‘ലൗ ജി​ഹാ​ദും’ കൊ​ണ്ടാ​ട്ട​ങ്ങ​ളും::Syro Malabar News Updates ‘ലൗ ജി​ഹാ​ദും’ കൊ​ണ്ടാ​ട്ട​ങ്ങ​ളും
09-February,2020

'കണ്ട നീ അവിടിരി, കേട്ട ഞാന്‍ പറയാം' എന്ന മട്ടിലായിട്ടുണ്ട് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും. നിര്‍ബന്ധിത മതപരിവര്‍ത്തനം ലക്ഷ്യമിട്ട് കത്തോലിക്ക പെണ്‍കുട്ടികളെ പ്രണയം നടിച്ചും ചതിച്ചും വിവാഹംചെയ്തു കൊണ്ടുപോകുന്ന പ്രണയക്കെണികള്‍ കേരളത്തില്‍ ശക്തമാകുന്നതായി സീറോ മലബാര്‍ സഭയുടെ സിനഡിലെത്തിയ മെത്രാന്മാര്‍ ഓരോ രൂപതയിലെയും അനുഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടു സമൂഹത്തോടു പറഞ്ഞതു 'മതേതരത്തിന്റെ' മൊത്തക്കച്ചവടം നടത്തുന്നവരില്‍ പലര്‍ക്കും പിടിച്ചില്ല. അങ്ങനെ ഒന്നില്ല എന്ന വരുത്തിത്തീര്‍ക്കാന്‍ വല്ലാത്ത ശ്രമത്തിലാണവര്‍. 'ലൗ ജിഹാദ്' എന്നൊരു പദപ്രയോഗം സിനഡ് പിതാക്കന്മാര്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
 
കത്തോലിക്കാ സമൂഹത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചെങ്കിലും പഴയ മതത്തില്‍ തന്നെ എന്നു വ്യക്തമാക്കുന്ന വിധം സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകയ്ക്കു പറയാതെ വയ്യാത്തവിധം തിക്കുമുട്ടലുണ്ടാക്കി സിനഡിന്റെ ഈ നിലപാട്. അവര്‍ പറയാതെ വയ്യാത്തതെല്ലാം വിളിച്ചുപറഞ്ഞപ്പോള്‍ കേരളത്തിലെ രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം വല്ലാതെ വഷളാക്കുന്ന വിധമായി ആ ജല്പനങ്ങള്‍. ക്രൈസ്തവസമൂഹം ഇസ്ലാം സമൂഹത്തെ ഒറ്റു കൊടുക്കുന്നു എന്ന മട്ടില്‍ പറഞ്ഞുവച്ചു ആ വിപ്ലവകാരി.
 
ആര്‍ക്കും കൊട്ടാവുന്ന ചെണ്ടപോലായിട്ടുണ്ട് ക്രൈസ്തവ സമുദായം എന്ന് അവര്‍ക്കറിയാം. പറയാതെ വയ്യാതെ വല്ലാതെ വളര്‍ന്ന കാലത്ത് സ്ഥിരം ആക്രമിക്കപ്പെട്ടിരുന്ന ഒരു കൂട്ടര്‍ ഒരു ഒളികാമറ കളിയൊക്കെ നടത്തി ഒന്നു പേടിപ്പിച്ചത് നാട്ടുകാര്‍ അറിഞ്ഞു. പോലീസ് കേസൊക്കെ കൊടുത്തു. കുറെക്കാലത്തേക്ക് അനക്കമൊന്നും കേട്ടില്ല. ഇപ്പോള്‍ ക്രൈസ്തവരോടായി കലിപ്പ്. അവരാകുന്‌പോള്‍ ഒളികാമറയുമായി നടക്കില്ല. ചാനല്‍ അടിച്ചു തകര്‍ക്കില്ല. അതുകൊണ്ട് സിനിമാക്കാര്‍ക്കായാലും ചാനലുകാര്‍ക്കായാലും കൊട്ടി രസിക്കാന്‍ നല്ല മിടുക്കാണ്.
 
