സെക്കുലറിസം, ബഹുസ്വരത, മതപഠനം ::Syro Malabar News Updates സെക്കുലറിസം, ബഹുസ്വരത, മതപഠനം
10-February,2020

സ്വകാര്യ വിദ്യാലയങ്ങളിലും സ്വകാര്യ എയ്ഡഡ് വിദ്യാലയങ്ങളിലും- ന്യൂനപക്ഷങ്ങളുടേതുള്‍പ്പെടെ- മതപഠനത്തിനു സര്‍ക്കാരിന്റെ അനുമതി വേണമെന്നു കേരള ഹൈക്കോടതിയിലെ ഒരു കേസിന്റെ വിധിയില്‍ നിര്‍ദേശിച്ചുകണ്ടു. ഒരു മതവിഭാഗം നടത്തുന്ന, മറ്റു മതവിശ്വാസികള്‍ക്കു പ്രവേശനമില്ലാത്ത, സര്‍ക്കാരിന്റെ അംഗീകാരം തേടാത്ത ഒരു വിദ്യാലയത്തെ ആസ്പദമാക്കിയുള്ള കേസിലെ വിധിയിലാണ് ഈ നിര്‍ദേശം കടന്നുവന്നത്. ഈ നിര്‍ദേശം തീര്‍ച്ചയായും വിലയിരുത്തപ്പെടേണ്ടതാണ്. ഈ ഒരു നിര്‍ദേശത്തെ അടിസ്ഥാനമാക്കി ഇന്ത്യന്‍ സെക്കുലറിസത്തെക്കുറിച്ചും ന്യൂനപക്ഷാവകാശത്തെക്കുറിച്ചുമെല്ലാം തെറ്റിദ്ധാരണ പരത്തുന്ന വാദമുഖങ്ങള്‍ പല മാധ്യമങ്ങളിലും കാണാനും ഇടയായി.
 
ഇന്ത്യന്‍ സെക്കുലറിസം
 
ഇന്ത്യന്‍ സെക്കുലറിസമെന്നതു പാശ്ചാത്യരാജ്യങ്ങളിലെ സെക്കുലറിസത്തില്‍നിന്നും കമ്യൂണിസ്റ്റുകാര്‍ വാദിക്കുന്ന സെക്കുലറിസത്തില്‍ നിന്നും അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമാണ്. പാശ്ചാത്യ സെക്കുലറിസമെന്നത് മതത്തിനു പൊതുഇടങ്ങളില്‍ സാംഗത്യമില്ലെന്ന നിലപാടാണ്. കമ്യൂണിസം സെക്കുലറിസമായി ചൂണ്ടിക്കാണിക്കുന്നതു സാമാന്യമായി പറഞ്ഞാല്‍ മതനിരാസമെന്നതാണ്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന സെക്കുലറിസമാകട്ടെ മതത്തിന്റെ പേരില്‍ ഒരു പക്ഷഭേദവും പാടില്ല എന്നതാണ്. ഒരു മതത്തോടും പ്രത്യേകിച്ചു പ്രതിപത്തിയോ വിമുഖതയോ പ്രകടിപ്പിക്കാത്ത നിലപാടാണത്.
 
മത നിഷ്പക്ഷത എന്നാണു സുപ്രീംകോടതിവിധികളില്‍ ചിലതില്‍ കാണാന്‍ കഴിയുന്നത്. രാഷ്ട്രത്തിനു പൗരന്മാരോടുള്ള ബന്ധത്തില്‍ അവര്‍ അവലംബിക്കുന്ന മതം ഒരു സ്വാധീനവും ചെലുത്തുന്നില്ല എന്നതുതന്നെയാണ് ഈ കാഴ്ചപ്പാട്. അതിനു വിരുദ്ധമായതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമായി ചൂണ്ടിക്കാട്ടിയത്.
 
