മനുഷ്യപ്രീതിയേക്കാള്‍ ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠന്‍: ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തില്‍::Syro Malabar News Updates മനുഷ്യപ്രീതിയേക്കാള്‍ ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠന്‍: ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തില്‍
05-May,2020

അജപാലന ശുശ്രൂഷയില്‍ മനുഷ്യപ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. അദ്ദേഹത്തിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ''മിശിഹായില്‍ ദൈവീകരണം' എന്ന ആപ്തവാക്യംതന്നെ അദ്ദേഹത്തിന്റെ മേല്‍പട്ട ശുശ്രൂഷയുടെ ലക്ഷ്യവും പ്രാധാന്യവും ദൗത്യവും എന്തായിരുന്നു എന്നു തെളിയിക്കുന്നതാണ്. 
 
സീറോ മലബാര്‍ സഭയുടെ സുറിയാനി പൈതൃകത്തേയും ആരാധനയെയും അങ്ങേയറ്റം സ്‌നേഹിക്കുകയും തന്നാലാവുംവിധം അതിനോടു വിശ്വസ്തതപുലര്‍ത്തുകയും ചെയ്ത വ്യക്തിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. ഇടുക്കി രൂപതയുടെ ശൈശവദശയില്‍ ബുദ്ധിമുട്ടുകളും പരിമിതികളും ഏറെ ഉണ്ടായിരുന്നപ്പോഴും എല്ലാറ്റിലുമുപരി ദൈവാരാധനയില്‍ കേന്ദ്രീകൃതമായ ഒരു സഭാസമൂഹത്തെ അദ്ദേഹം ആദ്യമേതന്നെ രൂപപ്പെടുത്തി. ദൈവസ്‌നേഹവും പരസ്‌നേഹവും അദ്ദേഹത്തിന്റെ മേല്‍പട്ടശുശ്രൂഷയുടെ രണ്ടു പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. കുടിയേറ്റ ജനതയ്ക്കുവേണ്ടി മോശയെപ്പോലെ അദ്ദേഹം മാധ്യസ്ഥ്യം വഹിച്ചു. കുടിയേറ്റ കര്‍ഷക കുടുംബത്തിലെ ഒരംഗമെന്നനിലയില്‍ മനുഷ്യന്റെ വേദനകളെ പച്ചമനുഷ്യന്റെ തീവ്രതയില്‍ത്തന്നെ അദ്ദേഹം ഏറ്റെടുക്കുകയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും ചെയ്തു.
 
ഇടുക്കിയിലെ മലയോരമേഖലയില്‍ സാമൂഹ്യ, സാംസ്‌കാരിക, കാര്‍ഷിക, സാന്പത്തിക, വിദ്യാഭ്യാസ മേഖലകളിലെല്ലാം ശക്തവും ഫലപ്രദവുമായി ഇടപെട്ട ഒരു ആധ്യാത്മിക ആചാര്യനായിരുന്നു അഭിവന്ദ്യ ആനിക്കുഴിക്കാട്ടില്‍ പിതാവ്. ആഴമേറിയ പ്രാര്‍ഥനയുടെയും അറിവിന്റെയും അനുഭവത്തിന്റെയും ആധികാരികതയും അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അടിസ്ഥാനമായിരുന്നു. ജീവിതലാളിത്യംകൊണ്ടും പെരുമാറ്റത്തിലെ ആര്‍ജവത്വംകൊണ്ടും ശ്രദ്ധേയമായ നേതൃത്വമായിരുന്നു സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്കിയത്.
 
ഇടുക്കി രൂപതയോടും പ്രത്യേകമായി അഭിവന്ദ്യ ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവിനോടും ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ ദൈവവിളികളാല്‍ സന്പന്നമായ കുടുംബാംഗങ്ങളോടുമുള്ള അനുശോചനവും പ്രാര്‍ഥനയും അറിയിക്കുന്നു.
 
 
 

Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church