വത്തിക്കാൻ സിറ്റി: ലോകജനതയെ മുൾമുനയിൽ നിറുത്തുന്ന കൊറോണ വൈറസിനെ ചെറുക്കാൻ ചൈനയ്ക്ക് ആറ് ലക്ഷം സുരക്ഷാ മാസ്‌കുകൾ സംഭാവനചെയ്ത് വത്തിക്കാൻ.ഇറ്റലിയിലെ വത്തിക്കാൻ ഫാർമസിയും ചൈനീസ് ക്രിസ്ത്യൻ കമ്മ്യൂണിറ്റികളും സംയുക്തമായാണ് മാസ്‌ക്ക് ശേഖരണം നടത്തിയത്. ചൈന ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മാസ്‌ക്കുകളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് വത്തിക്കാന്റെ ഈ നടപടി.
പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാൻ, സെജിയാങ്, ഫുജിയാൻ എന്നിവിടങ്ങളിലേക്ക് വത്തിക്കാനിൽനിന്നുള്ള മാസ്‌ക്കുകൾ ചൈന സതേൺ എയർലൈൻസ് സൗജന്യമായി എത്തിച്ചു നൽകും. പാപ്പയുടെ ജീവകാരുണ്യ സംരംഭങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കർദിനാൾ കൊൺറാഡ് ക്രജെവ്‌സ്‌കി, വത്തിക്കാൻ ഫാർമസി ഡയറക്ടറും മലയാളിയുമായ ഫാ. തോമസ് ബിനീഷ്, പൊന്തിഫിക്കൽ ഉർബേനിയൻ കോളേജ് വൈസ് റെക്ടർ ഫാ. വിൻസെൻസോ ഹാൻഡുവോ എന്നിവരാണ് പദ്ധതിക്കു ചുക്കാൻ പിടിച്ചത്.