ഇടുക്കിയുടെ പ്രഥമ മെത്രാന്‍ കാലംചെയ്തു::Syro Malabar News Updates ഇടുക്കിയുടെ പ്രഥമ മെത്രാന്‍ കാലംചെയ്തു
01-May,2020

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി കിടപ്പിലായിരുന്നു.

ഭൗതിക ശരീരം മുവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്ന് ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അറിയിച്ചു.

വര്‍ഷങ്ങളായി പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ മൂന്നുവര്‍ഷമായി കിഡ്‌നി സംബന്ധമായ അസുഖത്തിനും ചികിത്സതേടിയിരുന്നു. മുരിക്കാശേരി അല്‍ഫോന്‍സ, അടിമാലി മോര്‍ണിംഗ്സ്റ്റാര്‍, എറണാകുളം ലിസി, രാജഗിരി, കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ തുടങ്ങിയ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്നു.

അവസാന കാലത്ത് മോര്‍ണിംഗ് സ്റ്റാര്‍ ആശുപത്രിയിലും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ. രണ്ടാഴ്ച മുമ്പ് അടിമാലിയില്‍നിന്നും കോലഞ്ചേരിയിലെത്തിച്ച പിതാവിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിലായതിനെതുടര്‍ന്ന് വെന്റിലേറ്റിലേക്ക് മാറ്റി.

2003ല്‍ കോതമംഗലം രൂപത വിഭജിച്ച് രൂപീകൃതമായ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു കാലം ചെയ്ത മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഇടുക്കിയുടെ സമസ്ഥമേഖലയെയും പുരോഗതിയിലേക്കു നയിച്ച ജനകീയനായ മെത്രാനായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍.


Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church