അടുത്തകാലത്തും ഇറങ്ങി ഒരു സിനിമ. കേരളത്തിലെ വേറെതെങ്കിലും ഒരു സമുദായത്തെ പരിഹസിച്ചുകൊണ്ട് ഇത്തരത്തില്‍ ഒരു സിനിമ എടുക്കാന്‍ ധൈര്യമുണ്ടോ ഏതെങ്കിലും സിനിമാക്കാരന് ശരിക്കും ചെകുത്താനും കടലിനും നടുവിലായ അവസ്ഥ!
 
ബെന്നിയുടെ വിപ്ലവം
 
തെരഞ്ഞെടുപ്പു കാലത്ത് അരമനകള്‍ കയറിയിറിങ്ങി, ജാതി പറയാതെപറഞ്ഞ് വോട്ടു നേടി സ്വന്തം വിജയം ഉറപ്പാക്കി ചാലക്കുടിയില്‍ നിന്നു ലോക്‌സഭയിലെത്തിയ കോണ്‍ഗ്രസുകാരന്‍ ബെന്നി ബഹനാന് ഒരു തിക്കുമുട്ടല്‍. അദ്ദേഹവും കൊടുത്തു സിനഡ് പ്രഖ്യാപനത്തിനിട്ട് ഒരു കൊട്ട്. അദ്ദേഹം ജനാധിപത്യ മുന്നണിയുടെ അമരക്കാരനുമാണ്. ഉടന്‍ വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കേണ്ടയാള്‍. സിനഡ് പറഞ്ഞ ഈ ലൗ ജിഹാദ് ഉളളതാണോ എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം ലോക്‌സഭയില്‍ ചോദ്യം ചോദിച്ചു. ഇങ്ങനെ ഉണ്ടോ കേന്ദ്രമന്ത്രിക്ക് ലൗ ജിഹാദ് എന്താന്നുപോലും അറിയില്ല. രണ്ടു മിശ്രവിവാഹങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്നു മാത്രം അദ്ദേഹം പറഞ്ഞു.
 
കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന പ്രഖ്യാപനവുമായി ബെന്നി സോഷ്യല്‍ മീഡിയയില്‍ വന്നു. മാധ്യമതാരം പറഞ്ഞതുപോലെ അദ്ദേഹത്തിനും പറയാതെവയ്യെന്നായി. പണ്ടൊക്കെ മതേതരത്വം സംരക്ഷിക്കാന്‍ എന്ന ന്യായം പറഞ്ഞ് പലതും പറയണ്ട എന്നു കരുതിയിട്ടുള്ള സഭാനേതൃത്വം പക്ഷേ ഇക്കുറി നിലപാടില്‍ ഉറച്ചുനിന്നു. സിനഡ് ഒന്നും അറിയാതെ ഇറക്കിയ പ്രസ്താവന അല്ലെന്നും വിവിധ രൂപതകളില്‍ നിന്നു കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് നടത്തിയ പ്രസ്താവനയാണ് എന്നും തീര്‍ത്തുപറഞ്ഞു.
 
