ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന് സമിതി, കേരള കത്തോലിക്കാ മെത്രാന് സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ നവതി ആഘോഷം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി ഓഡിറ്റോറിയത്തില്‍. മത-സാമുദായിക-രാഷ്ട്രീയ-പൊതുപ്രവര്‍ത്തന രംഗത്തെ പ്രമുഖരും അതിരൂപതയിലെ മുഴുവന്‍ വൈദികരും ഇടവകകളിൽ നിന്നുള്ള പ്രതിനിധികളും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികളും സന്യസ്ത പ്രതിനിധികളും പങ്കെടുക്കും.
അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം സീറോമലബാര്‍ സഭാ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും.
മാര്‍ത്തോമാസഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, ബിഷപ്പുമാരായ മാര്‍ മാത്യു അറയ്ക്കല്‍, ഡോ. ജോസഫ് കരിയില്‍, മാര്‍ തോമസ് തറയില്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ., സി.എഫ് തോമസ് എം.എല്‍.എ, സിസ്റ്റര്‍ ഡോ. മേഴ്സി നെടുംപുറം, ഡോ. ഡൊമിനിക് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായുടെ നവതി ആശംസാ സന്ദേശം വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത്, വായിക്കും. മാര്‍ ജോസഫ് പെരുന്തോട്ടം അതിരൂപതയുടെ മംഗളപത്രം സമര്‍പ്പിക്കും. മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തായുടെ ജീവിതത്തെ അധികരിച്ച് ദൃശ്യശ്രാവ്യ ആവിഷ്കാരവും നൃത്തശില്പവും ആശംസാഗാനവും ക്രമീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരിജനറാളന്മാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോൺ. ഫിലിപ്സ് വടക്കേക്കളം, മോൺ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ. ഡോ. ഐസക്ക് ആലഞ്ചേരി, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, പി.ആര്.ഒ. അഡ്വ. ജോജി ചിറയില്‍ തുടങ്ങിയവർ പങ്കെടുത്തു.
നിർധനർക്ക് 90 ഭവനങ്ങൾ
ചങ്ങനാശേരി: ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ നവതി സ്മാരകമായി അതിരൂപതയിലെ 90 ഇടവകകളിൽ 90 നിർധന കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമിച്ച് നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ അറിയിച്ചു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ആറുനിലകളിലായി മാർ പവ്വത്തിൽ നവതി സ്മാരക ആധുനിക സൂപ്പർ സ്പെഷാലിറ്റി ഓപ്പറേഷൻ ബിൽഡിംഗ് നിർമാണം പൂർത്തിയായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിതവഴികൾ
1. ജനനം: 1930 ആഗസ്റ്റ് 14 ന് കുറുമ്പനാടം
2. വിദ്യാഭ്യാസം: ചങ്ങനാശേരി എസ്.ബി. കോളജ്, ചെന്നൈ ലയോള കോളജ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, യു.കെ.
3.പൗരോഹിത്യം: 1962 ഒക്ടോബര്‍ 3.
4. മെത്രാൻ പട്ടം: വിശുദ്ധ പോള്‍ ആറാമൻ മാർപാപ്പയിൽ നിന്ന് 1972 ഫെബ്രുവരി 13 ന്.
5. സഹായമെത്രാൻ: 1972-77 ചങ്ങനാശേരി അതിരൂപത
6. മെത്രാൻ: 1977-85 കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാൻ.
6. മെത്രാപ്പോലീത്ത: 1985-2007 വരെ ചങ്ങനാശേരി അതിരൂപത.
7. സിനഡ്: 1985-2007 വരെ റോമിലെ സിനഡുകളില്‍ മാര്‍പാപ്പയുടെ പ്രത്യേക ക്ഷണിതാവ്.
8. സഭൈക്യ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യം.
9. ഇന്റര്‍ ചർച്ച് കൗസില്‍ ഫോര്‍ എഡ്യുക്കേഷന്‍ സ്ഥാപക ചെയര്മാന്- 1990-2013
10. പ്രോ-ഓറിയന്തേ ഫൗണ്ടേഷന് മെമ്പര്‍.