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം
 
ബഹുസ്വരതയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു പ്രത്യേകത. വിവിധ മതങ്ങളെയും ഭാഷാ സംസ്‌കാരങ്ങളെയും അത് ആദരപൂര്‍വം കാണുന്നു. അതിന്റെ നിലനില്‍പ്പിനെ പിന്തുണയ്ക്കുന്നു. അതുകൊണ്ടുതന്നെയാണ് ഭാഷാ -മതന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചുനടത്താനുള്ള വിദ്യാഭ്യാസ അവകാശം ഭരണഘടന ഉറപ്പുനല്‍കിയിരിക്കുന്നത്. ഇതു കേവലം വിദ്യാഭ്യാസ അവകാശം മാത്രമാണ്. സ്വന്തമായി സ്ഥാപിച്ചു നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഈ അവകാശം. അവര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും അല്ലെങ്കില്‍ മതവും സംസ്‌കാരവും സംരക്ഷിച്ചു നിലനില്‍ക്കാനുള്ള അവകാശമാണ് ന്യൂനപക്ഷാവകാശം. അങ്ങനെ നിലനിന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബഹുസ്വരത നിലനില്‍ക്കില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഈ നിലപാട് ഉരുത്തിരിഞ്ഞത്. ഈ ഒരു ഭരണഘടനാധിഷ്ഠിതമായ അവകാശത്തില്‍ ഉറച്ചുനിന്നാണ് ഭാഷാ-മതന്യൂനപക്ഷങ്ങള്‍ വിദ്യാലയങ്ങള്‍ നടത്തുന്നത്.
 
ഭാഷകളും മതങ്ങളും സംരക്ഷിക്കപ്പെടണം
 
കേരളത്തിലെ ഭാഷാന്യൂനപക്ഷമായ തമിഴര്‍ അവര്‍ക്കുവേണ്ടി സ്ഥാപിച്ചു നടത്തുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ തമിഴ് ഭാഷയും സംസ്‌കാരവും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും തന്നെ വേണം. കഴിയുന്നത്ര തമിഴ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും തമിഴരായ അധ്യാപകരെ നിയമിക്കാനും കഴിയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ തമിഴ്‌സ്വത്വം സംരക്ഷിക്കപ്പെടുകയുള്ളു. അങ്ങനെയേ ബഹുസ്വരത നിലനില്‍ക്കുകയുള്ളു. അതുപോലെതന്നെ മതന്യൂനപക്ഷങ്ങള്‍ക്കു തങ്ങള്‍ക്കായി സ്ഥാപിച്ചു നടത്തുന്ന വിദ്യാലയങ്ങളില്‍ തങ്ങളുടെ വിദ്യാര്‍ഥികളെ തങ്ങളുടെ മതവിശ്വാസം പഠിപ്പിക്കാനും തങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ വളര്‍ത്താനും കഴിയണം. അതു നിഷേധിക്കുന്നതു തീര്‍ച്ചയായും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്.
 
 
മൈനോറിറ്റി സ്റ്റേറ്റ്‌സ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി സര്‍ക്കാരിനെയോ അതിനുവേണ്ടിയുള്ള സംവിധാനങ്ങളെയോ സമീപിക്കുന്‌പോള്‍ അവിടെ തെളിയിക്കേണ്ടത് ഈ വിദ്യാഭ്യാസസ്ഥാപനം പ്രഥമമായി മതന്യൂനപക്ഷങ്ങള്‍ തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്നതാണ് എന്നതത്രേ. അവിടെ നടത്തുന്ന മതപഠനവും ഒപ്പം അതിനാവശ്യമായ സംവിധാനങ്ങളും പ്രാര്‍ഥനാലയങ്ങളും മറ്റും അതിന് ഉപോല്‍ ബലകമായി ചൂണ്ടിക്കാണിക്കും. അതിനു നിയന്ത്രണം കൊണ്ടുവരുന്നത് ചെന്നെത്തിക്കുന്നത് സ്ഥാപനങ്ങളുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ തകര്‍ക്കുന്നതിലാണ്.
 
ഭാഷാ മതന്യൂനപക്ഷങ്ങള്‍ ഇതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയില്ലെങ്കില്‍ അവ ക്ഷയോന്മുഖമാകും എന്നതാണു വാസ്തവം. ഭൂരിപക്ഷ മതങ്ങള്‍ക്കു സ്ഥലത്തെ സാമൂഹ്യ- സാംസ്‌കാരിക മത അന്തരീക്ഷത്തില്‍ നിന്ന് അത് ലഭിക്കുന്‌പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ഇതു പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയേ കഴിയൂ എന്നു സുപ്രീംകോടതിയുടെ അനവധി വിധിതീര്‍പ്പുകളുണ്ട് എന്നതും ശ്രദ്ധേയമാണ്.
 