പ്രണയവിവാഹം കഴിച്ച് നാട്ടില്‍ സ്വസ്ഥമായി ജീവിക്കുന്നവരെക്കുറിച്ചല്ല ലൗ ജിഹാദില്‍ പെട്ടവര്‍ എന്നു പറയുന്നത്. വിവാഹം കഴിച്ച് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) എന്ന ഭീകരസംഘടനയിലേക്കു പോകുന്നവരെക്കുറിച്ചാണു പറയുന്നത്. ഇപ്പോള്‍ സിറിയയിലെ ജയിലില്‍ കിടക്കുന്നവരുണ്ട്. ഇത്തരം കുട്ടികളെക്കുറിച്ചാണു പറയുന്നത്. പ്രണയവിവാഹം കഴിഞ്ഞ് അധികം വൈകുന്നതിനു മുന്പ് ആത്മഹത്യ ചെയ്യേണ്ടി വന്ന കുട്ടികളെക്കുറിച്ചാണ് പറയുന്നത്. കേരളസഭയുടെ ജാഗ്രത കമ്മീഷന്‍ 2009 മുതല്‍ ചൂണ്ടിക്കാണിക്കുന്നതാണ് ഈ സത്യം. അതിന്റെ അമരക്കാരനായിരുന്ന വൈദികന്‍ ഒരു ചാനലിനു കൊടുത്ത അഭിമുഖത്തില്‍ ഇങ്ങനെ വിവാഹം കഴിച്ചശേഷം ആത്മഹത്യ നടത്തിയ എട്ടു സ്ത്രീകളുടെ ശരീരത്തിന്റെ ചില ഭാഗത്തു മതചിഹ്നം മുദ്രകുത്തിയിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടതിനെക്കുറിച്ച് പറഞ്ഞു.
 
അത്തരക്കാര്‍ ഇല്ലെന്നു പറയുന്നവര്‍ക്ക് സിറിയയില്‍ ഉണ്ടെന്നു മാധ്യമങ്ങളില്‍ വന്ന സോണിയ എറണാകുളത്തു പഠിച്ചിരുന്നവളാണ് എന്ന് അറിയില്ലെന്നുണ്ടോ അടുത്തകാലത്ത് കൊല്ലപ്പെട്ട ഈവ ആന്റണിയെ അറിയില്ലെന്നുണ്ടോ
 
ലൗ ജിഹാദ്
 
കുടുംബങ്ങള്‍ കൂടിയാലോചിച്ചു നിശ്ചയിക്കുന്ന വിവാഹങ്ങളാണ് കൂടുതല്‍ ദൃഢവും ശക്തവും എന്നു വിശ്വസിക്കുന്നവര്‍ പ്രണയവിവാഹത്തെ അനുകൂലിക്കുന്നില്ല. പ്രണയിച്ചു വിവാഹം കഴിക്കണം എന്നു പറയുന്നവര്‍ക്കുള്ള അവകാശം പ്രണയിച്ചുള്ള വിവാഹം ശരിയല്ല എന്നു പറയുന്നവര്‍ക്കും അനുവദിക്കുന്നതല്ലേ അഭിപ്രായസ്വാതന്ത്ര്യം പ്രണയവിവാഹം രണ്ടു മതത്തില്‍ പെട്ടവര്‍ തമ്മിലാകുന്‌പോള്‍ പ്രണയവിവാഹത്തെ എതിര്‍ക്കുന്നവര്‍ മാത്രമല്ല സമുദായത്തെ സ്‌നേഹിക്കുന്നവരും അതിനെതിരെ പ്രതികരിക്കും. അത് അവരുടെ അഭിപ്രായസ്വാതന്ത്ര്യം. ഓരോ സമുദായവും നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടവര്‍ സമുദായം ഉപേക്ഷിച്ച് പോകുന്‌പോള്‍ ആകുലരാകുന്നില്ലെങ്കില്‍ അവര്‍ക്ക് സമുദായസ്‌നേഹം ഉണ്ടെന്നു പറയാനാകുമോ
 
