ സ്വരമായിരുന്നു പിതാവ്. അദ്ദേഹം ഇപ്രകാരം എഴുതി, ''ദളിതര്‍, ഗിരിവര്‍ഗ്ഗക്കാര്‍, സാമ്പത്തികശേഷിയില്ലാത്തവര്‍, കുടിയേറ്റക്കാര്‍, പെണ്‍ശിശുക്കള്‍, പഠിക്കാന്‍ മോശമായവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരെയും, വാസസ്ഥാനഭ്രംശം സംഭവിച്ചവരെയും, മാനസികവും ശാരീരികവുമായി വൈകല്യം സംഭവിച്ചവരെയും, നമ്മള്‍ കൂടുതലായി കരുതണം'' (സഹ്യനാദം, മെയ് 2006). തന്റെ ജനത്തെ കരുതലോടെ കാത്തുസൂക്ഷിച്ച ഇടയനാണ് പിതാവ്. 
 
ഈ കാലഘട്ടത്തിലെ സഭയുടെ പ്രവാചകശബ്ദം
 
മലയോരകര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞതാണ് പിതാവിന്റെ കരുണാര്‍ദ്രഹൃദയം. പരിസ്ഥിതി സംരക്ഷണത്തിന്റെ പേരും പറഞ്ഞ്, മലയോര മേഖലയിലുള്ള കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢലക്ഷ്യങ്ങള്‍ മറനീക്കി വരുന്നത് കണ്ടപ്പോള്‍, ജാതിമതരാഷ്ട്രീയഭേദമെന്യേ, എല്ലാവരെയും ഒന്നിപ്പിച്ച്, ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ബഹുജനമുന്നേറ്റമായ ഹൈറേഞ്ച് സംരക്ഷണസമിതിക്ക് രൂപം കൊടുക്കുവാന്‍ അഭിവന്ദ്യപിതാവ് മുന്നിട്ടിറങ്ങി. മലയോര കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങളെ പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ് ഇപ്രകാരം എഴുതി: ''ജനിച്ചു വളര്‍ന്ന മണ്ണില്‍ തലമുറകളായി കൈമാറിലഭിച്ച കൃഷിഭൂമിയില്‍ പ്രവാസികളും അഗതികളുമായി ജീവിക്കുവാന്‍ വിധിക്കപ്പെട്ട ഒരു വലിയ സമൂഹത്തിന്റെ ദുരിതം കണ്ടില്ലെന്നു നടിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കുവാന്‍ നമ്മള്‍ മുന്നിട്ടിറങ്ങണം. മലയോര കര്‍ഷകനെ കയ്യേറ്റക്കാരും വനംകൊള്ളക്കാരുമായി ആക്ഷേപിക്കുന്ന കപടബുദ്ധിജീവികളും പുരോഗമനവാദികളും ഈ ജനസമൂഹത്തിന്റെ കുടിയേറ്റചരിത്രവും കഷ്ടപ്പാടുകളും മനസ്സിലാക്കണം'' (സഹ്യനാദം, ഒക്ടോബര്‍ 2007). സ്‌നാപക യോഹന്നാനെപ്പോലെ തന്റെ ജനത്തിന്റെ അവകാശ ധ്വംസനകള്‍ക്കെതിരെ ആഞ്ഞടിച്ച പ്രവാചകശബ്ദമായിരുന്നു പിതാവിന്റേത്. ആത്മാര്‍ത്ഥതയോടും ബോധ്യത്തോടും കൂടി മാത്രമേ അദ്ദേഹം സംസാരിച്ചിട്ടുള്ളു. പിതാവ് ഇപ്രകാരം എഴുതി: ''എല്ലാ തിന്മകളെയും ചെറുക്കുന്ന പ്രവാചകശബ്ദമായിരുന്നു ഈശോ. താന്‍ പഠിപ്പിച്ച സത്യങ്ങള്‍ക്ക് കുരിശുമരണത്തിലൂടെ അവിടുന്ന് സാക്ഷ്യം നല്‍കി'' (സഹ്യനാദം, ജൂണ്‍ 2017). 'നീ എന്റെ അജഗണങ്ങളെ മേയിക്കുക'' എന്ന പത്രോസിനോടുള്ള ഈശോയുടെ ആഹ്വാനം എല്ലാ അര്‍ത്ഥത്തിലും ജീവിച്ച അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ് നീതിമാന്മാരായ ദൈവശുശ്രൂഷകരുടെ നിരയില്‍ എണ്ണപ്പെടും എന്നതില്‍ സംശയമില്ല. ന്യുനപക്ഷ അവകാശ സംരക്ഷണത്തിലും മലയോര കര്‍ഷകരുടെ പട്ടയ വിഷയത്തിലും ഏലമല പ്രദേശങ്ങളുടെ സംരക്ഷണത്തിലും ശക്തമായ നിലപാടുകളാണ് പിതാവ് എടുത്തിട്ടുള്ളത്.
 
