ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാതിർത്തിക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ സന്യസ്ഥ വൈദികരുടെയും സമർപ്പിതരുടെയും ആദ്യ സമ്മേളനം ഇന്നലെ ലിവർപൂൾ ഒൗർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സന്യസ്ത ദിനം ആരംഭിച്ചത്.
വൃതത്രയങ്ങളിൽ സമർപ്പിതരായവരുടെ പ്രാർഥനകൾ ദൈവ സന്നിധിയിൽ വളരെ വേഗം കൃപ കണ്ടെത്തുകയും, ഫലപ്രാപ്തി നേടുകയും ചെയ്യുന്നു എന്നോർമ്മിപ്പിച്ച അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി പ്രാർഥിക്കുവാൻ എല്ലാ സന്യസ്തരെയും ആഹ്വാനം ചെയ്തു. ഉള്ളിലെ സമർപ്പണ മനോഭാവത്തെ കണ്ടെത്തി പരിപോഷിപ്പിക്കണമെന്നും , ഓരോ കാലഘട്ടത്തിലും സഭയുടെ നവോതഥാനങ്ങൾ എന്നും സമർപ്പിതരിലൂടെയാണ് നടത്തപ്പെടുന്നതെന്ന് ആശംസ പ്രസംഗത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട് ഓർമ്മപ്പെടുത്തി
.താനായിരിക്കുന്ന സന്യാസ സഭയോടുള്ള സ്നേഹം തിരുസഭയെ സ്നേഹിക്കുവാനും , ശുശ്രൂഷിക്കുവാനുമുള്ള ശക്തമായ അടിത്തറയാണെന്ന് സമ്മേളനത്തിന്റെ പ്രാധാന സംഘാടകനായിരുന്ന മോണ്‍. ജിനോ അരീക്കാട്ട് എംസിബിഎസ് അനുസ്മരിച്ചു.
രൂപതയുടെ വളർച്ചയിൽ സന്യസ്തരുടെ അകമഴിഞ്ഞ സംഭാവനകളെ രൂപതാ ചാൻസിലർ റവ. ഫാ. മാത്യു പിണക്കാട്ട് അഭിനന്ദിച്ചു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ തങ്ങളുടെ സഭയുടെ കാരിസം നവ സുവിശേഷവൽക്കരണത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള സാധ്യതകളെക്കുറിച്ചു സന്യസ്തർ സംവദിച്ചു. ഫാ. ജോസഫ് വെന്പാടുംതറ, സി. റോജിറ്റ് സിഎംസി എന്നിവരൈയിരുന്നു ഈ വർഷത്തെ സമ്മേളനത്തിന്റെ സംഘാടകർ. അടുത്ത വർഷത്തെ സമ്മേളനത്തിന്റെ സംഘാടകരായി റവ. ഫാ. സിറിയക് പാലക്കുടി, റവ. ഫാ. ബിനു കിഴക്കേ ഇളംതോട്ടം, സി. ലിറ്റി എസ്. എബിഎസ്, സി. കുസുമം എസ്.എച്ച് എന്നിവരെയും തെരഞ്ഞെടുത്തു.