ഇതെല്ലാം ഉണ്ടെങ്കിലും പ്രണയപ്പനി പിടിച്ചവര്‍ ജാതിയും മതവും ഒന്നു പ്രശ്‌നമല്ല എന്നു പറഞ്ഞ് വിവാഹം കഴിക്കുകയോ കഴിക്കാതെ ഒത്തുവസിക്കുകയോ, അങ്ങനെ ഒത്തുവസിക്കുന്ന കാലത്ത് പഴയ കാമുകനെയും കാമുകിയെയും ഒക്കെ തേടിപ്പോകുകയോ ചെയ്യുന്ന സംഭവങ്ങള്‍ മാധ്യമങ്ങളില്‍ കാണാറുണ്ട്. ഞങ്ങള്‍ ചെയ്തതല്ല, അതെക്കുറിച്ചു നിങ്ങള്‍ പറയുന്നതാണ് തെറ്റ് എന്ന മട്ടില്‍ അവരെ കുറ്റപ്പെടുത്തുന്നതും അഭിപ്രായസ്വാതന്ത്ര്യം തന്നെ. പക്ഷേ അത് ഒരു സമുദായം വേറൊരു സമുദായത്തെ ഒറ്റുകൊടുക്കുന്നതാകുന്നത് എങ്ങനെ ഭര്‍ത്താവിനോടു ഭാര്യയോ, ഭാര്യയോടു ഭര്‍ത്താവോ ഒക്കെ അവിശ്വസ്തത പുലര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരുന്ന കാലമായിട്ടുണ്ട്.
 
ന്യൂനപക്ഷം
 
ക്രൈസ്തവ സമുദായത്തെ മാത്രം വളഞ്ഞിട്ട് അടിക്കുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു സാമുദായിക സാഹചര്യം രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും എല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്നു. സിനഡ് പറഞ്ഞ കാര്യം ശരിയല്ലെന്ന് വരുത്താന്‍ അവര്‍ നടത്തുന്ന ശ്രമം എത്രയോ വലുതാണ്. മുസ്ലിം തീവ്രവാദികളെ മാത്രമല്ല ആ സമുദായത്തെ ആകെ ഭയമാണ് എന്നു വരുത്തുകയാണ്. അവരുടെ പ്രവര്‍ത്തനങ്ങള വിമര്‍ശിക്കാന്‍ പോലും ഭയം. എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദേശപണം കൊണ്ട് സന്പന്നരായി ധിക്കാരം കാണിക്കുന്ന ന്യൂനപക്ഷത്തെക്കുറിച്ചു പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ച ന്യൂനപക്ഷം ഏതെന്നു വ്യക്തമാക്കുവാന്‍ ധൈര്യം ഉണ്ടായിരുന്നില്ല.
 
പ്രത്യേക മലബാര്‍ സംസ്ഥാനം വേണമെന്ന മുറവിളി ആരംഭിച്ചു കഴിഞ്ഞു. കൃത്യസമയത്താണ് യൂത്ത് ലീഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങള്‍ മൂലം ആരെങ്കിലും മറ്റു മുസ്ലിം സംഘടനകളില്‍ ചേക്കേറിയെങ്കില്‍ തിരിച്ചുപിടിക്കാം എന്നാവും മോഹം. ദേശീയ തലത്തില്‍പോലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന വാദമാണത്. വിഘടന വാദത്തിന്റെ ആദ്യ വെടിയായി ബിജെപിക്ക് ഇതു കൊണ്ടാടാനാകും. എല്ലാവരും ചേര്‍ന്ന് ബിജെപിക്കു ശരിക്കും മേയാനുള്ള സമയം ഉണ്ടാക്കുകയാണ്.
 
കോണ്‍ഗ്രസല്ല ബിജെപി എന്ന് എല്ലാവരും മനസിലാക്കുന്നതിനു മാത്രമുള്ള അടയാളങ്ങളായി. കോഴിക്കോട്ടെ വിമാനത്താവളത്തിനു മുകളില്‍ പച്ചക്കൊടി കെട്ടിയത് എല്ലാവരും കണ്ടതാണ്. കാവിക്കൊടി അരുതെന്നു പറയുന്നവര്‍ എന്തേ പച്ചക്കൊടി മാത്രം വികാരത്തള്ളലില്‍ ഉണ്ടായതായി കാണുന്നു എന്ന ചോദ്യം സുബുദ്ധികളില്‍ ഉയരുന്നുണ്ട്.
 
പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങളില്‍ ഉയരുന്ന മുദ്രാവാക്യങ്ങളില്‍ പലതും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. തക്ബീര്‍ വിളികള്‍ ഉയര്‍ത്തുന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നു ശശി തരൂരിന് പറയേണ്ടി വന്നു. അതോടെ കുറെക്കാലത്തേക്ക് അദ്ദേഹത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ എന്തായിരുന്നു കലാപം! കേരളത്തില്‍ ഇടതു- വലതു മുന്നണികള്‍ വോട്ട് രാഷ്ട്രീയം മാത്രം കളിക്കുന്നു. മാവോയിസ്റ്റുകള്‍ എന്നു പറഞ്ഞ് എന്‍ഐഎ പിടികൂടിയ രണ്ടു യുവാക്കള്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരായതുകൊണ്ടല്ലേ മുഖ്യമന്ത്രി പോലും നിലപാട് മാറ്റുന്നത് എന്നു കരുതുന്നതു വെറുതെയാണോ മറ്റു സമുദായത്തില്‍ പെട്ടവരായിരുന്നു ആ യുവാക്കള്‍ എങ്കില്‍ ഈ വികാരം ആര്‍ക്കും ഉണ്ടാവില്ലായിരുന്നു എന്നു കരുതുന്നവര്‍ ധാരാളമാവുകയാണ്.
 
മതേതരത്വത്തിന്റെ രക്തസാക്ഷി
 
തൊടുപുഴയിലെ ജോസഫ്‌സാറിനെ വെട്ടി കഷണങ്ങളാക്കിയതിന്റെ കഥ ഇന്നു കേരളം വായിക്കുന്നു. അദ്ദേഹത്തിനു പി.ടി കുഞ്ഞു മുഹമ്മദിന്റെ കഥയിലെ മുഹമ്മദിനെ കഥാപാത്രമാക്കി ചോദ്യം തയാറാക്കാന്‍ ധൈര്യം കൊടുത്ത സംഘടനയും ഇടതു സര്‍ക്കാറും ഒന്നിച്ചു കൈവിട്ടു. അവസാനം അദ്ദേഹം അനുഭവിച്ച ദുരന്തങ്ങള്‍ക്കെല്ലാം ഉത്തരവാദിത്വം ക്രൈസ്തവ സഭയ്ക്കായി. ആ പൈശാചിക കൃത്യത്തെ അപലപിക്കാന്‍ പോലും ആരും ഉണ്ടായില്ല.
 
പശുവിറച്ചി എന്ന് ആരോപിച്ചു വടക്കേ ഇന്ത്യയില്‍ ജനക്കൂട്ട കൊല നടക്കുന്നു എന്നും മറ്റും സങ്കടം പറയുന്നവര്‍ കോട്ടയം ജില്ലയിലെ ഒരു ക്രൈസ്തവ വിദ്യാലയത്തില്‍ പന്നിയിറച്ചി കൊടുത്തു എന്ന് പറഞ്ഞ് ഉണ്ടാക്കിയ കലാപം എന്തായിരുന്നു ഏതിറച്ചി ഭക്ഷിക്കണം എന്നു നിശ്ചയിക്കേണ്ടത് മറ്റുള്ളവരാണോ മതപരമായ വിലക്കുകള്‍ ആവാം. ഒരു കൂട്ടര്‍ക്ക് വിലക്കപ്പെട്ട ഭക്ഷണം ഉണ്ടാക്കാന്‍ പോലും ആരെയും സമ്മതിക്കില്ലെന്നു ചിലര്‍ പിടിക്കുന്ന ന്യായത്തിന് എന്തേ എല്ലാവരും കൂട്ടുനില്‍ക്കുന്നു അവര്‍ വടക്കേ ഇന്ത്യയിലെ ഇറച്ചി സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നു. അപ്പോള്‍ ന്യായം എല്ലാം ഒരു പക്ഷത്താണ്. മാധ്യമങ്ങള്‍ക്കും അതെ, മതേതര നേതാക്കള്‍ക്കും അതെ.
 
