കൊച്ചി: മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവായ്ക്കും പാലാ രൂപത സഹായമെത്രാനായി നിയമിതനായ മാര്‍ ജേക്കബ് മുരിക്കനും കേരള കാത്തലിക് കൌണ്‍സിലിന്റെ സമ്മേളനവേദിയില്‍ സ്നേഹനിര്‍ഭരമായ സ്വീകരണം നല്കി.
കേരളസഭയ്ക്ക് ലഭിച്ച അപൂര്‍വ സൌഭാഗ്യമാണു മാര്‍ ക്ളീമിസിന്റെ കര്‍ദിനാള്‍ പദവിയെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കത്തോലിക്കാ സഭയെ നയിക്കാനും സഭയുടെ ദൌത്യം സമൂഹത്തെ അറിയിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം കൂടിയാണ് ഈ പദവിയെന്ന് മാര്‍ താഴത്ത് ചൂണ്ടിക്കാട്ടി. വിശ്വാസികളുടെയും വിശുദ്ധരുടെയും നാട്ടില്‍ ഇടയനായി വാഴ്ത്തപ്പെട്ട മാര്‍ ജേക്കബ് മുരിക്കനെ അദ്ദേഹം അഭിനന്ദിച്ചു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് ബാവായ്ക്കു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധവേദപുസ്തകവും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാതാവിന്റെ രൂപവും സമ്മാനിച്ചു. ബിഷപ് മാര്‍ ജേക്കബ് മുരിക്കന് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ വിശുദ്ധവേദപുസ്തകം ഉപഹാരമായി നല്കി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് നന്ദി പറഞ്ഞു.