ഇടുക്കി രൂപതയുടെ ശില്പിയും പിതാവും
 
കോതമംഗലം രൂപത വിഭജിച്ച് 2003 മാര്‍ച്ച് രണ്ടാം തീയതി ഇടുക്കി രൂപത സ്ഥാപിതമായപ്പോള്‍ പ്രഥമ മെത്രനായി അഭിഷിക്തനായ അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ് സമാനതകളില്ലാതെയാണ് ഈ രൂപതയെ നട്ടുവളര്‍ത്തിയത്. ഇടുക്കി രൂപതയുടെ പിതാവും ശില്പിയും അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവാണ. ''ഞാന്‍ അവര്‍ക്കു ഒരു ഇടയനെ നിയമിക്കും. അവന്‍ അവരെ മേയിക്കും. അവന്‍ അവരെ തീറ്റിപ്പോറ്റുകയും അവരുടെ ഇടയനായിരിക്കുകയും ചെയ്യും'' (ഐസക്കിയേല്‍ 34:43) എന്ന തിരുവചനം എത്ര അര്‍ത്ഥപൂര്‍ണമായാണ് അഭിവന്ദ്യ പിതാവിലൂടെ ഇടുക്കി രൂപതയിലെ ദൈവജനം അനുഭവിച്ചത്.
 
ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയും ദൈവശാസ്ത്ര അദ്ധ്യാപകനുമായിരുന്ന പിതാവ് ആഴമേറിയ സഭാദര്‍ശനത്തിലൂടെയാണ് ഈ രൂപതയ്ക്ക് ഊടുംപാവും നല്‍കിയിരിക്കുന്നത് എന്ന സത്യം ഏറ്റവും പ്രസക്തമാണ്. പിതാവ് ഇപ്രകാരം ദൈവജനത്തെ പഠിപ്പിച്ചു ''പരിശുദ്ധ ത്രിത്വത്തിന്റെ കൂട്ടായ്മയുടെ മാതൃകയില്‍ ഭൂമിയില്‍ മനുഷ്യവര്‍ഗം ആയിരിക്കണമെന്നാഗ്രഹിക്കുന്ന ദൈവം, അതിനായി രൂപപ്പെടുത്തിയ ദൈവത്തിന്റെ കുടുംബമാണ് സഭ'' (സഹ്യനാദം, ഓഗസ്റ്റ് 2016). എത്ര മനോഹരമായ സഭാദര്‍ശനമാണിത്. ''ദൈവത്തിന്റെ കുടുംബമായാണ്'' അഭിവന്ദ്യപിതാവ് ഇടുക്കി രൂപതയെ വളര്‍ത്തി യൗവ്വന യുക്തതയായിരിക്കുന്നത്. അഗാധമായ സഭാദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വേണം അദ്ദേഹം നടത്തിയ അജപാലന പ്രവര്‍ത്തനങ്ങളെ നാം മനസിലാക്കേണ്ടത്.
 
19 പുതിയ ഇടവകകളും 21 മിഷന്‍ സ്റ്റേഷനുകളും സ്ഥാപിച്ച പിതാവ് 25 ദൈവാലയങ്ങളും 27 വൈദികമന്ദിരങ്ങളും പുതുക്കി നിര്‍മ്മിക്കുവാന്‍ നേതൃത്വം നല്‍കി. അഗതികള്‍ക്കും അശരണര്‍ക്കും മിശിഹായുടെ കാരുണ്യം പകര്‍ന്നുനല്‍കുന്ന വിവിധ ഭവനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്തു. ക്രിസ്തുജ്യോതി അജപാലനകേന്ദ്രവും, ആത്മജ്യോതി പാസ്റ്ററല്‍ സെന്ററിന്റെ നവീകരണവും, മാര്‍ എഫ്രേം മൈനര്‍ സെമിനാരിയും, വിയാനി പ്രീസ്‌റ് ഹോമും, ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കും പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന്റെഫലങ്ങളാണ്. വിദ്യാഭ്യാസ മേഖലയിലും നിലനില്‍ക്കുന്ന സംഭാവനകള്‍ പിതാവു നല്‍കിയിട്ടുണ്ട്. പിതാവിന് അന്ത്യവിശ്രമം നല്‍കുന്ന, നമ്മുടെ സഭയുടെ പാരമ്പര്യവും വിശ്വാസരീതികളും പൂര്‍ണമായി ഉള്‍ക്കൊണ്ടു നിര്‍മ്മിച്ച മനോഹരമായ ഈ കത്തീഡ്രല്‍ ദൈവാലയം, അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ഉള്‍ക്കാഴ്ചയുടെയും അക്ഷീണപ്രയത്‌നത്തിന്റെയും ചരിത്രസ്മാരകമാണ്.വൈദികരെയും സമര്‍പ്പിതരെയും സ്‌നേഹിച്ച പിതാവ് വൈദികരാലും സമര്‍പ്പിതരാലും രൂപതയെ സമ്പന്നമാക്കിയിട്ടാണ് നമ്മില്‍ നിന്നും വേര്‍പിരിയുന്നത്.
 