വര്‍ഷങ്ങള്‍ക്കു മുന്പ് കേരളത്തിലെ ഒരു പ്രശസ്ത പത്രത്തിന്റെ കണ്ണൂര്‍ ഓഫീസ് തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ എന്‍ഡിഎഫുകാര്‍ അടിച്ചുതകര്‍ത്തു. ആരും പ്രതിഷേധിച്ചു പോലും ഇല്ല. ഇതെല്ലാം കേട്ടു ഭയന്നും അല്ലാതെയും എന്തിന് വെറുതെ റിസ്‌ക്കെടുക്കുന്നു എന്നു കരുതിയും പലരും നാവടയ്ക്കുകയോ മാപ്പുപറയുകയോ ഒക്കെ ചെയ്യും. കേരളത്തിലെ ഒരു ചാനലില്‍ നടക്കുന്ന തത്സമയ പരിപാടിയില്‍ പങ്കെടുത്ത ഒരു റേഡിയോ ജോക്കി തനിക്കുണ്ടായ ഒരു ദുരന്തം വിവരിച്ചു.
 
ഒരു ഗാനത്തെക്കുറിച്ച് അദ്ദേഹം ഒരു പരിഹാസം എഴുതി. അത് ഒരു സമുദായത്തിന്റെ ഗാനമായിരുന്നു എന്ന് അറിയാതെയാണ് ചെയ്തത്. അല്ലാതെ കുന്പസാരവും കുര്‍ബാനയും ക്രൈസ്തവരുടെ പുണ്യകര്‍മങ്ങളാണെന്ന് അറിഞ്ഞു കൊണ്ടും അവയെ പരിഹസിക്കുന്നവരെപ്പോലെ അല്ല. അദ്ദേഹത്തിന്റെ പ്രതികരണത്തോട് സോഷ്യല്‍ മീഡിയയില്‍ ഭീഷണികള്‍ ഉയര്‍ന്നു. ആറു ലക്ഷം പേര്‍ പ്രതികരിച്ചു ഭയപ്പെടുത്തി. നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും എല്ലാം ഭീഷണികള്‍ ഉയര്‍ത്തുന്നവരുണ്ട്. എല്ലാം സര്‍ക്കാരിനും അറിയാം. അവര്‍ക്കെതിരെ നടപടി എടുത്താല്‍ മതേതരത്വം തകരും പോലും.
 
ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ 80 ശതമാനവും മുസ്ലിംകള്‍ക്കു നല്കണം എന്ന് കേരളത്തില്‍ വ്യവസ്ഥയാണ്. എല്ലാവരും ചേര്‍ന്ന് അമിത് ഷാ പറയുന്നതും ചെയ്യുന്നതും ആരും ചെയ്തു പോകും എന്ന് ആ സമുദായത്തിലെ നിശബ്ദമായ ഒരു വലിയ വിഭാഗത്തെക്കുറിച്ച് ചിന്തിപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ്.
 
