കൊച്ചി: ചൈനയിലെ വ്യവസായ നഗരമായ വുഹാനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് എല്ലാവരും ജാഗ്രത പുലർത്തണമെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി.
കൊറോണ ബാധമൂലം ദുരിതമനുഭവിക്കുന്നവരെ അനുസ്മരിച്ച് ഫെബ്രുവരി ഒമ്പത് ഞായറാഴ്ച കേരള കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളിലുള്ള ഇടവക ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലായിടങ്ങളിലും പ്രാർഥന നടത്തണമെന്നു കെസിബിസിക്കുവേണ്ടി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
സംസ്ഥാന ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവർത്തിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ചുവരുന്നത് ആശ്വാസകരമാണ്. ആരോഗ്യരംഗത്ത് ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ നല്കുന്ന മഹത്തായ സേവനത്തെ കൃതജ്ഞതാപൂർവം സ്മരിക്കാം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത കെസിബിസി ഹെൽത്ത് കമ്മീഷൻ നേരത്തേ തന്നെ ഓർമിപ്പിച്ചിരുന്നതായി കെസിബിസി ചൂണ്ടിക്കാട്ടി.