ഇടതിനും വലതിനും മദ്യം പ്രോത്സാഹിപ്പിക്കുന്ന നയം: ആര്‍ച്ച്ബിഷപ് മാര്‍ താഴത്ത് ::Syro Malabar News Updates ഇടതിനും വലതിനും മദ്യം പ്രോത്സാഹിപ്പിക്കുന്ന നയം: ആര്‍ച്ച്ബിഷപ് മാര്‍ താഴത്ത്
11-December,2012

 

കൊച്ചി: കേരളത്തില്‍ ഏതു ഭരണം വന്നാലും മദ്യം പ്രോത്സാഹിപ്പിക്കുന്ന നയമാണു പിന്തുടരുന്നതെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. പാലാരിവട്ടം പിഒസിയില്‍ കേരള കാത്തലിക് കൌണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മദ്യം ഇഷ്ടം പോലെ ലഭിക്കാനുളള സാഹചര്യമാണു സര്‍ക്കാര്‍ ഒരുക്കുന്നത്. 
 
സ്ത്രീപീഡനത്തിനും അഴിമതികള്‍ക്കും സമരങ്ങള്‍ക്കും റോഡ പകടങ്ങള്‍ക്കും കുടുംബങ്ങളുടെ തകര്‍ച്ചയ്ക്കും ഒന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. ഈ സ്ഥാനങ്ങള്‍ സംസ്ഥാനത്തിനു ലഭിക്കാന്‍ പ്രധാന കാരണം മദ്യമാണ്. മദ്യത്തിന്റെ ഉപയോഗം കേരളത്തില്‍ ക്രമാതീതമായി കൂടുകയാണ്. മദ്യലഭ്യത കുറയ്ക്കുക എന്നതു കേരളത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രധാന ഉത്തരവാദിത്വമായി മാറേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പൊതുശബ്ദമായും മനഃസാക്ഷിയായും കേരള സഭ മാറണമെങ്കില്‍ മദ്യത്തിനെതിരേ പ്രതികരിച്ചേ മതിയാകൂ. ശക്തമായ നിലപാടുകള്‍ ഇതിനായി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
 
പരിസ്ഥിതി സംരക്ഷണത്തിന് സഭ ഏറെ പ്രാധാന്യം നല്കുന്നുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ നിലപാടുകള്‍ കെസിബിസി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ രൂപതകളും ഇടവകകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കാനുള്ള നടപടികളോടു സഭ യോജിക്കില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്നാണ് അറിയുന്നത്. അങ്ങനെയുണ്െടങ്കില്‍ അതു നടപ്പാക്കുന്നതില്‍ പുനര്‍വിചിന്തനം വേണം. സമൂഹത്തിന്റെ പൊതുനന്മയ്ക്കുവേണ്ടിയാകണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
കെസിബിസി പുതുതായി തയാറാക്കിയ ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗരേഖ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. കെസിബിസി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. സെബാസ്റ്യന്‍ തെക്കത്തെച്ചേരില്‍ മാര്‍ഗരേഖയുടെ കരട് സമ്മേളനത്തില്‍ അവതരിപ്പിച്ചു. 
 
ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രബന്ധം പരിസ്ഥിതിശാസ്ത്രജ്ഞന്‍ ഡോ. ജോസ് കല്ലറക്കല്‍ അവതരിപ്പിച്ചു. കേരള കത്തോലിക്കാ സഭയുടെ വിശ്വാസവര്‍ഷ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഫാ. ജോളി വടക്കന്‍ നേതൃത്വം നല്കി. സെക്രട്ടറി പ്രഫ. എം.ആര്‍. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അഡ്വ. ഗോഷ് യോഹന്നാന്‍ പ്രമേയാവതരണം നടത്തി. കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ലിജു ജോര്‍ജ് നന്ദിയും പറഞ്ഞു. 
 
ഇന്ന് ആരംഭിക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട ഇരുപതോളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, ഡോ. എം. സൂസൈപാക്യം എന്നിവരടക്കം 37 സഭാമേലധ്യക്ഷര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

Source: deepika

Attachments
Back to Top

Never miss an update from Syro-Malabar Church