പുത്തന്‍പുര അച്ചനും ബനഡിക്ട് പാപ്പായും
 
ജോസഫ് പുത്തന്‍പുര എന്ന കപ്പൂച്ചിന്‍ വൈദികന്‍ ഒരു ധ്യാനത്തിനിടയില്‍ പൗരത്വ നിയമത്തെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചും എല്ലാം വിശ്വാസികളോട് പറഞ്ഞു. ടിപ്പുവിന്റെ പടയോട്ട കാലത്തെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തെക്കുറിച്ചും അക്കാലത്തെ വിശ്വാസി സമൂഹം അതിനെ പ്രാര്‍ഥന കൊണ്ടു നേരിട്ടതിനെ ക്കുറിച്ചും എല്ലാം പറഞ്ഞു. ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ടിപ്പുവിനെ പേടിച്ചു ക്രൈസ്തവ സ്ത്രീകള്‍ ആരംഭിച്ച ഭക്തിയാണ് എട്ടു നോന്പ് എന്ന് വിശ്വാസികള്‍ക്കറിയാം. അച്ചന്റെ വാക്കുകള്‍ കേട്ട മത തീവ്രവാദികളും മതേതര തീവ്രവാദികളും ചാനല്‍ തീവ്രവാദികളും എല്ലാം കൂട്ടത്തോടെ ഇളകി.
 
2006 സെപ്റ്റംബര്‍ 11ന് റേഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ ബൈസന്റൈന്‍ ചക്രവര്‍ത്തി മാനുവല്‍ രണ്ടാമന്‍ പലൈഓലഗോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചു. ആ ഉദ്ധരണി ഇസ്ലാം വിരുദ്ധമാണ് എന്ന് പറഞ്ഞ് ലോകത്തിലെ ഇസ്ലാം 'സമാധാന' വാദികളെല്ലാം ഇളകി. കത്തോലിക്കാ പള്ളികള്‍ തകര്‍ത്തു. വിശ്വാസികളെ ആക്രമിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന ആരും അദ്ദേഹം പറഞ്ഞതിലെ സത്യം അന്വേഷിച്ചില്ല. പകരം കലാപം അഴിച്ചുവിട്ടു.
 
അതിലും വലിയ പ്രതിഷേധമാണ് ജോസഫച്ചനെതിരെ ഉയര്‍ന്നത്. പറയാതെ വയ്യന്നുള്ളവരെല്ലാം നിറഞ്ഞാടി. തന്റെ വാക്കുകള്‍ ആരെ എങ്കിലും വേദനിപ്പിച്ചു എങ്കില്‍ അച്ചന്‍ അതിന് മാപ്പു ചോദിച്ചു. പറഞ്ഞതു തെറ്റ് എന്നല്ല വേദനിപ്പിച്ചതിനു മാപ്പ് എന്നായിരുന്നു വാദം. അതുകൊണ്ടു തീരുമോ കാര്യങ്ങള്‍ എന്ന് ചോദിച്ചുകൊണ്ട് ചിലര്‍ അച്ചനെ വിളിക്കുന്നതായുള്ള ഓഡിയോകള്‍ പുറത്തു പരക്കുന്നുണ്ട്. ഏതാണ് സത്യം, വ്യാജം എന്നൊന്നും ആര്‍ക്കും ഉറപ്പില്ല.
 
ഭീഷണികള്‍ സത്യമാണെങ്കില്‍ അത് ഉയര്‍ത്തിയവര്‍ക്കെതിരെ നടപടി എടുക്കണം. മതേതരത്വത്തില്‍ ആണയിടുന്നവര്‍ ചെയ്യേണ്ടത് അതല്ലേ. അദ്ദേഹം പറഞ്ഞതിനോട് വിയോജിപ്പുള്ളവര്‍ കാണാം. അവരും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കേണ്ടതില്ലേ ഇല്ലെങ്കില്‍ പിന്നെന്ത് പൗരത്വാവകാശം ഒരു ധ്യാന പ്രസംഗത്തില്‍ വിശ്വാസപരമായ കാര്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത നാടായി ഭാരതത്തെ മാറ്റുന്നത് ആരാണ് ആള്‍ക്കൂട്ട കൊലയ്ക്ക് മാതൃക കാട്ടുന്നത് ആരാണ് അങ്ങനെ ബിജെപി ചെയ്യുന്നതിനെല്ലാം ന്യായം ഉണ്ടാക്കിക്കുന്നതും ആരാണ്?

Source: Deepika

Attachments
Back to Top

Never miss an update from Syro-Malabar Church