ക്രൈസ്തവ കുടുംബങ്ങളുടെ കാവല്‍ക്കാരന്‍
 
സഭയെ ''ദൈവത്തിന്റെ കുടുംബമായി'' കണ്ട പിതാവിന്റെ അജപാലനശൈലിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം കുടുംബ നവീകരണമായിരുന്നു.ക്രൈസ്തവകുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കൃത്യതയോടും വ്യക്തതയോടും കൂടി അവയെ അവതരിപ്പിക്കുകയും അതിനുള്ള പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സീറോമലബാര്‍ സഭയുടെ ഫാമിലി കമ്മിഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കാര്യക്ഷമമായ പല ഇടപെടലുകളും ഈ രംഗത്ത് പിതാവ് നടത്തിയിട്ടുണ്ട്. ദൈവവചനത്തില്‍നിന്നും സഭാപ്രബോധനകളില്‍നിന്നും നമ്മുടെ കുടുംബങ്ങള്‍ വ്യതിചലിക്കുന്നത് കുടുംബശിഥിലീകരണത്തിനും സമൂഹത്തിന്റെ തകര്‍ച്ചക്കും രാഷ്ട്രനിര്‍മ്മിതിയില്‍ ദിശാബോധം നഷ്ടപ്പെടുന്നതിനും ഇടയാകുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ കുടുംബങ്ങളില്‍ ക്രൈസ്തവമൂല്യങ്ങളുടെ ആവശ്യകത അടിവരയിട്ട് നമ്മെ പഠിപ്പിച്ചു. പിതാവ് ഇപ്രകാരമെഴുതി:''എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു'' എന്ന വാചകം, പരാജിതനായ ഈശോയുടെ വിലാപമല്ല, മറിച്ച് നസ്രത്തിലെ തിരുക്കുടുംബത്തില്‍ അമ്മ മേരിയില്‍നിന്നും കേട്ടുമനസ്സിലാക്കിയ സങ്കീര്‍ത്തനഭാഗമാണെന്നു മക്കള്‍ക്കു പറഞ്ഞു കൊടുക്കണം (സഹ്യനാദം, ജൂലൈ 2017). വിശുദ്ധനായ ഒരു വൈദികനുണ്ടാകുക എന്നത് ഏതൊരു കുടുംബത്തിന്റെയും ഇടവകയുടെയും ഏറ്റവും വലിയ ഭാഗ്യവും ദൈവാനുഗ്രഹവും ആണെന്നാണ് പിതാവ് നമ്മളെ പഠിപ്പിച്ചത്.ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് ഈ രൂപതയിലെ ഓരോ കുടുംബത്തിലെയും പിതൃ സാന്നിദ്ധ്യമായിരുന്നു.
 