വിശ്വാസപരിശീലനം അപകടകരമോ
 
ക്രമസമാധാന പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന വിദ്യാലയ പരിശീലനത്തില്‍ സര്‍ക്കാര്‍ ഇടപെടുകതന്നെ വേണം. എന്നാല്‍, അതിനെ അടിസ്ഥാനമാക്കി വിദ്യാലയങ്ങളിലെ വിശ്വാസ പരിശീലനം അപകടകരമാണെന്ന കാഴ്ചപ്പാടും ഒപ്പം അതു സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നുള്ള നിര്‍ദേശവും മതവിരുദ്ധതയുടെ നിലപാടാകും. ഇന്ത്യയുടെ നിയമ വ്യവസ്ഥ അടിസ്ഥാനപരമായി ഇങ്ങനെയൊരു നിലപാടിന് അനുകൂലമല്ലതാനും.
 
എല്ലാ മതങ്ങളെക്കുറിച്ചും അടിസ്ഥാന കാര്യങ്ങളില്‍ അറിവുണ്ടായിരിക്കണം. എന്നാല്‍, സ്വന്തം മതവിശ്വാസത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും കൃത്യമായ അറിവ് ആ വിശ്വാസിക്കുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് മതബോധനം നടത്തുന്നത്. മാതാപിതാക്കള്‍ അങ്ങനെയൊരു വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കാനാണ് ആ രീതിയില്‍ത്തന്നെയുള്ള വിദ്യാലയങ്ങളില്‍ തങ്ങളുടെ കുട്ടികളെ അയയ്ക്കുന്നത്. അല്ലെങ്കില്‍ അവര്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തില്‍ അയച്ചേനെ.
 
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്കാലവും തങ്ങളുടെ വിദ്യാര്‍ഥികള്‍ക്കു വിശ്വാസപരിശീലനം കൊടുക്കുന്നതോടൊപ്പം ഇതര മതസ്ഥരായവരെ അടിസ്ഥാന ധാര്‍മികമൂല്യങ്ങള്‍ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ബോംബെ സെന്റ് സേവ്യേഴ്‌സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിസംഗമത്തില്‍ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം എന്നെ മതം മാറ്റുകയല്ല എന്നെ രൂപാന്തരപ്പെടുത്തുകയാണ് ചെയ്തതെന്നു പ്രസംഗിച്ചത്.
 
ഇന്ത്യന്‍ സെക്കുലറിസത്തിന്റെയും ഭാഷാമതന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശത്തിന്റെയും പശ്ചാത്തലത്തില്‍ വേണം ന്യൂനപക്ഷ വിദ്യാലയങ്ങളില്‍ മതപഠനത്തിന് സര്‍ക്കാരിന്റെ അനുവാദം വേണമെന്ന നിര്‍ദേശത്തെ വിലയിരുത്താന്‍. പാശ്ചാത്യസെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ള നിലപാടല്ല നമ്മള്‍ക്കുണ്ടാകേണ്ടത്. ഇന്ത്യന്‍ സെക്കുലറിസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
 
ഭാഷാ- മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള നിലപാടുകളെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസിക്കുന്നവര്‍ തള്ളിക്കളയേണ്ടതാണ്. ഒറ്റപ്പെട്ട സ്ഥാപനങ്ങളിലെ നിലപാടുകളെ അടിസ്ഥാനമാക്കി ഇന്ത്യന്‍ സെക്കുലറിസത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും തള്ളിക്കളയുന്നത് അപകടകരം തന്നെയാണ്. അത് ഒരു ജനാധിപത്യ വിശ്വാസിക്കും അംഗീകരിക്കാനാവില്ല.
 
ആര്‍ച്ചുബിഷപ് ജോസഫ് പവ്വത്തില്‍

Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church