ദൈവികമനുഷ്യന്‍
 
ആറാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സുബിയാക്കോ മലനിരകളിലെ വനത്തില്‍ പ്രാര്‍ത്ഥനയില്‍ ജീവിച്ചിരുന്ന വി. ബെനഡിക്ടിന്റെ ആത്മീയ സാന്നിദ്ധ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ കൂടിയായ മഹാനായ ഗ്രിഗറി മാര്‍പ്പാപ്പ ഇപ്രകാരം എഴുതി:''താഴ്‌വരയിലെ ആളുകള്‍ ശാന്തിയിലും സമാധാനത്തിലും ആണ് കഴിഞ്ഞിരുന്നത്, കാരണം മലമുകളില്‍ ദൈവികമനുഷ്യന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു''. അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിനെക്കുറിച്ചും എനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്: ''താഴ്‌വരയിലെ ആളുകള്‍ ശാന്തിയിലും സമാധാനത്തിലും ആണ് കഴിഞ്ഞിരുന്നത്, കാരണം മലമുകളില്‍ ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന ദൈവികമനുഷ്യന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു, അവര്‍ക്കു കാവലായി കണ്ണിമചിമ്മാതെ ഉണ്ടായിരുന്നു. ഈ ദൈവിക മനുഷ്യന്റെ പ്രാത്ഥനയും അനുഗ്രഹവും സ്വര്‍ഗ്ഗത്തിന്റെ താഴ്‌വരയായ ഈ ഭൂമിയില്‍ താമസിക്കുന്ന നമുക്ക് ഓരോരുത്തര്‍ക്കും പ്രതേകിച്ചു മലയോരകര്‍ഷകര്‍ക്കും വേദനിക്കുന്നവര്‍ക്കും പാര്‍ശ്വവത്കരിക്ക പ്പെട്ടവര്‍ക്കും തുണയായി എപ്പോഴുമുണ്ടാകും.
 
യാത്രാമംഗളങ്ങള്‍
 
49 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിലൂടെ, അതില്‍ 17 വര്‍ഷം പൗരോഹിത്യ ശുശ്രൂഷയുടെ പൂര്‍ണതയില്‍, ദൈവജനത്തിന് ഈശോയെത്തന്നെ നല്‍കി ദൈവഹിതപ്രകാരം ശുശ്രൂഷ ചെയ്ത അങ്ങ് ദൈവപിതാവിന്റെ ഭവനത്തില്‍ സുസ്‌മേരവദനനായിരിക്കും. കര്‍ത്താവിന്റെ നാമം അനവരതം പ്രഘോഷിച്ച അങ്ങയുടെ നാമം സ്വര്‍ഗീയ ദൂതന്മാര്‍ നെഞ്ചോടുചേര്‍ത്തു വെച്ചിട്ടുണ്ട്.ഇടുക്കി രൂപതയുടെ പിതാവും ശില്പിയുമായ അങ്ങയെ ഈ മലയോര കര്‍ഷക സമൂഹം മുഴുവനും അവരുടെ വിമോചകനായ മോശയായി, ഹൃദയങ്ങളില്‍ തങ്കലിപികളില്‍ കോറിയിട്ടിട്ടുണ്ട്. അങ്ങ് പച്ചയായ മനുഷ്യനായിരുന്നു മുള്‍ക്കിരീടവും ചെമന്ന മേലങ്കിയും പീലാത്തോസ്  ധരിപ്പിച്ച് ജനത്തിനു കാണിച്ചുകൊടുത്ത ആ മനുഷ്യന്റെ ഈ കാലഘട്ടത്തിലെ യഥാര്‍ത്ഥ പ്രതിരൂപമാണ് അഭിവന്ദ്യപിതാവേ അങ്ങ്. വാക്കിലും പ്രവൃത്തിയിലും മോശയെപ്പോലെ അതുല്യനായിരുന്ന അങ്ങയുടെ പ്രവാചകശബ്ദം ഈ കാലഘട്ടത്തില്‍ സഭയ്ക്ക് അനിവാര്യമായിരുന്നു. പ്രിയ പിതാവേ, അങ്ങേയ്ക്കു സഹപാഠിയുടെ, സഹപ്രവര്‍ത്തകന്റെ യാത്രാമംഗളങ്ങള്‍.
 
അനുശോചനം
 
അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന ഇടുക്കി രൂപതയിലെ വിശ്വാസിസമൂഹത്തിനും പ്രത്യേകിച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിനും സഹോദരങ്ങളായ റവ. സി. ആനി എങഅ, ത്രേസ്യാമ്മ മാത്യു, കുട്ടിച്ചന്‍, റവ. ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍, റവ. ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍, റവ. സി. ആലീസ് ആനിക്കുഴിക്കാട്ടില്‍ SH, റവ. ഫാ. ജോസ് ആനിക്കുഴിക്കാട്ടില്‍ SDB, റവ. ഫാ. ടോമി ആനിക്കുഴിക്കാട്ടില്‍, ലിസമ്മ എന്നിവര്‍ക്കും ഈ രൂപതയിലെ വൈദികസമൂഹത്തിനും സമര്‍പ്പിതര്‍ക്കും ബന്ധുമിത്രാദികള്‍ക്കും എന്റെ അനുശോചനങ്ങള്‍ അറിയിക്കുന്നു.
 

Source: Media Commission

Attachments
Back to Top

Never miss an update from Syro-Malabar Church